കൊച്ചി
മെഡിക്കല്‍ സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയില്‍നിന്ന് മാനേജ്മെന്റുകള്‍ക്ക് നാലുവര്‍ഷത്തെ ഫീസ് ബാങ്ക് ഗ്യാരന്റിയായി വാങ്ങാനാകില്ലെന്ന് ഹൈക്കോടതി. സ്പോട്ട് അഡ്മിഷനും നടത്താനാകില്ല. ഈ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷനും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജും സമർപ്പിച്ച ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസുമാരായ കെ സുരേന്ദ്രമോഹന്‍, വി ഷിര്‍സി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
സ്പോട്ട് അഡ്മിഷൻ നടത്താനും ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനും കോളേജ് ട്രസ്റ്റികളുടെ ആശ്രിതർക്കും ജീവനക്കാർക്കും അഞ്ച് ശതമാനം പ്രിവിലേജ് സീറ്റ് നൽകാനും അനുമതി നൽകണമെന്ന ആവശ്യങ്ങളും ഡിവിഷന് ബെഞ്ച് തള്ളി.
വിദ്യാർഥികൾ പ്രവേശനം നേടിയശേഷം കോഴ്സ് ഉപേക്ഷിച്ചുപോയാൽ പിന്നീട് പ്രവേശനം നടത്താൻ കഴിയാത്തതിനാൽ കോളേജുകൾക്ക് നഷ്ടമുണ്ടാകുമെന്നും ഇതൊഴിവാക്കാൻ ഒരുവർഷത്തെ ഫീസ് മുൻകൂർ വാങ്ങുന്നതിനൊപ്പം നാലുവർഷത്തെ ഫീസ് ബാങ്ക് ഗ്യാരന്റിയായി വാങ്ങാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
മെറിറ്റ് അടിസ്ഥാനത്തിലാണ് നിലവിൽ എല്ലാ മെഡിക്കൽ സീറ്റുകളിലും പ്രവേശനം നടത്തുന്നതെന്ന് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ വി മനു കോടതിയെ അറിയിച്ചു. വിദ്യാർഥികളിൽനിന്ന് ഒരുവർഷത്തെ ഫീസിനേക്കാൾ കൂടുതൽ വാങ്ങുന്നത് കേരള മെഡിക്കൽ എഡ്യുക്കേഷൻ ആക്ടിലെ 8(3) വകുപ്പിന്റെ ലംഘനമാണ്. അതിനെ തലവരിപ്പണമായി കണ്ട് നിയമനടപടി സ്വീകരിക്കാം. മെറിറ്റുമാത്രമായിരിക്കണം പ്രവേശനത്തിന് അടിസ്ഥാനമെന്നും മനു വാദിച്ചു.
ഈ വാദം കോടതി അംഗീകരിച്ചു. ബാങ്ക് ഗ്യാരന്റിക്കുവേണ്ടി നിർബന്ധിക്കുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധികബാധ്യതയുണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മെഡിക്കൽ സീറ്റിന് ഏറെ ഡിമാൻഡുണ്ട്. വളരെ അപൂർവമായാണ് വിദ്യാർഥികൾ സീറ്റ് ഉപേക്ഷിക്കുന്നത്. പലപ്പോഴും അവരുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാലാണ് അത് സംഭവിക്കുന്നത്.
പ്രവേശനം നേടിയശേഷം കോഴ്സ് ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം വളരെ കുറവാണ്. ഹർജിക്കാരുടെ ആവശ്യം അനുവദിച്ചാൽ കുട്ടികൾ മാനേജ്മെന്റിന്റെ കാരുണ്യത്തിന് കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടാകും. ബാങ്ക് ഗ്യാരന്റിയായി ലഭിക്കുന്ന പണം മനസ്സാക്ഷിക്കുത്തില്ലാത്ത ചില മാനേജ്മെന്റുകൾ എടുക്കാനും സാധ്യതയുണ്ട്. വൻ തുക നിക്ഷേപിച്ച് ബാങ്ക് ഗ്യാരന്റിയെടുക്കാൻ സാധാരണ രക്ഷിതാക്കൾക്ക് കഴിയില്ല.
കോളേജ് ട്രസ്റ്റികളുടെ ആശ്രിതർക്കും ജീവനക്കാർക്കും അഞ്ച് ശതമാനം പ്രിവിലേജ് സീറ്റ് നൽകണമെന്ന ഹർജിക്കാരുടെ ആവശ്യത്തിന് നിയമത്തിന്റെ പിൻബലമില്ലെന്ന സർക്കാരിന്റെ വാദം ഹൈക്കോടതി ശരിവച്ചു. പ്രിവിലേജ് സീറ്റ് നിയമപരമല്ല. ഈ സംവിധാനം മെറിറ്റിനെ നശിപ്പിക്കും. സ്വന്തക്കാർക്ക് സീറ്റ് നൽകാമെന്ന വ്യവസ്ഥ പ്രതികൂലഫലമാണ് ഉണ്ടാക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാന വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടേയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.
കേരള കേഡറിലുള്ള ഓൾ ഇന്ത്യ സർവീസ് ഓഫീസർമാരുടെ കുട്ടികൾ, കേരളത്തിൽ ജനിച്ചവരല്ലെങ്കിലും യോഗ്യതാപരീക്ഷ ഇവിടെ പാസായ വിദ്യാർഥികൾ, കേരളത്തിൽ ജോലിനോക്കുന്ന ഇതരസംസ്ഥാനക്കാരായ കേന്ദ്ര സർക്കാർ–- സേന ഉദ്യോഗസ്ഥരുടെ മക്കൾ തുടങ്ങിയവർക്കൊക്കെ പ്രവേശനം നൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു.
ആ നിലയ്ക്ക് ഇതരസംസ്ഥാനക്കാരെ ഒഴിവാക്കുന്നെന്ന വാദം ശരിയല്ല. ഈവർഷത്തെ പ്രവേശന നടപടി കഴിഞ്ഞെങ്കിലും പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ലംഘിക്കപ്പെട്ടെന്ന് ഒരു പരാതിപോലും ലഭിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2UyUvco
via IFTTT
No comments:
Post a Comment