തിരുവനന്തപുരം
രോഗം വന്നാൽ നേരിടുക എന്നതിനുപകരം രോഗംവരാതെ മുൻകൂർ പ്രതിദിനം പ്രതിരോധിക്കുക എന്നതിലൂന്നിയ ആരോഗ്യനയമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിദിനം പ്രതിരോധത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ആരോഗ്യ ജാഗ്രതയുടെ രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തിയറ്ററിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യരംഗത്ത് വളരെയേറെ വെല്ലുവിളികൾ നേരിട്ട വർഷമാണ് കടന്നുപോയത‌്. അതിന്റെ അനുഭവപാഠങ്ങളും ഈ വർഷ പ്രവർത്തനങ്ങൾക്ക‌് ഊർജമാകണം.
മാലിന്യനിർമാർജനത്തിനായി നല്ല പ്രവർത്തനമാണ് നടത്തുന്നത്. ഇതിനായി കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം ആവിഷ‌്കരിച്ചിട്ടുണ്ട്. മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറുന്ന തരിശുനിലങ്ങളെ കൃഷിഭൂമികളാക്കാനും അവിടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കഴിയണം. പകർച്ചവ്യാധി നിയന്ത്രണത്തിന് ഒരുവർഷത്തെ കലണ്ടർ തയ്യാറാക്കിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത‌്–- മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ‌് തദ്ദേശ സ്വയംഭരണവകുപ്പ‌് എന്നിവയുടെ മുൻകൈയിൽ ഇതര വകുപ്പുകളുടെ സഹകരണത്തോടെ വർഷംമുഴുവൻ നീളുന്ന ശുചീകരണ പ്രവർത്തനമായ ‘ആരോഗ്യ ജാഗ്രത’യിലൂടെ പകർച്ചവ്യാധി പ്രതിരോധത്തിൽ വലിയ നേട്ടങ്ങൾ കഴിഞ്ഞ വർഷം കൈവരിക്കാനായെന്ന് ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി കെ പ്രശാന്ത്, എ സമ്പത്ത് എംപി, വി എസ് ശിവകുമാർ എംഎൽഎ, ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ, ഡോ. രാജൻ എൻ ഖൊബ്രഗഡെ, ആരോഗ്യ കേരളം മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യ ഡയറക്ടർ ആർ എൽ സരിത, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശമന്ത്രി എ സി മൊയ്തീൻ സ്വാഗതം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2HTYZIW
via IFTTT
No comments:
Post a Comment