പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനും വികസനത്തിനും ക്ഷേമത്തിനുമുള്ള രജതരേഖയായി സംസ്ഥാന ബജറ്റ‌്. പ്രളയജലമിറങ്ങിയപ്പോൾ ഉയർന്ന ചോദ്യം, തകർന്ന കേരളം എങ്ങനെ തിരിച്ചുവരും എന്നായിരുന്നു. തകർന്നത‌് അറ്റകുറ്റപ്പണി ചെയ‌്ത‌് നന്നാക്കുകയല്ല, കേരളത്തെ പുനർനിർമിക്കാനാണ‌് തീരുമാനിച്ചിട്ടുള്ളതെന്ന‌് അന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിപറഞ്ഞു. ധനമന്ത്രി തോമസ‌് ഐസക‌് വ്യാഴാഴ‌്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ആ വാക്കുകളെ പ്രവൃത്തിപഥത്തിലെത്തിക്കുകയാണ‌്.
► വ്യവസായ പാർക്കുകളിൽ കോർപറേറ്റ‌് നിക്ഷേപത്തിന‌് വിപുലമായ പദ്ധതി. ഐടി പാർക്കിന‌് രണ്ടുവർഷത്തിനുള്ളിൽ ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം. ഐടി ജീവനക്കാരുടെ എണ്ണം രണ്ടു ലക്ഷമാകും.
► ചിലിയുടെയും എസ‌്റ്റോണിയയുടെയും മാതൃകയിൽ സ്റ്റാർട്ടപ്പുകൾക്കായി പത്തുകോടി. സ്റ്റാർട്ടപ‌് മിഷന്റെ യൂത്ത‌് എന്റർപ്രണർഷിപ‌് ഡെവലപ‌്മെന്റ‌് പ്രോഗ്രാമിന‌് 70 കോടി
► മലബാർ കാപ്പിയെന്ന പേരിൽ ആഗോളവിപണിയിൽ വയനാടൻ കാപ്പി എത്തിക്കും. വയനാട‌് പാക്കേജിൽ കുരുമുളക‌് കൃഷിക്ക‌് അഞ്ചുകോടി
► നാളികേര കൗൺസിലിന്റെ നേതൃത്വത്തിൽ വർഷംതോറും പത്തുലക്ഷം തെങ്ങിൻതൈ നടും. തെങ്ങുകൃഷിക്ക‌് 70 കോടി. ഇതിനുപുറമെ സഹകരണ ബാങ്കുകൾ, തദ്ദേശസ്ഥാപനങ്ങൾ, കയർവകുപ്പ‌് എന്നിവയിൽനിന്ന‌് നൂറുകോടി. കേരഗ്രാമം പദ്ധതിക്ക‌് 43 കോടി.
► പാലക്കാട‌്, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ റൈസ‌് പാർക്കുകൾ നിർമിക്കാൻ ഇരുപത‌് കോടി. നെൽക്കൃഷിക്ക‌് 91 കോടി. റബറിനുള്ള താങ്ങുവിലയ‌്ക്ക‌് 500 കോടി.
► രണ്ടാം കുട്ടനാട‌് പാക്കേജിന‌് 1000 കോടി. ബണ്ട‌് ബലപ്പെടുത്താൻ 47 കോടി. ബണ്ട‌് ശുചീകരിക്കുമ്പോഴുണ്ടാകുന്ന കാർഷിക നഷ‌്ടം ഒഴിവാക്കാൻ 20കോടി. കായൽ മൽസ്യകൃഷിക്ക‌് അഞ്ചുകോടി. തോട്ടപ്പിള്ളി സ‌്പിൽവേ ആഴം കൂട്ടുന്നതിന‌് 40 കോടി.
► നദീ പുനരുജ്ജീവനത്തിന‌് 25 കോടി.
► തീരദേശ വികസനത്തിനായി 1000 കോടി. കടൽത്തീരത്തെ വീടുകൾ മാറ്റിപ്പണിയാൻ സന്നദ്ധരാകുന്നവർക്ക‌് 10 ലക്ഷം. പുനരധിവാസ അടിയന്തിരാവശ്യങ്ങൾക്ക‌് 100 കോടി അധിക വകയിരുത്തൽ.
► പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരുമാനം 2800 കോടിയിൽനിന്ന‌് 3800 കോടിയാക്കും. പൊതുമേഖലയ‌്ക്ക‌് 299 കോടിയുടെ പദ്ധതി .
► നവകേരളത്തിന‌് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉൽപ്പാദിപ്പിക്കും. ലക്ഷ്യം 130–-150 കോടി യൂണിറ്റ‌്.
► പൊതുമരാമത്തുവകുപ്പിന് 1367 കോടി. രണ്ടുവർഷംകൊണ്ട‌് 6000 കിലോമീറ്റർ റോഡ‌് നിർമിക്കും
► സംസ്ഥാനത്ത‌് 2022 ആകുമ്പോൾ പത്തുലക്ഷം ഇലക‌്ട്രിക‌് വാഹനങ്ങൾ.
► കാസർകോട‌് ബേക്കൽമുതൽ കോവളംവരെ 585 കിലോമീറ്റർ ജലപാത അടുത്തവർഷം പൂർത്തിയാക്കും.
► കാസർകോടുമുതൽ തിരുവനന്തപുരംവരെ 55,000 കോടി ചെലവിൽ സമാന്തര റയിൽപ്പാത. തുറമുഖനഗരങ്ങളെ ബന്ധിപ്പിച്ച‌് ആറായിരം കോടി ചെലവിൽ സൈക്കിൾ ട്രാക്കോടുകൂടിയ തീരദേശ ഹൈവേ.
► കേരള ബോട്ട‌് ലീഗിന‌് അടിസ്ഥാന സൗകര്യമൊരുക്കാൻ 20 കോടി.
► ടൂറിസം വികസനത്തിന‌് സ‌്പൈസ‌് റൂട്ട‌്.
► കയർ, കയറുൽപ്പന്ന ഉൽപ്പാദനം വർധിപ്പിക്കാൻ 400 ചകിരി മില്ലും 5000 ഓട്ടോമാറ്റിക‌് സ‌്പിന്നിങ‌് മെഷീനും. തടിക്കു പകരം കയറിന്റെ ബോർഡുകൾ നിർമിക്കുന്ന ഫാക്ടറിക്ക‌് 20 കോടി.
► മടങ്ങിയെത്തിയ പ്രവാസികൾക്ക‌് അടിയന്തര ധനസഹായമായി 25 കോടി വകയിരുത്തി. സംരംഭകർക്ക‌് സബ‌്സിഡി നൽകാൻ 15 കോടി. കേരള സഭയ‌്ക്ക‌് 81 കോടി.
► കേരള ബാങ്ക‌് 2019–-20 സാമ്പത്തിക വർഷം യാഥാർഥ്യമാകും.
► വിശപ്പുരഹിത പദ്ധതിയിൽ പങ്കാളികളാകുന്ന സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സിവിൽസപ്ലൈസ‌് കോർപറേഷനിൽനിന്ന‌് സഹായവിലയ‌്ക്ക‌് ഭക്ഷ്യസാമഗ്രികൾ നൽകാൻ 20 കോടി.
► സ‌്ത്രീകൾക്കായുള്ള പദ്ധതികൾക്ക‌് 1420 കോടി, കുടുംബശ്രീയുടെ 12 ബ്രാൻഡ‌് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യും. കുടുംബശ്രീക്ക‌് പുതുതായി ആറ‌് സേവനമേഖലകൂടി.
► 10,000 പട്ടികവിഭാഗക്കാർക്ക‌് തൊഴിൽ ഉറപ്പുവരുത്താൻ പദ്ധതി.
► ഭൂരഹിത ഭവനരഹിതർക്കുള്ള ഭവന സമുച്ചയത്തിനായി 1296 കോടി.
► കിഫ‌്ബി ധനസഹായം ലഭിച്ചിട്ടില്ലാത്ത സ‌്കൂളുകളുടെ വികസനത്തിന‌് 170 കോടി. അക്കാദമിക മികവിനായി 32 കോടി. സ‌്കൂൾ യുവജനോത്സവത്തിന‌് 6.5 കോടി
► 200 ആശുപത്രികളെക്കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ഇൻഷുർ ചെയ്യുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും ഒരുലക്ഷം രൂപയുടെ ചികിത്സ. 42 ലക്ഷം കുടുംബങ്ങളുടെ ഇൻഷുറൻസ‌് പ്രീമിയം സർക്കാർ അടയ‌്ക്കും
from Kerala || Deshabhimani Online News http://bit.ly/2RwsvUE
via IFTTT
No comments:
Post a Comment