തുറക്കാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കെതിരെ കർശന നടപടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

തുറക്കാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കെതിരെ കർശന നടപടി


തിരുവനന്തപുരം
തുറന്നു പ്രവർത്തിക്കാൻ തയ്യാറാകാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറി മാനേജ‌്മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നിയമസഭയിൽ അറിയിച്ചു. കേരളത്തിൽ 12 ഫാക്ടറിയുള്ള വിജയലക്ഷ്‌മി കാഷ്യൂസ്‌ ഒരുഫാക്ടറിയും തുറന്നുപ്രവർത്തിപ്പിക്കാൻ തയ്യാറായിട്ടില്ല. 8000ത്തോളം തൊഴിലാളികളാണ്‌ ഈ ഫാക്ടറികളിൽ ജോലിചെയ‌്തിരുന്നത‌്.

ആന്ധ്ര, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽനിന്നുള്ള കശുവണ്ടി പരിപ്പ്‌ കേരളത്തിൽ കൊണ്ടുവന്ന്‌ കൊല്ലം ബ്രാന്റായും കേരള ബ്രാന്റായും വിൽക്കുകയാണ്‌. ഇത‌് അംഗീകരിക്കാനാകില്ല. സർക്കാർ കൂട്ടായി ആലോചിച്ച‌് ഇതിനെതിരെ ശക്തമായ നടപടിയെടുക്കും. എം നൗഷാദ്‌, എം മുകേഷ്‌, എം രാജഗോപാലൻ, ജോൺ ഫെർണാണ്ടസ‌് എന്നിവരുടെ ചോദ്യത്തിന‌് മറുപടിയായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ 864 കശുവണ്ടി  ഫാക്ടറികളിൽ 482 എണ്ണം തുറന്നുപ്രവർത്തിക്കുന്നു. തുറന്ന പ്രവർത്തിപ്പിക്കാൻ കഴിയാത്ത നിലയിൽ സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാർതന്നെ മുൻകൈയെടുക്കുന്നു. ഇതിന്റെ ഭാഗമായാണ‌് മൂന്നിൽ രണ്ടോളം ഫാക്ടറികൾ തുറക്കാനായത‌്.

സർഫാസി ആക്ടിന്റെ മറവിൽ സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളെ തകർക്കാനുള്ള നീക്കം സർക്കാർ അംഗീകരിക്കില്ല. വായ‌്പാ കുടിശ്ശികയുടെ പേരിൽ കണ്ണായ പ്രദേശങ്ങളിലെ ഫാക്ടറിയും ഭൂമിയും ജപ‌്തി ചെയ‌്ത‌് തുച‌്ഛമായ വിലയ‌്ക്ക‌് ഭൂമാഫിയക്ക‌് കൈമാറാനാണ‌് ബാങ്കുകളുടെ ശ്രമം. ഫാക്ടറികളുടെ പുനരുദ്ധാരണത്തിനായി ഉടമകൾ എടുക്കുന്ന വായ‌്പയുടെ ഒരുവർഷത്തെ പലിശ സർക്കാർ നൽകും. സർക്കാർ നിയോഗിച്ച വ്യവസായ പുനഃസംഘടനാ സമിതി ഈ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണ‌്.

സംസ്ഥാന കശുവണ്ടി വികസന ബോർഡുവഴി പരമാവധി സ്വകാര്യ ഫാക്ടറികൾക്കും കശുവണ്ടി ലഭ്യമാക്കും. ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.   ഇതിലൂടെ കശുവണ്ടി ഇറക്കുമതിയിലെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാകും. കാലിത്തീറ്റ നിർമാണത്തിനെന്ന പേരിൽ നിലവാരം കുറഞ്ഞ കശുവണ്ടി പരിപ്പ്‌ വിയറ്റ‌്നാമിൽനിന്ന്‌ വ്യാപകമായി എത്തുന്നുണ്ട്‌. ഇത‌് വിലകുറച്ച‌് ജനങ്ങൾക്കും ഭക്ഷ്യവസ‌്തുവായി വിതരണം ചെയ്യുന്നു. ഇതിനായുള്ള  പരിശോധന കർശനമാക്കുമെന്നും പി അയിഷാ പോറ്റി, ആർ രാമചന്ദ്രൻ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി മന്ത്രി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2HR26BB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages