തൃശൂർ
ഇന്നസെന്റിനെ നേരിൽക്കണ്ട് സ്നേഹം പങ്കുവയ്ക്കാനായതിന്റെ സന്തോഷത്തിലാണ് 80 വയസ്സിനടുത്തുള്ള എലുവത്തിങ്കൽ കൊച്ചുത്രേസ്യ. മേലൂർ വാലുങ്ങാമുറി സെന്ററിൽ ഒരു മണിക്കൂറോളം കാത്തുനിന്നാണ് ‘എന്റെ വോട്ട് ഇന്നസെന്റിനെ’ന്ന് പ്രഖ്യാപിച്ച‌് മടങ്ങിയത്. തെരഞ്ഞെടുപ്പ് പര്യടനത്തിനായി എൽഡിഎഫ് ചാലക്കുടി ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി ഇന്നസെന്റ് വാലുങ്ങാമുറിയിൽ എത്തുമെന്ന വിവരം അറിഞ്ഞാണ് കടുത്തചൂടും വകവയ്ക്കാതെ, ചട്ടയും മുണ്ടുമുടുത്ത കൊച്ചുത്രേസ്യ എത്തിയത്. ഒമ്പതരയോടെ സ്ഥാനാർഥി സ്ഥലത്തെത്തി.
സ്വീകരണം നൽകാൻ നാട്ടുകാർ തിരക്കുകൂട്ടുന്നതിനിടെ, ഇടിച്ചുകയറി കൊച്ചുത്രേസ്യ കൈയിൽ കരുതിയ കൊന്നപ്പൂച്ചെണ്ട് ഇന്നസെന്റിന് സമ്മാനിച്ചു. ഹസ്തദാനവും മനസ്സറിഞ്ഞ ചിരിയും പരസ്പരം കൈമാറി. കൈവീശിക്കാണിച്ച് സ്ഥാനാർഥിയുടെ പ്രചാരണവാഹനം മുന്നോട്ടുനീങ്ങുന്നതിനിടെ, നിറഞ്ഞ സംതൃപ്തിയോടെ ജനക്കൂട്ടത്തിനിടയിൽനിന്ന് കൊച്ചുത്രേസ്യ ഇന്നസെന്റിന് വോട്ടും വിജയാശംസയും നേർന്ന് വീട്ടിലേക്ക് മടങ്ങി. സ്ഥാനാർഥിയുടെ ഓരോ സ്വീകരണകേന്ദ്രങ്ങളിലും രാഷ്ട്രീയ –-പ്രായ ഭേദമെന്യേ വൻ ജനക്കൂട്ടമാണ് എത്തുന്നത്.

തുറന്നവാഹനത്തിലുള്ള സ്ഥാനാർഥി പര്യടനം ബുധനാഴ്ച ചാലക്കുടി മണ്ഡലത്തിലെ മുരിങ്ങൂർ ജങ്ഷനിൽനിന്നാണ് ആരംഭിച്ചത്. അന്തരിച്ച യുവ ചലച്ചിത്രനിർമാതാവും പ്രൊഡക‌്ഷൻ കൺട്രോളറുമായ ഷഫീർ സേഠിന്റെ കൊടുങ്ങല്ലൂരിലെ വസതിയിലെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് ഇന്നസന്റ് മുരിങ്ങൂരിലെത്തിയത്. സേഠിന്റെ സിനിമയിൽ ഇന്നസെന്റ‌് അഭിനയിക്കാൻ കരാർ ഉറപ്പിച്ചതായിരുന്നു. അപ്പോഴാണ‌് ഇന്നസെന്റ‌് വീണ്ടും മത്സരിക്കണമെന്ന് എൽഡിഎഫ‌് തീരുമാനിച്ചത‌്. ഇത‌് പരിഗണിച്ച് അഭിനയക്കരാർ റദ്ദാക്കുകയായിരുന്നു. അധികം വൈകാതെ എത്തിയ സേഠിന്റെ മരണവാർത്ത വളരെ വേദനിപ്പിച്ചെന്ന് ഇന്നസെന്റ് പറഞ്ഞു.
നേതാക്കൾ ഉൾപ്പെടെ വൻ ജനക്കൂട്ടം ഇന്നസെന്റിനെ കാത്ത് ദേശീയപാതയോട് ചേർന്ന സെന്ററിൽ ഉണ്ടായി. കരിമരുന്നുപ്രയോഗത്തിനിടെ പൂച്ചെണ്ടുകളുമായി ഏവരും ഇന്നസെന്റിനെ പൊതിഞ്ഞു. ഹ്രസ്വഭാഷണത്തിനുശേഷം സ്വീകരണം ഏറ്റുവാങ്ങി സ്ഥാനാർഥി അടുത്ത കേന്ദ്രത്തിലേക്ക്. നാടാകെ ഇളക്കിമറിച്ചുള്ള വൻ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് പര്യടനവാഹനം മുന്നേറിയത്.
ഇന്നസെന്റ് എംപി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മിനുമിനുത്ത റോഡിലൂടെയും ഹൈമാസ്റ്റ് ലൈറ്റുകൾക്കു സമീപത്തുകൂടെയുമാണ് പര്യടനവാഹനം മുന്നോട്ട് നീങ്ങിയത്. മേലൂർ പള്ളിനട, പൂലാനി, പുഷ്പഗിരി, വാലുങ്ങാമുറി, ചിറങ്ങര, കൊരട്ടി, പാറയം, കല്ലൂർ, പാളയംപറമ്പ്, കാടുകുറ്റി, മണ്ടിക്കുന്ന്, ചാലക്കുടി പ്രൈവറ്റ് ബസ‌്സ‌്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങിലെ സ്വീകരണത്തിനുശേഷം രാവിലത്തെ പര്യടനം വി ആർ പുരത്ത് നിർത്തിവച്ചു.
പിന്നീട‌് 1.30ന് എൽഡിഎഫ് സ്ഥാനാർഥി പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ എത്തി. പകൽച്ചൂട‌് അപ്പോഴും തീക്ഷ‌്ണമായിരുന്നു. ജീവനക്കാരും തൊഴിലാളികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഉച്ചയ്ക്കുശേഷം കൂടപ്പുഴയിൽനിന്ന് പര്യടനം തുടങ്ങി 14 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി 7.30ഓടെ നായരങ്ങാടിയിൽ സമാപിച്ചു. ജൈവപച്ചക്കറി, കൊന്നപ്പൂ, പനിനീർപ്പൂക്കൾ തുടങ്ങിയവ സമ്മാനിച്ചാണ് ഓരോ കേന്ദ്രത്തിലും ഇന്നസന്റിനെ വരവേറ്റത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, ബി ഡി ദേവസി എംഎൽഎ, ടി എ ജോണി, ഗിരിജാവല്ലഭൻ, യൂജിൻ മോറേലി, പി എം വിജയൻ, ചാലക്കുടി നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.
വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ഇ സി സുരേഷ്, പി ആർ പ്രസാദൻ, പി പി പോൾ, അഡ്വ. കെ ആർ സുമേഷ്, എം വി ഗംഗാധരൻ, എം എസ് സുനിത, പി വി വിവേക്, ടി ആർ ബാബുരാജ്, കെ എസ് അശോകൻ, കെ എം ശിവരാമൻ എന്നിവർ സംസാരിച്ചു.
‘ബിജെപി വന്നാല്‍ അപ്പോളോ എപ്പോഴാ പൂട്ടാന്ന് പറയാന്‍ പറ്റില്ലാട്ടോ’
ചാലക്കുടി
അതേയ്... ഒരുകാര്യം പറയാണ്ട് ട്ടാ... ബിജെപി വന്നാലുണ്ടല്ലോ, അപ്പോളോ ടയേഴ്സൊക്കെ എപ്പൊഴാ പൂട്ടാന്ന് അറിയില്ലാട്ടോ... ’’
സ്വതസിദ്ധമായ ശൈലിയിൽ ഇന്നസെന്റിന്റെ സംസാരം തൊഴിലാളികൾക്കിടയിൽ കൂട്ടച്ചിരിയുയർത്തി. പേരാമ്പ്ര അപ്പോളോ ടയേഴ്സിലെ തൊഴിലാളികളെ കാണാൻ കമ്പനിയിലെത്തിയതായിരുന്നു ഇന്നസെന്റ്. തങ്ങളുടെ സ്വന്തം സാരഥിയെ തൊഴിലാളികൾ കമ്പനിപ്പടിക്കൽ സ്വീകരിച്ചു. ഉച്ചച്ചൂടിനെ തോൽപ്പിക്കുന്ന ആവേശത്തോടെ നൂറുകണക്കിന് തൊഴിലാളികൾ ചേർന്നാണ് സ്ഥാനാർഥിയെ വരവേറ്റത്.

ഓരോ തൊഴിലാളിയുടെയും കൈപിടിച്ചുകുലുക്കി സൗഹൃദം പങ്കിട്ട ഇന്നസെന്റ് അവരോട‌് വോട്ടഭ്യർഥിച്ചു. അതിനിടെ, ഒരു തൊഴിലാളി തന്റെ അമ്മായി ഇന്നസെന്റിനെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, ഒരു നിമിഷം ഓർത്തെടുത്ത് അദ്ദേഹം അത് തലകുലുക്കി സമ്മതിച്ചു. എന്നിട്ട് പറഞ്ഞു.
“അമ്മായിനെ കാണുമ്പോൾ പറയണം.. ട്ടോ.. ഈ പാവം ഇന്നസെന്റിന്റെ ഗതികേടിനെപ്പറ്റി...
ഇങ്ങനെ തമാശകളും കൂട്ടച്ചിരികളുമായി അടുത്ത കേന്ദ്രത്തിലേക്ക‌്.
ഇന്നസെന്റ് ഇന്ന‌് കുന്നത്തുനാട്ടിൽ
കൊച്ചി
ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റ‌് വ്യാഴാഴ‌്ച കുന്നത്തുനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. രാവിലെ 7-.30ന് ചേലക്കുളത്ത് ആരംഭിക്കുന്ന പര്യടനം കിഴക്കേ കുമ്മനോട് ട്രാൻസ്‌ഫോർമർ കവല, അത്താണി, പട്ടിമറ്റം, ദയറപ്പടി, കിഴക്കമ്പലം മാർക്കറ്റ്, മലയിടംതുരുത്ത് ഷാപ്പുപടി, എടത്തിക്കാട്, പഴങ്ങനാട് കപ്പേളപ്പടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പകൽ 11ന‌് ചെമ്മലപ്പടിയിൽ സമാപിക്കും. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുംശേഷം പകൽ 3-.30ന് ചെമ്പറക്കിയിൽനിന്ന‌് വീണ്ടും പ്രകടനം ആരംഭിക്കും. നാല് സെന്റ് കോളനി, ചെമ്പറക്കി, നടക്കാവ്, കുണ്ടുകുളം, കുന്നത്തുകര, മാറമ്പിള്ളി, പാറപ്പുറം, മഞ്ഞപ്പെട്ടി, മുടിക്കൽ എസ്റ്റേറ്റ്, മാവിൻചുവട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി ഏഴിന‌് പള്ളിക്കവല കനാൽപ്പാലത്ത‌് സമാപിക്കും.
മനസ്സുണ്ടോ, ഊരിലേക്കും വഴിയുണ്ടാകും
മഞ‌്ജു കുട്ടികൃഷ‌്ണൻ
കൊച്ചി
അടിച്ചിൽത്തൊട്ടി ആദിവാസി കോളനിയിലേക്ക‌് ചാലക്കുടിയിൽനിന്ന‌് 60 കിലോമീറ്റർ ദൂരമുണ്ട‌്. മലക്കപ്പാറ റൂട്ടിൽ ആനമലയിൽനിന്ന‌് വനമധ്യത്തിലൂടെ നാലര കിലോമീറ്റർ യാത്രചെയ്യണം. 93 കുടുംബങ്ങൾ അധിവസിക്കുന്ന ഊരിലേക്കുളള ദുർഘടംപിടിച്ച വഴി പഴങ്കഥയാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ഇന്നസെന്റിനാണെന്ന‌് ചാലക്കുടി ബ്ലോക്ക‌് പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് അഡ്വ. വിജു വാഴക്കാല പറഞ്ഞു. എംപി ഫണ്ടില്ലായിരുന്നെങ്കിൽ ഈ റോഡ‌് ഇന്നും കുണ്ടും കുഴിയും നിറഞ്ഞ‌് യാത്ര അതിരൂക്ഷമാക്കിയേനെ.
രണ്ടു ഘട്ടങ്ങളായി പണിപൂർത്തിയാക്കേണ്ടുന്ന അടിച്ചിൽത്തൊട്ടി ആദിവാസി കോളനി റോഡിന്റെ ആദ്യഘട്ടം പണി പൂർത്തിയാക്കി ഉദ‌്ഘാടനം കഴിഞ്ഞിട്ട‌് ഒരുമാസം പിന്നിട്ടു. തൃശൂർ ജില്ലയിലെ വാഴച്ചാൽ വനം ഡിവിഷനു കീഴിലുള്ള 750 മീറ്റർ റോഡാണ‌് ആദ്യഘട്ടത്തിൽ ഇന്നസെന്റിന്റെ എംപി ഫണ്ടിൽനിന്നുള്ള 35 ലക്ഷം രൂപ ചെലവഴിച്ച‌് പണി പൂർത്തിയാക്കിയത‌്. മൂന്നു മീറ്റർ വീതിയിൽ കോൺക്രീറ്റ‌് റോഡാണ‌് നിർമിച്ചിട്ടുള്ളത‌്. 2019 ജനുവതി 10ന‌് നിർമാണമാരംഭിച്ച‌് ഫെബ്രുവരി 28നകം പണി പൂർത്തിയാക്കി ഉദ‌്ഘാടനവും നടത്തി. ആകെ മൂന്നര കിലോമീറ്റർ വരുന്ന റോഡിന്റെ രണ്ടാംഘട്ടം എറണാകുളം ജില്ലയിലെ മലയാറ്റൂർ വനം ഡിവിഷനു കീഴിലാണ‌്. ശേഷിക്കുന്ന പ്രദേശത്ത‌് ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ‌് പണി ആരംഭിച്ചുകഴിഞ്ഞു. 10.50 കോടി രൂപയാണ‌് ചെലവ‌് പ്രതീക്ഷിക്കുന്നത‌്.
എംപി ഫണ്ടിൽനിന്നുള്ള തുക ചെലവഴിച്ച നിരവധി റോഡുകളാണ‌് അതിരപ്പള്ളി പഞ്ചായത്തിൽ ആദിവാസി മേഖലയുടെ വികസനത്തിന്റെ ഭാഗമായി പൂർത്തിയായത‌്. അതിലൊന്നാണ‌് വാച്ചുമരം മലയൻ കോളനി റോഡ‌്. 17 ലക്ഷം രൂപ എംപി ഫണ്ടിൽനിന്ന‌് ചെലവഴിച്ചു. വാച്ചുമരം കാടർ കോളനി റോഡ‌് പണിതത‌് 14 ലക്ഷം രൂപ എംപി ഫണ്ടിൽനിന്ന‌് അനുവദിച്ചാണ‌്.
ആദിവാസി മേഖലയിലേക്കുള്ള മറ്റൊരു പ്രധാന റോഡാണ‌് മുക്കുമ്പുഴ റോഡ‌്. ഇതിന്റെ ആദ്യഘട്ടം പണി പൂർത്തിയായി. 17 ലക്ഷം രൂപയാണ‌് ചെലവ‌്. രണ്ടാംഘട്ടത്തിന‌് എംപി ഫണ്ടിൽനിന്ന‌് 23 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട‌്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി പണി നടന്നുകൊണ്ടിരിക്കുന്നു. മലയൻ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന തവളക്കുഴിപ്പാറ മലയൻ കോളനിയിലേക്കുള്ള റോഡിനായി 37 ലക്ഷം രൂപയാണ‌് അനുവദിച്ചത‌്. 1.25 കിലോമീറ്റർ ദൂരം റോഡിന്റെ നിർമാണം നടക്കുന്നു.
പ്രധാനമന്ത്രി ഗ്രാമ സഡക‌് യോജന പദ്ധതിയിൽപ്പെടുത്തിയ രണ്ടു റോഡുകളാണ‌് ഇവിടേക്ക‌് ഇന്നസെന്റിന്റെ ഇടപെടൽമൂലം ഫണ്ട‌് അനുവദിച്ചുകിട്ടിയത‌്. അതിലൊന്നാണ‌് അരൂർ മൂഴി സൗത്ത‌് വെട്ടിക്കുളം റോഡ‌്. 2.16 കോടി രൂപയാണ‌് അനുവദിച്ചുകിട്ടിയത‌്. നാലു കിലോമീറ്റർ റോഡിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു. മറ്റൊരു റോഡ‌് വെറ്റിലപ്പാറ എക‌്സ‌്സർവീസ‌്മെൻ കോളനിയിലേക്കുള്ള റോഡാണ‌്. 2.57 കോടി രൂപ ചെലവഴിച്ച രണ്ടു പാലങ്ങളുൾപ്പെടെ 3.5 കിലോമീറ്റർ റോഡ‌് പണി പൂർത്തിയായി. ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്ന ഗോത്രകലാകേന്ദ്രം പദ്ധതിക്കായി 24 ലക്ഷം രൂപയാണ‌് എംപിഫണ്ടിൽനിന്ന‌് ചെലവഴിച്ചത‌്.
ഒടിഞ്ഞ കൈയുമായി ആരോമലെത്തി
തൃശൂർ
ഒടിഞ്ഞ കൈയും നിറഞ്ഞ ചിരിയുമായി രണ്ടാം ക്ലാസുകാരൻ ആരോമൽ സി അമനു എത്തി, തന്റെ മനസ്സിൽ കാലങ്ങളായി കാത്തുസൂക്ഷിച്ച ജനനായകനെ കാണാൻ. എൽഡിഎഫ് ചാലക്കുടി ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി ഇന്നസെന്റിനെ കാണാനാണ് സ്കൂളിൽനിന്ന് അവധിയെടുത്ത് ആരോമൽ എത്തിയത്. കൊരട്ടി എൽഎഫ് കോൺവെന്റ് വിദ്യാർഥി ആരോമൽ, അച്ഛൻ സി കെ അമനോൽഭവനൊപ്പമെത്തി ഇന്നസെന്റിനെ നേരിൽ കണ്ട് പനിനീർപ്പൂക്കൾ നൽകി ആഗ്രഹം നിറവേറ്റി.
ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആരോമൽ ഇന്നസെന്റിന്റെ കടുത്ത ആരാധകനാണ്. പക്ഷേ, നേരിൽ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിനിടെയാണ് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഇന്നസെന്റ് മത്സരിക്കുമെന്ന് അച്ഛൻ പറഞ്ഞറിഞ്ഞത്. ഇതോടെ, നേരിൽ കാണണമെന്ന വാശിതുടങ്ങി. കാണിക്കാമെന്ന് അച്ഛനും ഉറപ്പു നൽകി. അതിനിടെ സ്കൂളിൽ കളിക്കുന്നതിനിടെ വീണ് വലതു കൈയിന്റെ എല്ല് രണ്ടിടത്ത‌് ഒടിഞ്ഞു. വേദനകൊണ്ട് പുളഞ്ഞ ആരോമലിനെ സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ച് പ്ലാസ്റ്ററിട്ടു.
.jpg)
ഏറെക്കാലത്തെ ആഗ്രഹസഫലീകരണത്തിനായി ഇനിയുമേറെ കാത്തിരിക്കണമെന്ന് കരുതിയിരിക്കേയാണ് ബുധനാഴ്ച ഇന്നസെന്റ് തുറന്ന വാഹനത്തിൽ ചെറുവാളൂർ കുലയിടം ബേക്കറി ജങ്ഷനിൽ വരുന്നവിവരം അറിഞ്ഞത്. തുടർന്നാണ് അച്ഛനോടൊപ്പം ഒടിഞ്ഞ കൈയുമായി ആരോമൽ മഹാനടനെ കാണാൻ എത്തിയത്. കൈയിൽ പ്ലാസ്റ്ററിട്ടുനിൽക്കുന്ന കുഞ്ഞിനെകണ്ട് ഇന്നസെന്റ് തന്നെയാണ് ആരോമലിനെ പ്രചാരണവാഹനത്തിനടുത്തേക്ക് വിളിച്ചത്.
വാഹനത്തിന് അരികിലെത്തിയ ആരോമലിനെ അച്ഛൻ വാഹനത്തിലേക്കെടുത്തുയർത്തി. സന്തോഷം അടക്കാനാകാതിരുന്ന കുഞ്ഞ് കൈയിൽ കരുതിയിരുന്ന പനിനീർപ്പുക്കൾ ഇന്നസെന്റിന് സമ്മാനിച്ചു. ഷേക്ക്ഹാൻഡും, ഒപ്പംനിന്ന് ഫോട്ടോയുമെടുത്താണ് ഈ മിടുക്കൻ വീട്ടിലേക്ക് മടങ്ങിയത്. എ വി വിദ്യയാണ് അമ്മ.
from Kerala || Deshabhimani Online News https://ift.tt/2HILfjn
via IFTTT
No comments:
Post a Comment