തിരുവനന്തപുരം> തലസ്ഥാനത്ത‌് പതിനായിരങ്ങൾ ബുധനാഴ‌്ച ആറ്റുകാൽ ഭഗവതിക്ക‌് പൊങ്കാലയർപ്പിക്കും. പൊങ്കാലയ‌്ക്ക് എത്തുന്നവർക്കായി ക്ഷേത്രട്രസ്റ്റിന്റെയും സർക്കാരിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ വിപുലമായ സജ്ജീകരണം ഒരുക്കി. പൊലീസും ഫയർഫോഴ‌്സും വൻ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട‌്. രാവിലെ 10.15-ന‌് പണ്ടാര അടുപ്പിൽ തീകത്തിക്കും.
തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി എൻ വിഷ്ണു നമ്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീപകരും.
ഇവിടെനിന്ന‌് പകരുന്ന ദീപമാണ് ക്ഷേത്രത്തിന് കിലോമീറ്റർ ചുറ്റളവിൽ ഒരുക്കുന്ന അടുപ്പുകളെ ജ്വലിപ്പിക്കുക. പകൽ 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250- ശാന്തിമാർ വിവിധ മേഖലകളിലെത്തും.
രാത്രി 7.30-ന‌് ചൂരൽകുത്ത് ചടങ്ങ‌്. വ്യാഴാഴ്ച രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.പ്രത്യേക കെഎസ‌്ആർടിസി ബസുകളും ട്രെയിനുകളും സർവീസ‌് നടത്തുന്നുണ്ട‌്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെയും ഫ‌്ളക‌്സിന്റെയും ഉപയോഗം തടഞ്ഞു. വനിതാ ബറ്റാലിയൻ ഉൾപ്പെടെ 3700 പൊലീസുകാരെ സുരക്ഷയ‌്ക്കായി നിയോഗിച്ചു. ഡ്രോണുകൾ ഉപയോഗിച്ച‌് ആകാശനിരീക്ഷണവും ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട‌് ഒരുക്കം വിലയിരുത്തി.
from Kerala || Deshabhimani Online News http://bit.ly/2BHuX5V
via IFTTT
No comments:
Post a Comment