ന്യൂഡൽഹി > പുൽവാമ ഭീകരാക്രമണത്തെ തുടർന്ന‌് സംഘപരിവാർ അനുഭാവികളുടെ നേതൃത്വത്തിൽ സാമൂഹ്യമാധ്യമ നിരീക്ഷണത്തിന‌് പ്രത്യേകസംഘം. ഫെയ‌്സ‌്ബുക്കടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ആരെങ്കിലും വിമർശിക്കുന്നുണ്ടെങ്കിൽ അവരെ കുടുക്കുകയാണ‌് ‘ക്ലീൻ ദി നേഷൻ’ എന്ന പേരിലുള്ള ഫെയ‌്സ‌്ബുക്ക‌് ഗ്രൂപ്പിന്റെ ലക്ഷ്യം. സർക്കാരിനെയോ ബിജെപിയെയോ വിമർശിച്ചാൽ അത‌് സൈന്യത്തെയും രാജ്യത്തെയും വിമർശിക്കുന്ന രീതിയിൽ വളച്ചൊടിച്ച‌് പ്രചരിപ്പിക്കുന്നതാണ‌് ഈ ഗ്രൂപ്പിന്റെ പ്രധാനജോലി.
ആർഎസ‌്എസ‌് അനുഭാവികളായ 42 പേരായിരുന്നു ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന അങ്കിത്ത‌്ജയിൻ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട‌്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രി സ‌്മൃതി ഇറാനി തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഗ്രൂപ്പിന്റെ സ്ഥാപകാംഗങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലുണ്ട‌്. രാജ്യദ്രോഹമെന്ന‌് ഗ്രൂപ്പിന‌് അനുഭവപ്പെടുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവർക്ക‌് എതിരെ സൈബർ ആക്രമണം നടത്തുന്നതിനുപുറമേ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക‌് കൂട്ടത്തോടെ സന്ദേശങ്ങൾ അയച്ച‌് ജോലി കളയിക്കുകയെന്നതും ഗ്രൂപ്പിന്റെ ലക്ഷ്യമാണെന്ന‌് വ്യക്തമാക്കി സ്ഥാപകരിൽ ഒരാളായ മധുർസുഖ‌് സിങ് പോസ‌്റ്റ‌് ചെയ‌്ത വീഡിയോ സന്ദേശത്തിൽ പറയുന്നു.
ഗുവാഹത്തി സ്വദേശിനിയായ അധ്യാപിക ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിന്റെ പേരിൽ സസ‌്പെൻഡ‌് ചെയ്യപ്പെട്ടതിന‌് പിന്നിലും രാജസ്ഥാൻ സർവകലാശാലയിലെ കശ‌്മീരി വിദ്യാർഥികളുടെ പേരിൽ കേസെടുത്തതിനു പിന്നിലും ക്ലീൻ ദി നേഷന്റെ ഇടപെടലുണ്ട‌്.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച‌് വ്യക്തികൾക്കെതിരെ സൈബർ ആക്രമണത്തിന‌് ഗ്രൂപ്പ‌് ആഹ്വാനം ചെയ്യുന്നതായി വാർത്താപോർട്ടലായ ‘സ‌്ക്രോൾ’ റിപ്പോർട്ട‌് ചെയ‌്തതിന‌് പിന്നാലെ ഫെയ‌്സ‌്ബുക്കിൽനിന്ന‌് ഈ ഗ്രൂപ്പ‌് അപ്രത്യക്ഷമായതായതും ദുരൂഹമാണ‌്. എന്നാൽ, മറ്റ‌് പല പേരിലും ഇത്തരം ഗ്രൂപ്പുകൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണെന്നും റിപ്പോർട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2TVQ0bW
via IFTTT
No comments:
Post a Comment