കൊച്ചി
പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്‌ളക്‌സ് ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികൾക്കെതിരെ ഇന്ത്യൻശിക്ഷാ നിയമത്തിലെയും പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾപ്രകാരം കേസെടുക്കണമെന്ന് പൊലീസിന് നിർദേശം നൽകി ഡിജിപി പ്രത്യേക സർക്കുലർ ഇറക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
ലോകകപ്പ് ഫുട്‌ബോൾ നടക്കുമ്പോൾ ആലപ്പുഴയിലെ സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിക്കുമുന്നിൽ സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റാത്തത് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജിയായി പരിഗണിച്ചാണ് ഉത്തരവ്. മുൻകാലങ്ങളിൽ ഇറക്കിയ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിരവധി ഉത്തരവുകളും സർക്കുലറുകളും ഇറക്കിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും പുതിയ ബോർഡുകൾ പ്രത്യക്ഷപ്പെടുകയാണ്. ഇതു തടയാൻ കൂടുതൽ കർശന നടപടി വേണമെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവിറക്കിയത്. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം കേരളം എങ്ങോട്ടുപോകുന്നു എന്നതിന്റെ സൂചനയാണെന്നും വാദത്തിനിടെ കോടതി പറഞ്ഞു.
കോടതി നിർദേശങ്ങൾ
1) നിയമവിരുദ്ധ ഫ്‌ളക്‌സ് ബോർഡും കൊടികളും ബാനറുകളും 10 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിമാർ മാറ്റണം.
2) 10 ദിവസത്തിനുശേഷവും ബാക്കിനിലനിൽക്കുന്നവയുടെടെ ഉത്തരവാദിത്തം സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമാണ‌്.അത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിനു നൽകേണ്ട താരിഫും പിഴയും ഇവരിൽനിന്ന് ഈടാക്കണം. ജപ‌്തിനടപടികളും സ്വീകരിക്കാം.
3) നീക്കംചെയ്യുന്ന ബോർഡുകൾ മാലിന്യം കൂട്ടിയിടുന്ന പൊതുസ്ഥലങ്ങളിലേക്ക് മാറ്റരുത്. അവ സ്ഥാപിച്ചവർക്കുതന്നെ തിരികെനൽകണം. അവരിൽനിന്ന് ഫീസും പിഴയും ഈടാക്കണം. തയ്യാറായില്ലെങ്കിൽ ജപ‌്തിനടപടിയെടുക്കണം
4) ബോർഡ് തിരികെനൽകിയശേഷം സെക്രട്ടറി നൽകുന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഡിജിപി ഇക്കാര്യത്തിൽ ഉത്തരവിറക്കണം.
5) അനധികൃത ബോർഡ് നിരോധം ഉറപ്പാക്കാൻ ഓരോ ജില്ലയിലും നോഡൽ ഓഫീസർമാരെ നിയമിക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്ടർ എന്നിവരായിരിക്കണം നോഡൽ ഓഫീസർമാർ. ഇവർ മൂന്നുദിവസത്തിനകം തങ്ങളുടെ ഫോൺനമ്പറും ഇമെയിൽ വിലാസവും വാട‌്സാപ്പ് നമ്പറും പരസ്യപ്പെടുത്തണം.
from Kerala || Deshabhimani Online News https://ift.tt/2GKwcW1
via IFTTT
No comments:
Post a Comment