തിരുവനന്തപുരം
കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനും നടത്തിപ്പിനും മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകിവരുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഹജ്ജ് തീർഥാടകരുടെ പ്രധാന യാത്രാകേന്ദ്രമെന്ന നിലയിൽ കരിപ്പൂർ വിമാനത്താവളത്തിന് വലിയ സാധ്യതകളുണ്ട‌്. എന്നാൽ, വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ പിന്തുണയും സഹകരണവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന‌് ലഭിക്കുന്നില്ല. എം കെ മുനീർ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന‌് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലാൻഡിങ‌് ഫീസിലും പാർക്കിങ‌് ഫീസിലും ഹാൻഡിലിങ‌് ചാർജിലും ഇളവു വരുത്താത്തതിനാലാണ‌് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട‌് വിമാനത്താവളങ്ങളെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്തത്. കണ്ണൂർ വിമാനത്താവളം ഗ്രീൻ ഫീൽഡ് വിമാനത്താവളമായതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഭാരിച്ച ചെലവ് വേണ്ടിവരും. പുതിയ വിമാനത്താവളമായതിനാലും ഉഡാൻ പദ്ധതിയിൽ ഉൾപ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്തുവർഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത‌്.
മംഗലാപുരം വിമാനത്താവളത്തിലെ അപകടത്തിനുശേഷം ടേബിൾ ടോപ്പ് വിമാനത്താവളമായ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം സുരക്ഷാകാരണങ്ങളാൽ കുറവ് വരുത്തിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച നിർദേശങ്ങളും നിബന്ധനകളും പാലിക്കുന്നതിന് വിമാനത്താവളത്തിലെ ബേസിക് സ്ട്രിപ്പിൽ സ്ഥിതിചെയ്യുന്ന ടെർമിനൽ കെട്ടിടമടക്കം മാറ്റി സ്ഥാപിക്കേണ്ടതുണ്ട‌്.
നിലവിലുള്ള റൺവേയുടെ ദൈർഘ്യം, പാരലൽ ടാക്‌സിവേ, റൺവേ എൻഡ് സേഫ്റ്റി ഏരിയ എന്നിവ നിയമാനുസൃതമായി വർധിപ്പിക്കണം. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ട്. 137 ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി ഇനിയും അധികമായി വേണ്ടിവരുന്നത്. കാർ പാർക്കിങ‌് സൗകര്യത്തിനായി 15.25 ഏക്കർ കൂടി വേണം. സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ‌്ക്ക് കൈമാറുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷമാണ‌് സ്ഥലമെടുപ്പ‌് നടപടികൾ മുന്നോട്ടുപോയത‌്.
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ അംഗീകരിച്ചു. തുടർന്ന്, സർവീസ് ആരംഭിക്കുകയും ചെയ‌്തു. ഹജ്ജ് എംബാർക്കേഷൻ പോയിന്റായി കോഴിക്കോട് വിമാനത്താവളത്തെക്കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതുപ്രകാരമാണ് 2018 ഒക്‌ടോബറിൽ ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യം അംഗീകരിച്ചത്. 2015 ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസുകൾ മൂന്നര വർഷത്തിനുശേഷം കഴിഞ്ഞ വർഷംമുതലാണ് പുനരാരംഭിച്ചത്.
ഈവർഷംമുതൽ കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംപാർക്കേഷൻ പോയിന്റായി പുനഃസ്ഥാപിച്ചു. എമിറേറ്റ്‌സ്, എയർ ഇന്ത്യ വിമാന കമ്പനികൾക്ക് വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള വിമാന സർവീസ് നടത്തുന്നതിനാവശ്യമായ അനുമതി കേന്ദ്ര വ്യോമയാനവകുപ്പ് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന‌് അടിയന്തരപ്രമേയത്തിന‌് സ‌്പീക്കർ അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷം വാക്കൗട്ട‌് നടത്തി.
from Kerala || Deshabhimani Online News http://bit.ly/2HUIwEt
via IFTTT
No comments:
Post a Comment