കൽപ്പറ്റ > ആദ്യാക്ഷരം കുറിച്ച വിദ്യാലയമുറ്റത്തേക്ക് ഇന്നലെയും വസന്തകുമാർ വന്നു. കുട്ടിക്കാലത്ത് അക്ഷരധ്വനികളും കളിയാരവങ്ങളും മുഴങ്ങിയ മണ്ണിൽ ‘വസന്തകുമാർ അമർ രഹേ' എന്ന മുദ്രാവാക്യങ്ങൾ ഉയർന്നു. ഓടിക്കളിച്ച മണ്ണിൽ വീരജവാന് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയ കൂട്ടുകാരുടെ ഓർമയിലും കളിക്കൂട്ടുകാരൻ നിറഞ്ഞു. ഒന്ന് മുതൽ നാലാം ക്ലാസുവരെ വസന്തകുമാർ പഠിച്ച ലക്കിടി ഗവ. എൽപി സ്കൂളിലായിരുന്നു പൊതുദർശനം ഒരുക്കിയത്.
സ്കൂൾ മുറ്റത്ത് ഒപ്പം കളിച്ചുവളർന്ന വസന്തകുമാർ എന്ന കൂട്ടുകാരന്റെ മുഖമാണ് പത്താംക്ലാസ് വരെ സഹപാഠിയായിരുന്ന പ്രതീഷ‌് കുമാറിന്റെ മനസ്സിൽ നിറയുന്നത്. സ്പോർട്സിനോടായിരുന്നു കുട്ടിക്കാലം മുതലേ അവന‌് താൽപ്പര്യം. ക്ലാസിൽ നിന്നിറങ്ങിയാൽ നേരെ ഗ്രൗണ്ടിലേക്ക് ഓടുകയായിരുന്നു ശീലമെന്ന് ഇപ്പോൾ ലക്കിടി ഗവ. എൽപി സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായ പ്രതീഷ‌്കുമാർ ഓർക്കുന്നു. ഫുട്ബോളും ക്രിക്കറ്റും ഒരുപോലെ നെഞ്ചേറ്റിയ വസന്തകുമാർ സ്കൂൾ പടിയിറങ്ങിയിട്ടും ഗ്രൗണ്ടിൽ നിന്ന് പോയില്ല. സുഗന്ധഗിരിയിലെ ഫുട്ബോൾ ടീമിന് വേണ്ടിയും തളിപ്പുഴയിലെ നവോദയ ക്ലബ്ബിന് വേണ്ടിയും ബൂട്ടണിഞ്ഞു. അത‌് ലറ്റ‌്ക‌്സിലും നിറഞ്ഞുനിന്നു. നാട്ടിലെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന കായിക മേളകളിൽ നിത്യസാന്നിധ്യമായിരുന്നു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് വർഷങ്ങൾക്ക് മുമ്പ് നടത്തിയ മാരത്തണിൽ ഒന്നാം സ്ഥാനം വസന്തകുമാറിനായിരുന്നുവെന്ന‌് മൂന്നാംസ്ഥാനക്കാരനായി ഫിനിഷ് ചെയ്ത കൽപ്പറ്റ അർബൻ ബാങ്കിലെ പ്രവീൺ ഓർക്കുന്നു.
വസന്തകുമാറിന് സിആർപിഎഫിലേക്ക് വഴി തുറന്നതും സ്പോർട്സായിരുന്നു. അവധിക്ക‌് നാട്ടിലെത്തിയാലും വസന്തകുമാറിനെ കാണാൻ കളിക്കളങ്ങളിൽ ചെല്ലണം. തളിപ്പുഴയിൽ ഫിഷറീസ് വകുപ്പിന്റെ ഗ്രൗണ്ടിലായിരുന്നു കൂട്ടുകാർക്കൊപ്പം ഒത്തുകൂടിയിരുന്നത്. ജോലിസ്ഥലത്തേക്ക‌് മടങ്ങിയാൽ കളിവിശേഷങ്ങൾ അറിയാൻ വസന്തകുമാർ കൂട്ടുകാരെ വിളിക്കും. ഒടുവിൽ വന്നപ്പോഴും തന്റെയടുത്ത‌് വസന്തകുമാർ എത്തിയിരുന്നെന്ന് പ്രതീഷ‌്കുമാർ പറഞ്ഞു. അന്നും ഏറെനേരം ചർച്ചചെയ്തത് ഫുട്ബോളിനെക്കുറിച്ചാണ‌്.
കളിയാരവങ്ങൾ ഒഴിഞ്ഞ അക്ഷരമുറ്റത്തെ മരച്ചോട്ടിൽനിന്ന് നിശ്ചേഷ്ടനായി മടങ്ങിയ കൂട്ടുകാരൻ ഇനിയൊരിക്കലും ബൂട്ടണിയാൻ എത്തില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയും പഴയ സഹപാഠികൾക്കും കൂട്ടുകാർക്കും കഴിയുന്നില്ല.
from Kerala || Deshabhimani Online News http://bit.ly/2DNe3TD
via IFTTT
No comments:
Post a Comment