കൊച്ചി > പട്ടാളത്തിലും പൊലീസിലുമുള്ളതുപോലെ അഗ്നിരക്ഷാസേനയിലും കമാൻഡോകൾ വരുന്നു. ദുർഘട സാഹചര്യങ്ങളിൽ തീയണയ‌്ക്കാനും രക്ഷകരാകാനുമാണ‌് സംസ്ഥാന അഗ്നിരക്ഷാസേനയിൽ സ‌്പെഷ്യൽ ടാസ‌്ക‌് ഫോഴ‌്സ‌്(എസ‌്ടിഎഫ‌്) എന്ന പേരിൽ കമാൻഡോകളെത്തുന്നത‌്. രാജ്യത്ത‌് ആദ്യമായാണ‌് സ‌്പെഷ്യൽ ടാസ‌്ക‌് ഫോഴ‌്സിനെ അഗ്നിരക്ഷാസേനയുടെ ഭാഗമാക്കുന്നത‌്.
എൽഡിഎഫ‌് സർക്കാരിന്റെ നേതൃത്വത്തിൽ സേനയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം 100 കമാൻഡോകൾക്ക‌് പരിശീലനം നൽകും. നിലവിൽ സേനയിലുള്ളവരിൽനിന്ന‌് ഒരു ജില്ലയിൽനിന്ന‌് അഞ്ചുവീതം പേരെയാണ‌് തെരഞ്ഞെടുക്കുക. രാജ്യത്തെ വിദഗ‌്ധർക്കൊപ്പം അഗ്നിരക്ഷാപ്രവർത്തനങ്ങളിൽ പ്രാവീണ്യം നേടിയ വിദേശ രാജ്യങ്ങളിലുള്ളവരുടെയും നേതൃത്വത്തിലായിരിക്കും പരിശീലനം. ആധുനിക അഗ്നിരക്ഷാ ഉപകരണങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും പരിശീലനം നൽകും. ആദ്യഘട്ടം പരിശീലനം ലഭിച്ചവരെ വിവിധ ഡിവിഷനുകളിലേക്ക‌് വിന്യസിച്ച‌് ഇവരുടെ നേതൃത്വത്തിൽ മറ്റുള്ളവർക്ക‌് പരിശീലനം നൽകും. ടാസ‌്ക‌് ഫോഴ‌്സിനുള്ള ശുപാർശ അഗ്നിശമനസേന സർക്കാരിന‌് നൽകിയിട്ടുണ്ട‌്.
തീപിടിത്തകേസുകളും അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ‌് കമാൻഡോ വിഭാഗം രൂപീകരിക്കാൻ സേന തീരുമാനിച്ചത‌്. വലിയ തീപിടിത്തങ്ങളിലും അപകടങ്ങളിലും സാഹസികത ആവശ്യമാണ‌്. ഇതിന‌് പരിശീലനവും ഉപകരണങ്ങളും വേണം. പരിശീലനപരിപാടിയുടെ കരിക്കുലം തയ്യാറാക്കാൻ ഫയർഫോഴ‌്സ‌് അക്കാദമി റീജണൽ ഫയർ ഓഫീസർമാരെ ചുമതലപ്പെടുത്തി.കമാൻഡോകളുടെ പരിശീലനം ഉടൻ ആരംഭിക്കുമെന്ന‌് അഗ്നിരക്ഷാസേന ഡിജിപി എ ഹേമചന്ദ്രൻ പറഞ്ഞു. കമാൻഡോകളുടെ സേവനം മറ്റ‌് സംസ്ഥാനങ്ങൾക്കും ലഭ്യമാക്കും. വിവിധ ജില്ലകളിൽ കൂടുതൽ സ‌്റ്റേഷനുകൾ ആവശ്യമായിട്ടുണ്ട‌്. സേനാംഗങ്ങളുടെ കുറവ‌് പരിഹരിക്കാനും നടപടിയെടുക്കുമെന്ന‌് അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2tMs7rX
via IFTTT
No comments:
Post a Comment