തൊടുപുഴ
കൊടുംവളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും താണ്ടി വണ്ണപ്പുറം പഞ്ചായത്തിലെ നാൽപതേക്കറിലേക്ക‌് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് തുറന്ന വാഹനത്തിൽ എത്തുമ്പോൾ ക്യാൻസർ രോഗിയായ കറുകപ്പിള്ളിൽ സുജാത രാജുവും കാത്തുനിന്നിരുന്നു. രോഗത്തിന്റെ അവശതയിലും വീട്ടിലിരിക്കാതെ സമീപത്തെ വീട്ടമ്മമാരോടൊത്ത് കവലയിലേക്ക‌് പോന്നു. വാഹനത്തിൽ നിന്നിറങ്ങിയ ജോയ്സ് ജോർജിന് സുജാത കൈമാറിയത് ഐശ്വര്യത്തിന്റെ പ്രതീകമായ കണിക്കൊന്ന.
‘‘ഇദ്ദേഹം ജയിക്കണം...നാടിന് ഇനിയും എന്തെങ്കിലുമൊക്കെ നേട്ടം വേണ്ടേ...?’’,
പൂക്കൾ സമ്മാനിച്ച് സുജാതയുടെ പ്രതികരണം. മണ്ഡലത്തിനുവേണ്ടി ജോയ്സ് ജോർജ് ആത്മാർഥമായി പ്രവർത്തിച്ചുവെന്ന് സമീപത്തുണ്ടായിരുന്ന നടുവിലകരോട്ട് തങ്കമ്മ കുഞ്ഞപ്പന്റെയും സാക്ഷ്യപ്പെടുത്തൽ.
എംപിയെന്ന നിലയിൽ ജോയ്സ് ജോർജിന് നൂറു മാർക്കാണ് വോട്ടർമാർ നൽകുന്നത്. പ്രതീക്ഷിച്ച പലതും ഇനിയും പൂർത്തിയാക്കാനുണ്ടെന്നും അതിനു കൂടെയുണ്ടാകണമെന്ന അഭ്യർഥനയാണ് ജോയ്സ് ജോർജ് ഇവർക്ക് മുന്നിൽവയ്ക്കുന്നത്.
വണ്ണപ്പുറം, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളിലായിരുന്നു രണ്ടാംദിനത്തിലെ പൊതുപര്യടനം. ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്തിൽ എത്തുമ്പോൾ ചെണ്ടമേളം മുറുകി. കണിക്കൊന്നയും റോസാ പുഷ്പങ്ങളും സ്ഥാനാർഥിക്കുമേൽ വിതറി പുരുഷാരം. ജോയ്സ് എത്തുന്നുവെന്ന അനൗൺസ് കേട്ട് വീടുകളിൽനിന്നും ഇറങ്ങിവന്ന് അഭിവാദ്യം അർപ്പിക്കുന്ന വീട്ടമ്മമാർ. അച്ഛന്റെ കൈകളിലിരുന്ന് ലക്ഷയ എന്ന കുരുന്ന് നീട്ടിയ പൂക്കൾ ജോയ്സ് ജോർജ് അവൾക്കുതന്നെ സമ്മാനിച്ച് കവിളത്തുതട്ടി.
.jpg)
എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമനാണ് രണ്ടാം ദിനത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തത്. മണ്ഡലത്തിനും കേരളത്തിനുംവേണ്ടി ചെയ്ത കാര്യങ്ങൾ ഏറെയുണ്ടെങ്കിലും കാര്യമാത്ര പ്രസക്തമായ വാക്കുകളിലാണ് സ്ഥാനാർഥിയുടെ വോട്ടഭ്യർഥന. വർഗീയതയെ തൂത്തെറിഞ്ഞ് മതനിരപേക്ഷത പുലരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
അകമ്പടിയായി നിരവധി ഇരുചക്രവാഹനങ്ങൾ. ഈ തെരഞ്ഞെടുപ്പിന് അതീവപ്രധാന്യമുണ്ടെന്നും വോട്ടുകൾ പാഴാക്കരുതെന്നും വിശദീകരിച്ച് പൈലറ്റ് വാഹനങ്ങളിൽ മൂന്നു സംഘങ്ങളായി ഇരുപതോളം പ്രാസംഗികർ. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ഇടുക്കി പാർലമെന്റ് മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ജനാധിപത‌്യ കേരള കോൺഗ്രസ‌് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ‌് സെബാസ‌്റ്റ‌്യൻ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.
ചീങ്കൽസിറ്റിയിലെ സ്വീകരണത്തിനുശേഷം പ്രഭാതഭക്ഷണം സമീപത്തെ നാടൻ ചായക്കടയിൽ. മലനിരകളിലൂടെയുള്ള ദുർഘടപാത പിന്നിട്ടാണ് സ്വീകരണകേന്ദ്രങ്ങിലേക്കുള്ള പ്രയാണം. ആദിവാസി ജനവിഭാഗങ്ങൾ അധിവസിക്കുന്ന പട്ടയക്കുടിയിൽ എത്തിയപ്പോൾ മുൻ ഊരുമൂപ്പൻ ഈന്തനാൽ തങ്കപ്പന്റെ അനുജൻ ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തി. പട്ടയക്കുടിക്ക‌് ഒട്ടേറെ വികസന സ്വപ്നങ്ങളുണ്ട്.
അതിനെല്ലാം ജോയ്സ് ജോർജിലൂടെ പരിഹാരം കാണാമെന്ന ആഗ്രഹവും ഇവിടത്തുകാർ പങ്കുവയ്ക്കുന്നു. മലയോര കർഷകർക്ക് ഉപാധിരഹിത പട്ടയം ലഭ്യമാക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളും കസ്തൂരിരംഗൻ വിഷയത്തിൽ അന്തിമവിജ്ഞാപനം വരെ എത്തിനിൽക്കുന്ന സാഹചര്യവും ജോയ്സ് ജോർജ് ഇവരുമായി പങ്കിട്ടു.
വണ്ണപ്പുറം ടൗണിലേക്ക‌് ഉച്ചയോടെ സ്ഥാനാർഥി പ്രവേശിക്കുമ്പോൾ അലകടലായി ആവേശം. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ സ്ഥാനാർഥിയെ പുഷ്പവൃഷ്ടിയാൽ എതിരേറ്റു. നൂറിനടുത്ത‌് വയസ്സുള്ള മറിയം ഔസേപ്പ് ജോയ്സിനെ ചേർത്തുനിർത്തി അനുഗ്രഹിച്ചു. സ്വീകരണകേന്ദ്രത്തിൽനിന്നും ലഭിച്ച തോർത്ത് ജോയ്സ് അമ്മയ്ക്ക് സമ്മാനിച്ചു. അതിനിടെ, പട്ടയക്കുടി പഞ്ചമല ശ്രീ ഭഗവതി മഹാദേവ ക്ഷേത്രത്തിലെ കമ്മിറ്റിക്കാരായ സ്ത്രീകൾ ജോയ്സിനെ കാണാനെത്തി.
.jpg)
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ സമർപ്പണവും പ്രതിഷ‌്ഠയുമാണ്. പര്യടനത്തിരക്കിലാണെങ്കിലും എത്തണമെന്ന് അവർക്ക് നിർബന്ധം. ശ്രമിക്കാമെന്ന് മറുപടി നൽകി അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക‌്. നട്ടുച്ചയുടെ വെയിലിലും ഒടിയപാറയിൽ ലഭിച്ചത‌് ഗംഭീരസ്വീകരണം. സ്ത്രീകളും കുട്ടികളുമെല്ലാം തികഞ്ഞ ഉത്സാഹത്തിൽ. ജോയ്സ് ജോർജ് എത്തിയപ്പോൾ ആരവമായി. വർണ്ണപ്പൂക്കളേകി ഹൃദ്യമായ വരവേൽപ്. ഉശിരൻ മുദ്രാവാക്യത്തോടെ കാളിയാർ ടൗണിൽ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥികളുടെ വരവേൽപ്. കോടിക്കുളം പഞ്ചായത്ത‌് പ്രസിഡന്റ‌് ഷേർലി ആന്റണിയുടെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം.
ഉച്ചയ്ക്കുശേഷം നെടുമറ്റം, ഏഴുമുട്ടം, കരിമണ്ണൂർ, നെയ്യശ്ശേരി, പന്നൂർ, തട്ടക്കുഴ, ചീനിക്കുഴി, പെരിങ്ങാശ്ശേരി, അമയപ്ര തുടങ്ങിയ പ്രദേശങ്ങളിലൂടെ ഉടുമ്പന്നൂരിൽ പര്യടനം സമാപിക്കുമ്പോൾ ഏറെ വൈകി. എല്ലായിടത്തും സമ്മതിദായകർ ജോയ്സ് ജോർജിന് പകർന്നത് വിജയതൃഷ്ണയുടെ ഊർജം. കാർഷികഭൂമികയുടെ മനസ്സ‌് ജോയ്സിനൊപ്പമെന്ന് വിളിച്ചോതുന്നതായി ഓരോ സ്വീകരണകേന്ദ്രത്തിലെയും നിറഞ്ഞ പങ്കാളിത്തം.
ഷാജി മറക്കില്ല ജോയ‌്സിനെ , നാടും
മൂവാറ്റുപുഴ
ഷാജിക്കും കുടുംബത്തിനും മറക്കാനാകില്ല ജോയ‌്സ‌് ജോർജിന്റെ സാന്ത്വനസ്പർശം. പടിഞ്ഞാറേ പുന്നമറ്റം പൊന്നപ്പാലയിൽ പി എ ഷാജി(45)ക്ക‌് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ചികിത്സാസഹായനിധി (പിഎംഎൻആർഎഫ്) യിൽനിന്ന് ജോയ്സ് ജോർജ് ഇടപെട്ട‌് അനുവദിച്ചത്. ലോറി ഡ്രൈവറായിരുന്ന ഷാജി രണ്ടരവർഷംമുമ്പാണ് രോഗിയായത്. ഒന്നരവർഷം ഡയാലിസിസ് നടത്തി. ഇരു വൃക്കകളും തകരാറിലായതോടെ ചികിത്സാച്ചെലവിന് പണം കണ്ടെത്തുന്നതിനിടെയാണ് സിപിഐ എം പടിഞ്ഞാറേ പുന്നമറ്റം ബ്രാഞ്ചിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ജോയ്സ് ജോർജിന് അപേക്ഷ നൽകിയത്. തുടർന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഭാര്യ ഷംലയുടെ വൃക്ക ഷാജിക്ക‌് മാറ്റിവച്ചത്. ചികിത്സയ‌്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലായപ്പോഴാണ‌് എംപിയുടെ സഹായമെത്തിയതെന്നും ഇത് കുടുംബത്തിന് ഏറെ ആശ്വാസമായതായും ഷാജി പറഞ്ഞു. 2018 ഏപ്രിൽ 17നായിരുന്നു ശസ്ത്രക്രിയ. ആരോഗ്യം വീണ്ടെടുത്ത ഷാജി ഇപ്പോൾ പൂർണവിശ്രമത്തിലാണ‌്. ഷാജിയുടെ മൂന്നു മക്കളിൽ മൂത്തയാൾ പ്ലസ്ടു പഠനത്തിനുശേഷം ജോലിക്ക‌് പോകുന്നു. മറ്റു രണ്ടുപേർ സ‌്കൂൾ വിദ്യാർഥികളാണ്. പട്ടയമില്ലാത്ത സ്ഥലത്താണ് ഷാജിയുടെ കുടുംബം താമസിക്കുന്നത്. പട്ടയത്തിന് അപേക്ഷിച്ചിട്ടുണ്ട്. നാലുവർഷംമുമ്പ് ഷാജിയുടെ മൂത്ത സഹോദരൻ മമ്മുവിന് (50) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും ജോയ്സ് ജോർജ‌് മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ ജോയ്സ് ജോർജ് എംപിയുടെ ആദ്യ ചികിത്സാധനസഹായ വിതരണമായിന്നു അത‌്. മൂന്നു ലക്ഷം രൂപവീതം പത്തുപേർക്കും 2,90,000 വീതം നാലുപേർക്കും 50,000 വീതം ഏഴു പേർക്കും മറ്റുള്ളവർക്കുമുൾപ്പെടെ 45,85,000 രൂപയുടെ ചികിത്സാ സഹായമാണ് മണ്ഡലത്തിൽ നൽകിയത്.
കോതമംഗലം നിയോജകമണ്ഡലത്തിൽ പത്തുപേർക്കായി 29.43 ലക്ഷം രൂപയാണ‌് അനുവദിച്ചത‌്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 142 പേർക്ക് 2.40 കോടി രൂപയുടെ ചികിത്സാ സഹായമാണ് ഇതുവരെ എത്തിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2WvA1SR
via IFTTT
No comments:
Post a Comment