ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി ബിജെപിയിൽ തർക്കം മുറുകുന്നു. കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽനിന്ന് വി മുരളീധരപക്ഷം വിട്ടുനിന്നു. വി മുരളീധരൻ, കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ എന്നിവർ പങ്കെടുത്തില്ല. സീറ്റുവിഭജനത്തോടൊപ്പം ജില്ലകളിലെ പുനഃസംഘടനയും ചർച്ചയായി. ഇതിലും മുരളീധരൻപക്ഷത്തെ പൂർണമായി ഒഴിവാക്കിയെന്നാണ‌് വിവരം.
കെ സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും ഒതുക്കാൻ ശ്രമിക്കുന്നുവെന്നാണ‌് മുരളീധരപക്ഷത്തിന്റെ പ്രധാന പരാതി. സുരേന്ദ്രന‌് പാലക്കാട‌് നൽകണമെന്ന‌് ആവശ്യപ്പെട്ടിട്ടും ശ്രീധരൻപിള്ളപക്ഷം അതു നിരസിച്ചു. എൻഎസ‌്എസിന്റെ പിന്തുണ കിട്ടില്ലെന്നാണ‌് എതിർപക്ഷം പറയുന്നത‌്. തിരുവനന്തപുരത്ത‌് ഒരു സാധ്യതയുമില്ലാത്ത കുമ്മനത്തിന്റെ പേര‌് ഉയർത്തിക്കാട്ടുന്നത‌് അവസാനനിമിഷം ശ്രീധരൻപിള്ളയ‌്ക്ക‌് മത്സരിക്കാനാണെന്നും മുരളിപക്ഷം പറയുന്നു.
കൂടിയാലോചനയില്ലാതെ പട്ടിക കേന്ദ്രത്തിന് കൈമാറിയെന്നാണ് മറ്റൊരു ആരോപണം. കോർ കമ്മിറ്റി യോഗത്തിൽ ബിഡിജെഎസിന‌് ആറ‌് സീറ്റ‌് നൽകാൻ ധാരണയായി. ആലപ്പുഴ, ആറ്റിങ്ങൽ, ഇടുക്കി, എറണാകുളം, വയനാട‌്, വടകര എന്നീ മണ്ഡലങ്ങളാകും നൽകുക. കോട്ടയം പി സി തോമസിനും നൽകും.
ശ്രീധരൻപിള്ളയും സംഘടനാചുമതലയുള്ള ബിജെപി നേതാവ് ബി എൽ സന്തോഷും ചേർന്ന് സാധ്യതാപട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറിയെന്ന് നേരത്തെ വിമർശമുയർന്നിരുന്നു. ഇതുസംബന്ധിച്ച‌് കേന്ദ്രനേതൃത്വത്തിന‌് പരാതി നൽകിയിട്ടുമുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2Ij5Lbv
via IFTTT
No comments:
Post a Comment