കൊച്ചി
കണ്ടെയ‌്നർ റോഡിൽ ദേശീയ പാത അതോറിറ്റി ഏർപ്പെടുത്തിയ ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ‌്ച ആരംഭിച്ച ടോൾ പിരിവിനെതിരെ ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാർടികളുടെ നേതൃത്വത്തിലാണ‌് പ്രദേശവാസികളുടെയും പ്രതിഷേധം. കണ്ടെയ‌്നർ ലോറി ഉടമകളുടെ സമരവും മൂന്നാം ദിവസം പിന്നിട്ടതോടെ വല്ലാർപാടം കണ്ടെയ‌്നർ ടെർമിനലിൽനിന്നുള്ള ചരക്കുനീക്കം പൂർണമായി നിലച്ചു.
രണ്ടായിരത്തോളം ട്രക്കുകളാണ‌് വല്ലാർപ്പാടത്തുനിന്ന‌് ചരക്കു കൊണ്ടുപോകുന്നത‌്. പണിമുടക്ക‌് മൂന്നു ദിവസം പിന്നിട്ടിട്ടും അധികൃതർ ചർച്ചയ‌്ക്കുപോലും തയ്യാറായിട്ടില്ലെന്ന‌് കണ്ടെയ‌്നർ മോണിറ്ററിങ‌് കമ്മിറ്റി പറഞ്ഞു. ടോൾ ഏർപ്പെടുത്തിയതു വഴി ട്രക്ക‌് ഒന്നിന‌് ദിവസം 360 മുതൽ 1500 രൂപവരെയാണ‌് അധിക ചെലവെന്ന‌് ഉടമകൾ പറഞ്ഞു. ട്രക്കുകൾക്ക‌് മതിയായ പാർക്കിങ‌് സൗകര്യം ഒരുക്കാൻ ഇതുവരെ പോർട്ട‌് ട്രസ‌്റ്റിനു കഴിഞ്ഞിട്ടില്ല. റോഡരികിൽ പാർക്ക‌് ചെയ്യുന്നതിനാൽ പിഴ അടയ‌്ക്കേണ്ടിവരുന്നു. നിശ‌്ചയിച്ച സ്ഥലത്ത‌് പാർക്ക‌് ചെയ്യുന്നതിന‌് മുന്നൂറു രൂപയാണ‌് ഈടാക്കുന്നത‌്. വളരെ കുറച്ചു ട്രക്കുകൾ പാർക്ക‌് ചെയ്യുന്നതിനുള്ള സൗകര്യമേ അവിടെയുമുള്ളൂ. വൻതുക ടോൾ കൂടി നൽകേണ്ടിവരുന്നത‌് വലിയ ബാധ്യതയാകുമെന്നും കണ്ടെയ‌്നർ മോണിറ്ററിങ‌് കമ്മിറ്റി കൺവീനർ ചാൾസ‌് ജോർജ‌് പറഞ്ഞു.
നിലവിൽ വാണിജ്യ വാഹനങ്ങൾക്കു മാത്രമാണ‌് ടോൾ ഈടാക്കുന്നതെങ്കിലും പിന്നീട‌് എല്ലാ വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്താനാണ‌് നീക്കം. പ്രദേശവാസികളെ ടോളിൽനിന്ന‌് ഒഴിവാക്കുമെന്ന‌് മുമ്പ‌് അറിയിച്ചിരുന്നു. നിലവിൽ മുളവുകാട‌് പഞ്ചായത്ത‌് നിവാസികളെ ഒഴിവാക്കാമെന്ന‌് മാത്രമാണ‌് അധികൃതർ സമ്മതിച്ചിട്ടുള്ളത‌്.
കണ്ടെയ‌്നർ റോഡിനായി ഭൂമി, തൊഴിൽ, തൊഴിലുപകരണങ്ങൾ എന്നിവ നഷ്ടപ്പെടുത്തിയവരാണ് മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകളിലെ താമസക്കാർ. പ്രദേശവാസികളുടെ സുപ്രധാന ആവശ്യങ്ങളായ മുളവുകാട് നോർത്ത് വരെയുള്ള സർവീസ് റോഡ്, അണ്ടർ പാസേജ്, തെരുവ് വിളക്കുകൾ തുടങ്ങിയവയൊന്നും പരിഹരിക്കാതെയാണ‌് ടോൾ ഏർപ്പെടുത്തിയത‌്. ഈ സാഹചര്യത്തിലാണ‌് സിപിഐ എം അടക്കമുള്ള പാർടികളുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ച‌് പ്രതിഷേധം സംഘടിപ്പിച്ചത‌്. ചൊവ്വാഴ‌്ച പൊന്നാരിമംഗലം ടോൾപ്ലാസയിലേക്ക‌് സമരസമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ബുധനാഴ‌്ച ജനകീയ മാർച്ച‌് സംഘടിപ്പിക്കുമെന്ന‌് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2RHFumA
via IFTTT
No comments:
Post a Comment