കൊച്ചി > കേരള ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ ലോയേഴ‌്സ‌് യൂണിയൻ പാനലിന് ചരിത്രവിജയം. യൂണിയൻ നേതൃത്വത്തിലുള്ള ഐഎഎലും സ്വതന്ത്രരും ഉൾപ്പെട്ട മുന്നണിയാണ‌് വിജയിച്ചത‌്. 2018 മേയിൽ കൗൺസിൽ വിജയികളെ പ്രഖ്യാപിച്ചെങ്കിലും ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ഇടപെട്ട് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വൈകിക്കുകയായിരുന്നു. ഒടുവിൽ സുപ്രീംകോടതി ഉത്തരവിലൂടെ ജസ്റ്റിസ് കെ ടി തോമസ് നിരീക്ഷകനായാണ് ഞായറാഴ‌്ച തെരഞ്ഞെടുപ്പ് നടന്നത്.
ബാർ കൗൺസിൽ ചെയർമാനായി അഡ്വ. ഇ ഷാനവാസ് ഖാനെ തെരഞ്ഞെടുത്തു. എൻ മനോജ‌്കുമാർ (ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം), സി എസ‌് അജിതൻ നമ്പൂതിരി (എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ), എൻ നാഗരാജൻ (ട്രസ‌്റ്റ‌് കമ്മിറ്റി ചെയർമാൻ), ആനയറ ഷാജി (വൈസ‌് ചെയർമാൻ), കെ കെ നാസർ (ട്രഷറർ), പി സന്തോഷ് കുമാർ (എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ), ടി സി മൊയ്തീൻ (യങ‌് ലോയേഴ‌്സ് വെൽഫെയർ കമ്മിറ്റി ചെയർമാൻ), ചെറിയാൻ വർഗീസ് (റൂൾസ‌് കമ്മിറ്റി ചെയർമാൻ), എസ‌് കെ പ്രമോദ് (സെമിനാർ കമ്മിറ്റി ചെയർമാൻ) എന്നിവരാണ‌് ഭാരവാഹികൾ. മൂന്നുപേർ ഒഴികെ എല്ലാവരും ലോയേഴ‌്സ‌് യൂണിയൻ പ്രതിനിധികളാണ‌്.
അഡ്വക്കറ്റ‌് ജനറൽ സി പി സുധാകരപ്രസാദിനെ വെൽഫെയർ ഫണ്ട് കമ്മിറ്റിയുടെയും സ്പെഷ്യൽ കമ്മിറ്റിയുടെയും ചെയർമാൻസ്ഥാനത്തുനിന്ന് നീക്കാനും വോട്ട് ചെയ്യുന്നത് വിലക്കാനും ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതിയും ഇടപെട്ട് തടയുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേന്ന‌് കെ എൻ അനിൽകുമാർ, അജിതൻ നമ്പൂതിരി എന്നിവർ വോട്ട് ചെയ്യുന്നത‌് വിലക്കി ബിസിഐ ഉത്തരവിട്ടെങ്കിലും ഇത് ജസ്റ്റിസ് കെ ടി തോമസ് തള്ളി.
അഭിഭാഷകരുടെ ജനാധിപത്യാവകാശ സംരക്ഷണത്തിന്റെ വിജയമായിക്കണ്ട‌് തിങ്കളാഴ്ച എല്ലാ കോടതികേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനം നടത്തുമെന്ന് ലോയേഴ‌്സ‌് യൂണിയൻ സംസ്ഥാന സെകട്ടറി അഡ്വ. ബി രാജേന്ദ്രൻ പറഞ്ഞു.
ചെയർമാനായി തെരഞ്ഞെടുത്ത ഇ ഷാനവാസ‌്ഖാൻ പ്രമുഖ സീനിയർ ക്രിമിനൽ അഭിഭാഷകനാണ‌്.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ലോയേഴ‌്സ‌് യൂണിയൻ കേന്ദ്ര എക‌്സിക്യൂട്ടീവ‌് കമ്മിറ്റി അംഗം, വിവിധ ട്രേഡ‌് യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. വിവിധ മേഖലകളിലെ പ്രവർത്തനം കണക്കിലെടുത്ത‌് ജസ‌്റ്റിസ‌് വി ആർ കൃഷ‌്ണയ്യർ പുരസ‌്കാരം, ഫാ. വടക്കൻ ദ വെല്ലിങ‌്ടൺ പുരസ‌്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട‌്. 2016ലും ബാർ കൗൺസിൽ ചെയർമാനായിരുന്നു. കൊല്ലം മയ്യനാട‌് സ്വദേശിയാണ‌്.
from Kerala || Deshabhimani Online News http://bit.ly/2BlWutj
via IFTTT
No comments:
Post a Comment