തിരുവനന്തപുരം > കേരള ബാങ്ക് രൂപീകരിക്കുന്നതിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ നീക്കിയുള്ള 2019-ലെ കേരള സഹകരണ സംഘ (ഭേദഗതി) ബിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ചു. ചർച്ചകൾക്കുശേഷം ബിൽ സബ‌്ജക്ട‌് കമ്മിറ്റിയുടെ പരിഗണനക്കു വിട്ടു. സംസ്ഥാനത്തെ ഹ്രസ്വകാല വായ്പാഘടനയെക്കുറിച്ച് പഠിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണബാങ്കുകളും പലിശയുടെ ഭാരം വർധിപ്പിക്കുന്നതല്ലാതെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് നേട്ടമുണ്ടാക്കുന്നില്ലെന്ന‌് കമ്മിറ്റി ശുപാർശ ചെയ‌്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി.
ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ കൂട്ടിച്ചേർത്തുള്ള കേരള ബാങ്കിൽ മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം തുടങ്ങിയ സൗകര്യങ്ങൾ പുതുതലമുറ ബാങ്കുകൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ നൽകാൻ കഴിയും. ആഗോള ബാങ്കായി കേരള ബാങ്കിനെ മാറ്റുകയാണ് ലക്ഷ്യം.
ജില്ലാ സഹകരണ ബാങ്കുകളുടെ ആസ്തികളും ബാധ്യതകളും സംസ്ഥാന സഹകരണ ബാങ്കിനു നൽകി സഹകരണരംഗത്തെ ഹ്രസ്വകാല വായ്പാഘടന ത്രിതല സംവിധാനത്തിൽനിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറ്റാൻ സർക്കാർ അനുമതി നൽകിയിരുന്നു. സംസ്ഥാന സഹകരണ സംഘ ആക്ടിലെ 14–-ാം വകുപ്പ‌് പ്രകാരം രണ്ടോ അതിലധികമോ സഹകരണ സംഘങ്ങൾ കൂട്ടിച്ചേർക്കാനും ആസ‌്തിയും ബാധ്യതകളും കൈമാറ്റംചെയ്യാനും അംഗങ്ങളുടെ മൂന്നിൽ രണ്ട‌് ഭൂരിപക്ഷം ആവശ്യമുണ്ട‌്.
ആസ‌്തികളും ബാധ്യതകളും കൈമാറാൻ ഈ വ്യവസ്ഥ തടസ്സമാണ‌്. ഇതൊഴിവാക്കാൻ വ്യവസ്ഥ കേവല ഭൂരിപക്ഷം എന്നാക്കി ഭേദഗതി ചെയ‌്ത‌് ഓർഡിനൻസ‌് ഇറക്കിയിരുന്നു. ഇത‌് ഉൾക്കൊള്ളുന്ന ബില്ലാണ‌് സഭയിൽ അവതരിപ്പിച്ചത‌്. എ പ്രദീപ‌് കുമാർ, എൻ എ നെല്ലിക്കുന്ന‌്, വി പി സചീന്ദ്രൻ, എൽദോസ‌് കുന്നപ്പള്ളി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2TsZ6wq
via IFTTT
No comments:
Post a Comment