കണ്ണൂർ/ തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി നയിക്കുന്ന ജാഥക്കായി പിരിച്ച ഫണ്ട‌് മുക്കിയെന്നാരോപിച്ച‌് പത്ത‌് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു. ജാഥാ സ്വീകരണ വേദികളിൽ പണപ്പിരിവിനെച്ചൊല്ലിയുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിച്ചു. കാസർകോട‌്, കണ്ണൂർ ജില്ലകളിലെ പത്ത‌് മണ്ഡലം കമ്മിറ്റികളാണ‌് പിരിച്ചുവിട്ടത‌്.
കാസർകോട‌് ജില്ലയിലെ മടിക്കൈ, പനത്തടി, കോടോം–- ബേളൂർ, ദേലംപാടി, പൈവളിഗെ, എൻമകജെ, ചിമേനി കണ്ണൂർ ജില്ലയിലെ രാമന്തളി, എരമം–- കുറ്റൂർ, ചെങ്ങളായി മണ്ഡലം കമ്മിറ്റികളുമാണ‌് പിരിച്ചുവിട്ടത‌്.
ജാഥയുടെ ആദ്യദിവസം രാത്രി തളിപ്പറമ്പിലെ സ്വീകരണ വേദിയിൽ നേതാക്കളുടെ മുന്നിലാണ‌് യൂത്ത‌് കോൺഗ്രസുകാർ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടിയത‌്. ഉന്തും തള്ളുേം വാക്കേറ്റവും ഏറ്റുമുട്ടലിലെത്തിയതോടെ പൊലീസിന‌് ലാത്തി വീശേണ്ടിവന്നു. ഇരിട്ടിയിലെ സ്വീകരണത്തിൽ നേതാക്കൾ പിരിച്ച പണത്തിന്റെ രശീത‌് ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ‌് ഏറ്റുമുട്ടലിൽ കലാശിച്ചത‌്. കെപിസിസി വർക്കിങ‌് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിയാണ‌് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത‌്.
ഇവിടങ്ങളിൽ ബദൽ സംവിധാനം ഏർപ്പെടുത്താൻ ഡിസിസി അധ്യക്ഷന്മാരോട‌് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഫണ്ട‌് ഭാഗികമായി മാത്രം നൽകിയ മണ്ഡലം കമ്മിറ്റികളോട് പത്ത‌് ദിവസത്തിനകം മുഴുവൻ തുകയും എത്തിച്ചില്ലെങ്കിൽ കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന ഭീഷണിയും പ്രസിഡന്റ‌് മുഴക്കി. എന്നാൽ ഇതൊന്നും തങ്ങൾക്ക‌് ബാധകമല്ലെന്ന നിലപാടിലാണ‌് മണ്ഡലം നേതാക്കൾ. ഇതുപോലെ പിരിച്ചു വിടാൻ തുടങ്ങിയാൽ യാത്ര അവസാനിപ്പിക്കാൻ പാർടിയുണ്ടാവില്ലെന്നാണ‌് ഇവരുടെ പരിഹാസം. പിരിച്ച പണത്തിന്റെ പേരിൽ കൂടുതൽ സ്വീകരണവേദികളിൽ അടിപൊട്ടുമെന്ന നിലവന്നതോടെയാണ‌് മണ്ഡലം കമ്മിറ്റികളുടെ പേരിൽ നടപടി എടുക്കാൻ കെപിസിസി നിർബന്ധിതമായതെന്നും സൂചനയുണ്ട‌്.
ഫണ്ട‌് ഭാഗികമായി നൽകിയ കമ്മിറ്റികൾ ബാക്കിതുക പത്തു ദിവസത്തിനകം നൽകിയില്ലെങ്കിൽ കർശനമായ നടപടി എടുക്കുമെന്നും മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. കെപസിസിക്ക‌് ബൂത്ത‌് ഒന്നിന‌് എണ്ണായിരം രൂപയും ഡിസിസിക്ക‌് നാലായിരം രൂപയും നൽകണമെന്നാണ‌് ആവശ്യം. എന്നാൽ ജാഥ തീരുമാനിച്ച വേളയിലൊന്നും ഫണ്ടിനെ കുറിച്ച‌് പറഞ്ഞില്ലെന്നാണ‌് മണ്ഡലം കമ്മിറ്റികളുടെ നിലപാട‌്. മാത്രവുമല്ല എം എം ഹസൻ കെപിസിസി പ്രസിഡന്റായിരിക്കെ നടത്തിയ ജാഥയുടെ പേരിൽ പിരിച്ച തുകയുടെ കണക്ക‌് എവിടെയെന്നും മണ്ഡലം കമ്മിറ്റികൾ ചോദിക്കുന്നു.
from Kerala || Deshabhimani Online News http://bit.ly/2WSFpR0
via IFTTT
No comments:
Post a Comment