കൽപ്പറ്റ
മണ്ണിനായി കേന്ദ്രത്തിന്റെ കണ്ണ‌് തുറപ്പിക്കാൻ വയനാട്ടിൽ ആദിവാസികളുടെ ലോങ് മാർച്ചും ആദിവാസി സഭയും. എകെഎസ‌് നേതൃത്വത്തിൽ മീനങ്ങാടി മുതൽ കൽപ്പറ്റ വരെ ദേശീയ പാതയിലൂടെ 15 കിലോമീറ്റർ മാർച്ച‌് ചെയ‌്ത‌് ആദിവാസി സഭ ചേർന്ന‌് അവകാശങ്ങൾ പ്രഖ്യാപിച്ചു.
വനാവകാശപ്രകാരം ഭൂമി ലഭിക്കാനുള്ള മാനദണ്ഡത്തിൽ മാറ്റംവരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച‌് ആദിവാസികൾ നടത്തിയ മുന്നേറ്റം ജില്ലയുടെ സമരചരിത്രത്തിൽ പുത്തനധ്യായമായി. ആദിവാസി സഭ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ്ഘാടനംചെയ‌്തു. ‘മണ്ണിനുവേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി സ‌്ത്രീകളടക്കം ആയിരങ്ങൾ അണിനിരന്നു. കത്തുന്ന വെയിലിൽ കാൽനടയായി കാടിന്റെ മക്കൾ അവകാശ പ്രഖ്യാപനത്തിനെത്തി.
അമ്മമാർ, യുവതീയുവാക്കൾ, ജനപ്രതിനിധികൾ എന്നിവരടക്കം മൂവായിരത്തോളംപേർ മാർച്ചിൽ അണിനിരന്നു. മാർച്ചിലുടനീളം അഭിവാദ്യപ്രകടനങ്ങളുമുണ്ടായിരുന്നു. വൈകിട്ട‌് 5.30ഓടെയാണ‌് ലോങ് മാർച്ച‌് കൽപ്പറ്റയിൽ എത്തിയത‌്. വിജയപമ്പ‌് പരിസരത്ത‌് ചേർന്ന ആദിവാസി സഭയിൽ എകെഎസ‌് ജില്ലാ പ്രസിഡന്റ‌് സീതാബാലൻ അധ്യക്ഷയായി. സംസ്ഥാന ജോയിന്റ‌് സെക്രട്ടറി വി കേശവൻ അവകാശപ്രഖ്യാപന രേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സി കെ ശശീന്ദ്രൻ എംഎൽഎ, സംഘാടകസമിതി ചെയർമാൻ അഡ്വ. പി ചാത്തുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2t9UY8Z
via IFTTT
No comments:
Post a Comment