കൊച്ചി > സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുടെ ആഡംബരത്തിന്റെ ചെലവ് വിദ്യാർഥികളിൽ നിന്ന് ഫീസായി പിടിക്കരുതെന്ന് ഹൈക്കോടതി. ഫീസ് 11 ലക്ഷം രൂപയാക്കി വർധിപ്പിക്കണമെന്ന മാനേജുമെന്റുകളുടെ ആവശ്യം നിരസിച്ചുള്ള വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും കോളേജുകൾ അമിത ഫീസ് ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഉണ്ടെങ്കിൽ അത് കുറക്കാൻ നിർദേശം നൽകാൻ കഴിയുമെന്നും വിധിയിൽ കോടതി വ്യക്തമാക്കി.
കോളേജ് പ്രിൻസിപ്പാളിന് ബിഎംഡബ്ല്യു കാർ നൽകാൻ മാനേജ്മെന്റ് തീരുമാനിച്ചാൽ ആ ചെലവ് അംഗീകരിക്കാതെ ഫീസ് കുറക്കാൻ പറയാൻ ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കു കഴിയില്ലെന്നാണ് ഒരു മാനേജ്മെമെന്റിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചത്. ഈ വാദം ഫീസ് ശുപാർശ ചെയ്യാനുള്ള മാനേജ്മെന്റുകളുടെ അവകാശം യുക്തിസഹമായ എല്ലാ സീമകളും ലംഘിക്കുന്നതിന്റെ തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോളേജിന് പ്രിൻസിപ്പാളിന് വില കൂടിയ കാർ നൽകാം. പക്ഷെ, കോഴ്സ് നടത്താനുള്ള ചെലവല്ലാതിരുന്നിട്ടും ആ പണം വിദ്യാർഥികളിൽ നിന്ന് ഫീസായി പിടിക്കാം എന്നു പറയുമ്പോൾ നിയമം ഇടപെടണം. ഫീസ് ശുപാർശ ചെയ്യുമ്പോൾ സുപ്രീം കോടതി വിധിയിലെ നിർദേശങ്ങൾ പാലിക്കണം. ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കു ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാനുള്ള അധികാരമുണ്ട്. കോഴ്സ് നടത്തിപ്പുമായി ബന്ധമില്ലാത്ത ചെലവു കളുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചാൽ അത് യുക്തിഭദ്രമായ ഫീസാണെന്ന് പറയാനാവില്ല. യുക്തിസഹമല്ലാത്ത ഫീസ് ഈടാക്കാൻ ഒരു കോളേജിനും അധികാരമില്ലാത്തതിനാൽ ഫീസ് റെഗുലേറ്ററി കമ്മിറ്റി ഇടപെടണം. കോളേജ് പ്രവർത്തനത്തിന്റെ ഭാഗമായ ചെറിയ ലാഭം സ്ഥാപനത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. ജസ്റ്റിസ് സുരേന്ദ്ര മോഹൻ, ജസ്റ്റിസ് ആനി ജോൺ എന്നിവരാണ് കേസ് പരിഗണിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2tNih91
via IFTTT
No comments:
Post a Comment