വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാകെ ബിജെപിയാകുമ്പോൾ കേരളത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസും ബിജെപിയും ഒന്നിക്കുന്നു. തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൽഡിഎഫ‌് ഭരണസമിതികൾക്കെതിരെ ബിജെപിയോടൊപ്പം ചേർന്ന‌് യുഡിഎഫ‌് അവിശ്വാസം കൊണ്ടുവരുന്നത‌് ഇതിന്റെ ഭാഗമാണ‌്. കോൺഗ്രസ‌്, മുസ്ലിംലീഗ‌്, കേരള കോൺഗ്രസ‌് എന്നീ യുഡിഎഫ‌് കക്ഷികളെ അധികാരത്തിലേറ്റാൻ ബിജെപിയുടെ വോട്ട‌് നൽകുന്നു. ബിജെപിയെ അധികാരത്തിലെത്തിക്കാൻ യുഡിഎഫ‌് തിരിച്ചും. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലാകെ പ്രാവർത്തികമാക്കേണ്ട ‘സഖ്യ’ത്തിന്റെ റിഹേഴ‌്സലാണ‌് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്നത‌്.
തദ്ദേശസ്ഥാപനങ്ങളിലെ കോലീബി സഖ്യത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ‌് തിരുവനന്തപുരത്തെ മലയിൻകീഴ‌്, കോട്ടുകാൽ, വയനാട്ടിലെ തരിയോട‌് പഞ്ചായത്തുകളിൽ നടന്നത‌്. മൂന്നിടത്തും എൽഡിഎഫ‌് പ്രസിഡന്റുമാരെ താഴെയിറക്കാൻ യുഡിഎഫ‌് ബിജെപിയുമായി കൈകോർത്തു. ശബരിമലവിഷയവുമായി ബന്ധപ്പെട്ട‌് ബിജെപിയും ആർഎസ‌്എസും നടത്തിയ അക്രമങ്ങളിൽ ഏറ്റവും രൂക്ഷമായത‌് മലയിൻകീഴിലായിരുന്നു. അക്രമികളായ ബിജെപി, ആർഎസ‌്എസ‌് പ്രവർത്തകരെ അറസ്റ്റ‌്ചെയ‌്തതാണ‌് മലയിൻകീഴിൽ അവിശ്വാസപ്രമേയത്തിനുള്ള പ്രകോപനം. സിപിഐ എമ്മിനും കോൺഗ്രസിനും എട്ടുവീതം അംഗങ്ങളുള്ള പഞ്ചായത്തിൽ സിപിഐ എം പിന്തുണയോടെ ലോക‌്താന്ത്രിക‌് ജനതാദളിന്റെ അംഗമായിരുന്നു പ്രസിഡന്റ‌്. ബിജെപിക്ക‌് രണ്ടും ജനതാദൾ യുവിന‌് ഒന്നും അംഗങ്ങളുണ്ട‌്. ബിജെപിയുടെയും ജനതാദൾ യുവിന്റെയും പിന്തുണ ഉറപ്പിച്ചശേഷം കോൺഗ്രസ‌് അവിശ്വാസം കൊണ്ടുവരികയായിരുന്നു.
കോട്ടയം
കോട്ടയം ജില്ലയിലെ ഉഴവൂർ, പൂഞ്ഞാർ പഞ്ചായത്തുകളിൽ ബിജെപി പിന്തുണയോടെ യുഡിഎഫ‌് പ്രസിഡന്റുമാർ ഭരിക്കുന്നു.
ഇടുക്കി
ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരസഭയിൽ എൽഡിഎഫ‌് ചെയർപേഴ‌്സണെ പുറത്താക്കാൻ യുഡിഎഫും ബിജെപിയും ഒന്നിച്ചു.
പത്തനംതിട്ട
പത്തനംതിട്ടയിലെ കുറ്റൂർ പഞ്ചായത്തിൽ യുഡിഎഫ‌് പിന്തുണയോടെയാണ‌് ബിജെപി അംഗം പ്രസിഡന്റായത‌്. കാസർകോട‌് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിൽ എൽഡിഎഫിനെ പുറത്താക്കാൻ യുഡിഎഫ‌് ബിജെപിക്കൊപ്പം ചേർന്നു. ബിജെപിക്കൊപ്പം വോട്ടുചെയ‌്ത നാല‌് അംഗങ്ങളെ പുറത്താക്കിയെന്ന‌് അവകാശപ്പെട്ട കോൺഗ്രസ‌് കൂറുമാറിയവരുടെ അംഗത്വം റദ്ദാക്കാൻ ഇലക‌്ഷൻ കമീഷനെ സമീപിച്ചിട്ടില്ല.
മലപ്പുറം
രണ്ട‌് സീറ്റുള്ള ബിജെപിയുടെ പിന്തുണയോടെയാണ‌് മലപ്പുറം വള്ളിക്കുന്ന‌് പഞ്ചായത്ത‌് മുസ്ലിംലീഗ‌് ഭരിക്കുന്നത‌്. പത്ത‌് അംഗങ്ങളുള്ള സിപിഐ എമ്മാണ‌് ഏറ്റവും വലിയ ഒറ്റക്കക്ഷി. പരപ്പനങ്ങാടി നഗരസഭയിൽ ജനകീയ വികസന മുന്നണിക്ക‌് 19 സീറ്റും മുസ്ലിംലീഗിന‌് 18 സീറ്റും ബിജെപിക്ക‌് നാലും യുഡിഎഫ‌് വിമതർക്ക‌് രണ്ടും കോൺഗ്രസ‌്, ജനതാദൾ എന്നിവയ‌്ക്ക‌് ഓരോ സീറ്റുവീതവുമാണ‌്. ചെയർപേഴ‌്സൺ തെരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിന്ന‌് മുസ്ലിംലീഗിനെ സഹായിച്ചു.
പാലക്കാട‌്
പാലക്കാട‌് നഗരസഭയിൽ ബിജെപി ഭരണം നിലനിർത്തുന്നത‌് കോൺഗ്രസാണ‌്. 52 അംഗ കൗൺസിലിൽ ബിജെപി–-24, യുഡിഎഫ‌്–-18, സിപിഐ എം–-9, വെൽഫെയർ പാർടി–-ഒന്ന‌് എന്നിങ്ങനെയാണ‌് കക്ഷിനില. ചെയർപേഴ‌്സണും വൈസ‌് ചെയർമാനുമെതിരായ അവിശ്വാസപ്രമേയം ചർച്ചയ‌്ക്കെടുക്കുന്നതിന്റെ തലേന്ന‌് കോൺഗ്രസ‌് അംഗമായ ശരവണൻ രാജിവച്ചു. അതോടെ പ്രതിപക്ഷ അംഗബലം 26 ആയി. 27 അംഗങ്ങളുടെ പിന്തുണ വേണം അവിശ്വാസപ്രമേയം പാസാകാൻ. പാലക്കാട‌് ജില്ലയിലെ തെങ്കര പഞ്ചായത്തിൽ സിപിഐ എം പ്രസിഡന്റിനെ അട്ടിമറിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് തെങ്കര മണ്ഡലം കമ്മിറ്റി ബിജെപിയുടെ പിന്തുണ രേഖാമൂലം ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ ബിജെപി വിട്ടുനിന്നതോടെ മുസ്ലിംലീഗ‌് അംഗം പ്രസിഡന്റായി.
ആലപ്പുഴ
ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്തിലെ സിപിഐ എം വൈസ‌് പ്രസിഡന്റിനെ ബിജെപി പിന്തുണയോടെ കോൺഗ്രസ‌് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. പഞ്ചായത്തിൽ സിപിഐ എമ്മിനും കോൺഗ്രസിനും അഞ്ചു വീതവും ബിജെപിക്ക‌് മൂന്നും അംഗങ്ങളുമുണ്ട‌്. കഴിഞ്ഞ ജൂലൈയിൽ ബിജെപിയുമായി ധാരണയുണ്ടാക്കി പ്രസിഡന്റിനും വൈസ‌് പ്രസിഡന്റിനുമെതിരെ കോൺഗ്രസ‌് അവിശ്വാസപ്രമേയ നോട്ടീസ‌് നൽകി. പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിൽ പങ്കെടുത്ത ബിജെപി അംഗത്തിന്റെ വോട്ട‌് അസാധുവായതോടെ പ്രമേയം പരാജയപ്പെട്ടു.
കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസത്തിൽ അണിനിരന്നു. അധികാരത്തർക്കംമൂലം അവിശുദ്ധസഖ്യത്തിന‌് വൈസ‌് പ്രസിഡന്റ‌് സ്ഥാനാർഥിയെ തീരുമാനിക്കാനായില്ല. രണ്ടാഴ‌്ചയ‌്ക്കുശേഷം നടന്ന വൈസ‌് പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽനിന്ന‌് ബിജെപി വിട്ടുനിന്നു. സിപിഐ എം, കോൺഗ്രസ‌് സ്ഥാനാർഥികൾക്ക‌് അഞ്ചുവീതം വോട്ടു ലഭിച്ചതോടെ നറുക്കെടുപ്പിൽ സിപിഐ എം അംഗം സ്ഥാനം നിലനിർത്തി.
എൽഡിഎഫ‌് ഭരിക്കുന്ന തൈക്കാട്ടുശേരി പഞ്ചായത്തിൽ നയപരമായ എല്ലാ തീരുമാനങ്ങളും അട്ടിമറിക്കുകയാണ‌് യുഡിഎഫ‌്–-ബിജെപി സഖ്യം. പട്ടികജാതി വനിതക്ക‌് പ്രസിഡന്റ‌് സ്ഥാനം സംവരണം ചെയ‌്തിരിക്കുന്ന ഇവിടെ ഈ വിഭാഗത്തിൽ സിപിഐ എമ്മിന‌് മാത്രമേ അംഗമുള്ളൂ. അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമുണ്ട‌്. പകരം നയപരമായ തീരുമാനങ്ങൾ ഒരുമിച്ചുനിന്ന‌് എതിർത്തു തോൽപ്പിക്കുകയാണ‌് അവിശുദ്ധ സഖ്യത്തിന്റെ രീതി. ചേന്നംപള്ളിപ്പുറത്തും സമാനമാണ‌് രീതി.
എറണാകുളം
എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ, ചെങ്ങമനാട‌് പഞ്ചായത്തുകളിൽ എൽഡിഎഫിനെ ഭരണത്തിൽനിന്ന‌് താഴെയിറക്കാൻ ബിജെപിയുടെ സഹായം കോൺഗ്രസ‌് തേടുകയായിരുന്നു. ചെങ്ങമനാട‌് പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും ആറംഗങ്ങളാണുള്ളത‌്. ബിജെപിക്ക‌് അഞ്ചും.
നറുക്കെടുപ്പിൽ എൽഡിഎഫ‌് അംഗം പ്രസിഡന്റായി. രണ്ടുവർഷത്തിനുശേഷം പ്രസിഡന്റിനെതിരെ കോൺഗ്രസും ബിജെപിയും അവിശ്വാസപ്രമേയത്തിൽ ഒന്നിച്ച‌് വോട്ട‌് ചെയ‌്തു. പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽനിന്ന‌് ബിജെപി വിട്ടുനിന്നെങ്കിലും രണ്ടു പഞ്ചായത്തിലും യുഡിഎഫ‌് ഭരണം ബിജെപിയുടെ രഹസ്യപിന്തുണയോടെ തുടരുന്നു.
നേമത്തിന്റെ തുടർച്ച
2016ലെ നിയമസഭാതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമത്ത‌് യുഡിഎഫ‌് സഹായത്തോടെയാണ‌് ബിജെപി പ്രതിനിധി ആദ്യമായി കേരള നിയമസഭയിൽ എത്തിയത‌്. 2006ൽ തിരുവനന്തപുരം ഈസ്റ്റ‌് എന്നറിയപ്പെട്ട ഈ മണ്ഡലത്തിൽ യുഡിഎഫ‌് സ്ഥാനാർഥി ബി വിജയകുമാറിന‌് 32,450 വോട്ട‌് ലഭിച്ചിരുന്നു. ആ തെരഞ്ഞെടുപ്പിൽ 34,583 വോട്ട‌് നേടിയ എൽഡിഎഫ‌് സ്ഥാനാർഥി വി ശിവൻകുട്ടിയാണ‌് വിജയിച്ചത‌്. 2011ൽ ശിവൻകുട്ടിതന്നെ വിജയിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് സ്ഥാനാർഥി ചാരുപാറ രവി 20,145 വോട്ടോടെ മൂന്നാംസ്ഥാനത്തായി. രണ്ടാംസ്ഥാനത്ത‌് 43,540 വോട്ട‌് നേടിയ ബിജെപി സ്ഥാനാർഥിയായ ഒ രാജഗോപാലായിരുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കാൻ യുഡിഎഫ‌് വോട്ട‌് മറിച്ചുനൽകി. 2016ൽ യുഡിഎഫിന‌് കിട്ടിയത‌് 13860 വോട്ട‌് മാത്രം. യുഡിഎഫിന‌് കുറഞ്ഞ വോട്ടാണ‌് ഇവിടെ ബിജെപിയുടെ പെട്ടിയിൽ വീണത‌്. ജില്ലയിലെ മറ്റ‌് ചില മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ കോൺഗ്രസിനും ലഭിച്ചു.
from Kerala || Deshabhimani Online News http://bit.ly/2DiBROT
via IFTTT
No comments:
Post a Comment