തിരുവനന്തപുരം > തെരഞ്ഞെടുപ്പ‌് പ്രചാരണ ഭാഗമായി മതിൽ വെള്ളപൂശുകയായിരുന്ന ഡിവൈഎഫ‌്ഐ പ്രവർത്തകരെ ആർഎസ‌്എസ‌് സംഘം ആക്രമിച്ചു.വഞ്ചിയൂർ മേഖലാ സെക്രട്ടറി ദിനീത‌് (29),കവറടി യൂണിറ്റ‌് അംഗം ഷാരോൺ (31) എന്നിവരെയാണ‌് മാരകായുധങ്ങളുമായെത്തിയ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത‌്. പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിനീത‌് ഒഴിഞ്ഞുമാറുന്നതിനിടെ അക്രമി സംഘത്തിൽപ്പെട്ട രണ്ട‌് ആർഎസ‌്എസുകാർക്കും വെട്ടേറ്റു. മുഖ്യശിക്ഷക‌് ഷാജി, ഒപ്പമുണ്ടായിരുന്ന ശ്യാം എന്നിവർക്കാണ‌് വെട്ടേറ്റത‌്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ‌്ച അർധരാത്രി വഞ്ചിയൂരിന‌് സമീപം കവറടി ജങ‌്ഷനിലായിരുന്നു സംഭവം. ദിനീതിനെ ലക്ഷ്യമിട്ടാണ‌് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത‌്. ദിനീതിനെതിരെ ആർഎസ‌്എസ‌് വധഭീഷണിയുണ്ടായിരുന്നു. ‘കൊല്ലെടാ അവനെ’ എന്നാക്രോശിച്ച‌് പാഞ്ഞടുത്ത സംഘം ദിനീതിന‌് നേർക്ക‌് വെട്ടുകത്തി വീശി. ദിനീതിനെ രക്ഷിക്കാൻ ശ്രമിച്ച ഷാരോണിന്റെ മുതുകിൽ വെട്ടി. തലയിലും മുതുകിലും ട്യൂബ്‌ലൈറ്റ‌് കൊണ്ട‌് അടിച്ചു. തുടർന്ന‌് ദിനീതിനെ വീണ്ടും ആക്രമിച്ചു. തലയ‌്ക്ക‌് നേരെ ഷാജി വെട്ടുകത്തി വീശിയത‌് തടയാൻ ശ്രമിച്ച ദിനീതിന്റെ ഇടതുകൈയ‌്ക്ക‌് വെട്ടേറ്റു. ഇതിനിടെ സംഘത്തിലെ മറ്റുള്ളവർ തലയ‌്ക്ക‌്പിന്നിൽ പട്ടിക കൊണ്ടടിച്ചു. വീണ്ടും വെട്ടുകത്തി വീശിയപ്പോൾ ദിനീത‌് ഒഴിഞ്ഞ‌് മാറി. തുടർന്നാണ‌് ഷാജിക്കും ശ്യാമിനും വെട്ടേറ്റത‌്. അക്രമിസംഘത്തിൽ കിരൺ, വിഷ്‌ണു എന്നീ ആർഎസ്‌എസുകാരും ഉണ്ടായിരുന്നു.
പരിക്കേറ്റ ദിനീതിനെയും ഷാരോണിനെയും ഡിവൈഎഫ‌്ഐ–-സിപിഐ എം പ്രവർത്തകരാണ‌് ജനറൽ ആശുപത്രിയിൽ എത്തിച്ചത‌്. ദിനീതിനെ മുമ്പും വധിക്കാൻ ശ്രമമുണ്ടായിട്ടുണ്ട‌്. ആർഎസ‌്എസ‌് അപായപ്പെടുത്തുമെന്ന ഇന്റലിജൻസ‌് റിപ്പോർട്ടുമുണ്ട‌്. ഇക്കാര്യം ദിനീതിനോട‌് പൊലീസ‌് സൂചിപ്പിച്ചിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി, വഞ്ചിയൂർ ഏരിയ സെക്രട്ടറി സി ലെനിൻ, ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് വി വിനീത‌്, സെക്രട്ടറി പ്രമോഷ‌് എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.
from Kerala || Deshabhimani Online News http://bit.ly/2E0MI1H
via IFTTT
No comments:
Post a Comment