നെടുമ്പാശേരി
ഇരുപതുകാരിയായ രൂപ രാമചന്ദ്രൻ നേഴ‌്സ‌് മാത്രമല്ല, ജീവിതപാഠമാണ‌്. തെരുവിൽ അലഞ്ഞ ബാല്യത്തിൽനിന്ന‌് ആതുരസേവനത്തിന്റെ പുതുജീവിതത്തിലേക്ക‌് പറന്നുയർന്ന മാലാഖ. 2008ൽ രൂപയെയും സഹോദരിമാരായ ധനലക്ഷ്മി, ദിവ്യ എന്നിവരെയുംകൊണ്ട് ബംഗളൂരു സ്വദേശികളായ മാതാപിതാക്കൾ രാമചന്ദ്രനും റാണിയും ചങ്ങനാശേരിയിലെത്തി. തെരുവിൽ അലയുകയായിരുന്ന ഇവരെ നാട്ടുകാർ ജനസേവാ ശിശുഭവനിലെത്തിച്ചു. കുട്ടികളെ ജനസേവയിലെത്തിച്ചു മടങ്ങിയ മാതാപിതാക്കൾ പിന്നീട് വന്നില്ല. അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാതിരുന്ന കുട്ടികൾക്ക് ജനസേവയിൽ പ്രാഥമിക വിദ്യാഭ്യാസം നൽകി. അഞ്ചാംക്ലാസ‌് മുതൽ കരുമാല്ലൂർ സെന്റ് ലിറ്റിൽ തെരേസാസ് സ‌്കൂളിലും ഹൈസ‌്കൂൾ, പ്ലസ്ടു വിദ്യാഭ്യാസം ആലുവ ഹോളി ഗോസ‌്റ്റിലും പൂർത്തിയാക്കി.
മികച്ച വിജയം നേടിയ രൂപ 2015ൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നേഴ്സിങ‌് സ‌്കൂളിൽ ചേർന്നു. ഈ മാസം നാലിന‌് നേഴ്സിങ് പരീക്ഷാഫലം വന്നു. ഉയർന്ന മാർക്ക് നേടി വിജയിച്ച രൂപ ജോലിക്കായി അപേക്ഷകൾ അയച്ച് കാത്തിരിക്കുകയാണ്. ചെറുപ്രായത്തിൽ കഷ്ടപ്പാടുകൾ മാത്രം അനുഭവിച്ച തനിക്ക‌് ആതുരസേവനത്തിലൂടെ മറ്റുള്ളവരെ സഹായിച്ച് ജീവിക്കാനാണ് താൽപ്പര്യമെന്ന് രൂപ പറഞ്ഞു. സഹോദരി ധനലക്ഷ്മി മറ്റൊരു സ്ഥാപനത്തിലേക്ക‌് മാറി. ദിവ്യ വിദ്യാർഥിയാണ‌്. മാതാപിതാക്കൾ ഉപേക്ഷിച്ച ആരതി എന്ന പെൺകുട്ടി കഴിഞ്ഞവർഷം നേഴ്സിങ് പൂർത്തിയാക്കി മുംബൈയിലെ അപ്പോളോ ആശുപത്രിയിൽ ജോലിചെയ്യുകയാണെന്ന് ജനസേവ അധികൃതർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2TYmiCW
via IFTTT
No comments:
Post a Comment