കൊച്ചി
നാലായിരം വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ പുസ‌്തകങ്ങൾ, 35 ശതമാനംവരെ വിലക്കുറവ‌്, തെരഞ്ഞെടുത്ത കൃതികൾക്ക‌് 50 ശതമാനം വിലക്കുറവ‌്, മഹാത്മാഗാന്ധിയുടെയും കാറൽ മാർക‌്സിന്റെയും പുസ‌്തകങ്ങളുടെ ശേഖരം, അമർ ചിത്രകഥയടക്കം കുട്ടികൾക്കു മാത്രമായി രണ്ടായിരത്തോളം വിഭാഗങ്ങളിലായി പതിനായിരക്കണക്കിന‌് പുസ‌്തകങ്ങൾ... കൃതി അന്താരാഷ‌്ട്ര പുസ‌്തകമേളയിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നാല‌് സ‌്റ്റാളുകളിലും തിരക്കേറുകയാണ‌്. സ്ഥാപക നേതാക്കളുടെ ചിത്രങ്ങളും ആദ്യകാലങ്ങളിൽ പ്രസിദ്ധീകരിച്ച പുസ‌്തകങ്ങളും പ്രദർശനത്തിന‌് ഒരുക്കിയിട്ടുണ്ട‌്.
നാലായിരത്തോളം തലക്കെട്ടുകളിലായി ഒരു ലക്ഷത്തിലേറെ പുസ‌്തകങ്ങളാണ‌് എസ‌്പിസിഎസിന്റെ പ്രധാന സ‌്റ്റാളിൽ വായനക്കാരെ ആകർഷിക്കുന്നത‌്. മലയാളം സർവകലാശാലയും വള്ളത്തോൾ വിദ്യാപീഠവും പുറത്തിറക്കുന്ന പഠനഗ്രന്ഥങ്ങളും ഈ സ‌്റ്റാളിൽ വിൽപ്പനയ‌്ക്കുണ്ട‌്.
പത്ത‌് ലോക ക്ലാസിക്കുകളുടെ മലയാള പരിഭാഷ, വർണച്ചിത്രങ്ങളുടെ ഇല്ലസ‌്ട്രേഷനോടെ പുറത്തിറക്കിയ ഇല്ലസ‌്ട്രേറ്റഡ‌് ക്ലാസിക‌് എന്ന പുസ‌്തകത്തിന‌് കുട്ടിവായനക്കാരാണ‌് കൂടുതൽ. സെർവാന്റസിന്റെയും അലക‌്സാണ്ടർ ഡ്യൂമാസിന്റെയും ഒ ഹെൻറിയുടെയും ഷേക‌്സ‌്പിയറിന്റെയും മാർക‌് ട്വയിന്റെയുമൊക്കെ രചനകളാണ‌് ഇതിലുൾപ്പെടുത്തിയിട്ടുള്ളത‌്. വള്ളത്തോൾ ഋഗ്വേദ വിവർത്തനവും വിൽപ്പനയ‌്ക്കുണ്ട‌്. മാർക‌്സിന്റെ മൂലധനത്തിന്റെ മുഴുവൻ വാള്യങ്ങളുടെയും വിവർത്തനം പകുതി വിലയ‌്ക്ക‌് ലഭ്യമാണ‌്. 2880 രൂപയാണ‌് മൂന്നു വാള്യങ്ങളുടെയും വില.
കാറൽ മാർക‌്സിന്റെയും മഹാത്മാഗാന്ധിയുടെയും മുഴുവൻ രചനകളും ശേഖരിച്ച‌് എസ‌്പിസിഎസ‌് പ്രദർശനത്തിലെത്തിച്ചിട്ടുണ്ട‌്. മഹാത്മാഗാന്ധിയുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും രചനകളും മഹാത്മാഗാന്ധിയെക്കുറിച്ച‌് മലയാളത്തിൽ ലഭ്യമായ പുസ‌്തകങ്ങളുടെ ശേഖരവും പൂർണാ പബ്ലിക്കേഷൻ എസ‌്പിസിഎസിന്റെ സ‌്റ്റാളിൽ അണിനിരത്തിയിട്ടുണ്ട‌്.
എസ‌്പിസിഎസിന്റെ സ്ഥാപകാംഗങ്ങളുടെ ചിത്രങ്ങളുടെയും ആദ്യകാലത്ത‌് പ്രസിദ്ധീകരിച്ച പുസ‌്തകങ്ങളുടെയും പ്രദർശനത്തിൽ ഡി സി കിഴക്കേമുറി, എം പി പോൾ, കാരൂർ നീലകണ‌്ഠപിള്ള, പി ശ്രീധരൻപിള്ള, പി ദാമോദരൻപിള്ള, കെ പി ശിവാനന്ദൻനായർ, നാലാങ്കൽ കൃഷ‌്ണപിള്ള, പണ്ഡിറ്റ‌് നാരായണദേവ‌്, ഡോ. എ ജി നായർ, പി കേശവദേവ‌്, എൽ സി ഐസക‌്, എം എൻ ഗോവിന്ദൻനായർ എന്നിവരായിരുന്നു അംഗങ്ങൾ. എം പി പോൾ പ്രസിഡന്റും കാരൂർ സെക്രട്ടറിയുമായിരുന്നു. തകഴി, ബഷീർ, കെ സുരേന്ദ്രൻ, പോഞ്ഞിക്കര റാഫി, മുട്ടത്തുവർക്കി, ഓംചേരി, കൈനിക്കര കുമാരപിള്ള, മലയാറ്റൂർ രാമകൃഷ‌്ണൻ, ഉണ്ണിക്കൃഷ‌്ണൻ പുതൂർ, ഒ എൻ വി കുറുപ്പ‌് തുടങ്ങിയവരുടെ കൃതികളുടെ ആദ്യകാല പതിപ്പുകളും പ്രദർശനത്തിലുണ്ട‌്. ഈ പുസ‌്തകങ്ങൾ വിൽപ്പനയ‌്ക്ക‌് ലഭ്യമല്ല.
എസ‌്പിസിഎസ‌് പ്രസിദ്ധീകരിക്കുന്ന പുസ‌്തകങ്ങളുടെ വിൽപ്പന നടത്തുന്ന എൻബിഎസിന്റെ സ‌്റ്റാളുകളിൽ കുട്ടികൾക്കായുള്ള പുസ‌്തകങ്ങളുടെ വൻശേഖരമുണ്ട‌്. അമർ ചിത്രകഥ മുതൽ എൻബിഎസ‌് പുറത്തിറക്കുന്ന എല്ലാ പുസ‌്തകങ്ങളും ഇവിടെ കിട്ടും.
from Kerala || Deshabhimani Online News http://bit.ly/2tfNLEM
via IFTTT
No comments:
Post a Comment