ഇടുക്കി /മലപ്പുറം
ജനക്ഷേമ സർക്കാരിനെ പിന്തുണക്കുമെന്നും വർഗീയതയെ പ്രതിരോധിക്കുമെന്നും മനസുറപ്പിച്ച‌് ആയിരങ്ങൾ സ്വീകരണകേന്ദ്രങ്ങളിൽ എത്തിയതോടെ എൽഡിഎഫ‌് കേരളസംരക്ഷണ യാത്രകൾക്ക‌് വൻവരവേൽപ‌്. കേരളത്തിന്റെ വികസനവും സുരക്ഷയും എൽഡിഎഫിന്റെ കൈകളിൽ ഭന്ദ്രമാണെന്ന‌് തെളിയിക്കുന്നതായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന തെക്കൻമേഖലാ യാത്ര ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി. നെടുങ്കണ്ടത്ത‌് നിന്നായിരുന്നു രണ്ടാംദിവസത്തെ പര്യടനം ആരംഭിച്ചത‌് . തുടർന്ന‌് ചെറുതോണി, അടിമാലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തൊടുപുഴയിൽസമാപിച്ചു. തോട്ടം തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ആദിവാസി ജനവിഭാഗങ്ങളും സ‌്നേഹോഷ‌്മള വരവേൽപാണ‌് നൽകിയത‌്. കാർഷികോൽപന്നങ്ങൾ സമ്മാനിച്ചായിരുന്നു സ്വീകരണം. അടിമാലിയിലെ ലൈഫ‌്മിഷൻ ഫ‌്ളാറ്റിലെ താമസക്കാർ യാത്രയ‌്ക്ക‌് അഭിവാദ്യമേകാനെത്തിയത‌് ശ്രദ്ധേയമായി. മന്ത്രി എം എം മണി, അഡ്വ. ജോയ‌്സ‌് ജോർജ‌് എംപി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എൽഡിഎഫ‌് ജില്ലാ കൺവീനർ കെ കെ ശിവരാമൻ, എംഎൽഎമാരായ എസ‌് രാജേന്ദ്രൻ, ഇ എസ‌് ബിജിമോൾ എന്നിവരും സ്വീകരണകേന്ദ്രങ്ങളിലെത്തി. ജാഥ ബുധനാഴ‌്ച എറണാകുളം ജില്ലയിൽ പ്രവേശിക്കും.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കുന്നത്തുനാട‌് മണ്ഡലത്തിലെ പട്ടിമറ്റത്ത‌് സമാപിക്കും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലായാത്ര മലപ്പുറം ജില്ലയിൽ പര്യടനം പൂർത്തിയാക്കി. സദ‌്ഭരണത്തിന്റെ സന്ദേശവുമായി എത്തിയ ജാഥ ചൊവ്വാഴ‌്ച അരീക്കോട്ടാണ‌് പര്യടനം തുടങ്ങിയത‌്. ഫുട‌്ബോളുകൾ നൽകിയാണ‌് കാൽപ്പന്തുകളിയുടെ തട്ടകം ജാഥാംഗങ്ങളെ എതിരേറ്റത‌്. പൊരിവെയിലും കൂസാതെ സ‌്ത്രീകളടക്കം ആയിരങ്ങൾ ജാഥയെ സ്വീകരിക്കാനെത്തി.
മലയോര മണ്ണിന്റെ ആവേശംനിറച്ച് നിലമ്പൂരിലും വണ്ടൂരിലും വരവേൽപ്പ‌്. രാത്രി പെരിന്തൽമണ്ണയിലെത്തുമ്പോഴും വൻജനാവലി. ഉത്സവഛായയിലാണ‌് ഇ എം എസിന്റെ ജന്മനാട് യാത്രയെ വരവേറ്റത‌്.യാത്ര ബുധനാഴ‌്ച പാലക്കാട‌് ജില്ലയിൽ പ്രവേശിക്കും. ജില്ലാ അതിർത്തിയായ പുലാമന്തോളിൽ വരവേൽപ‌് നൽകും. തുടർന്ന‌് തൃത്താല, പട്ടാമ്പി, ചെർപ്പുളശേരി കേന്ദ്രങ്ങളിലെ സ്വീകരണത്തിന‌് ശേഷം മണ്ണാർക്കാട‌് സമാപിക്കും.
from Kerala || Deshabhimani Online News https://ift.tt/2GN2akr
via IFTTT
No comments:
Post a Comment