ആറന്മുള > ""ആറന്മുള പഞ്ചായത്ത് ഈവർഷം തരിശുരഹിതമാക്കണം, പിന്നാലെ ആറന്മുള നിയോജക മണ്ഡലവും. അനുമതി കിട്ടിയാൽ വ്യക്തികളുടെ പാടങ്ങൾക്ക് ഇടയിലുള്ള മിച്ചഭൂമിയിൽക്കൂടി കൃഷിചെയ്യാൻ തയ്യാറാണ്. ആറന്മുള ചാലിൽ കരിമാരം ഭാഗത്ത് എൻജിൻ തറ വച്ച് വെള്ളം വറ്റിച്ച് കരിമാരം തോടുവഴി വെള്ളം വലിയതോട്ടിലേക്ക് ഒഴുക്കണം. അങ്ങനെ പഴയ ആറന്മുളയെ വീണ്ടെടുക്കണം''. അതിരില്ലാത്ത ആഹ്ലാദത്തോടെയും അഭിമാനത്തോടെയുമാണ‌് ഹരിതകേരളം പദ്ധതിയുടെ വിജയകഥ ആറന്മുളയിലെ കർഷകർ പറയുന്നത‌്.
ഇത് മൂന്നാം വർഷമാണ് പള്ളിയോടക്കരകളിലെ പാടങ്ങളിൽ തുടർച്ചയായി നെല്ല‌് വിളയുന്നത്. 20 വർഷം തരിശുകിടന്ന പാടങ്ങളാണ‌് കർഷകരുടെ വിയർപ്പിൽ കതിരണിഞ്ഞു നിൽക്കുന്നത‌്. സർക്കാർ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു ആറന്മുളക്കാർ. എൽഡിഎഫ് സർക്കാർ എല്ലാ സഹായവും നൽകി. കേരളമാകെ ശ്രദ്ധിച്ചതായിരുന്നു ആറന്മുളയിലെ നെൽക്കൃഷി പുനരുദ്ധാരണം. വിമാനത്താവള ഭൂമിയോടു ചേർന്ന‌് ഒരേക്കർ 30 സെന്റിലാണ‌് കൃഷി തുടങ്ങിയത‌്. വിമാനത്താവളവിരുദ്ധ സമരമാണ് കൃഷി വീണ്ടും ആരംഭിക്കാൻ നിമിത്തമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തത്. ഇവിടെ വിളവെടുത്തപ്പോൾ 52 ചുമട് നെല്ല‌് കിട്ടി. ഒരു ചുമട് ആറു പറ വരും. ഒരു പറ ഏകദേശം ആറരക്കിലോയും.
ഇടശ്ശേരിമല കരുവേലിൽ കൃഷ്‌ണപിള്ള
""എന്റെ പാടം ഒമ്പതു വർഷം തരിശുകിടന്നു. 2017ലാണ് വീണ്ടും കൃഷിയിറക്കിയത്. സമീപപ്രദേശങ്ങളിലുള്ളവർ നെൽപ്പാടങ്ങൾ തരിശിടാൻ തുടങ്ങിയപ്പോഴും കൃഷി തുടർന്നു. ആരും കൃഷിയിറക്കാൻ തയ്യാറാകാതെ വന്നപ്പോഴാണ് കൃഷി അവസാനിപ്പിച്ചത്. പണിക്കൂലി കൂടുതൽ, കാളകെട്ടാൻ ആളില്ല, വെള്ളം പമ്പുചെയ്യൽ കൃത്യമല്ല, കൊയ്ത്തു യന്ത്രം സമയത്ത് കിട്ടില്ല, നെല്ല് എടുക്കാൻ ആളില്ല ഇതായിരുന്നു അവസ്ഥ. ആറന്മുള അമ്പലത്തിൽ ഒരുപറ നെല്ല് കറ്റ കൊടുത്തിരുന്നു. കൃഷി മുടങ്ങിയതോടെ ഭഗവാന് നെല്ല് കൊടുക്കുന്നത് മുടങ്ങി. ഇപ്പോൾ വീണ്ടും കൊടുത്തുതുടങ്ങി. ആറന്മുള ക്ഷേത്രത്തിന്റെ നാലു മലകളായ കനകക്കുന്നുമല, കടകൽ, പള്ളിമുക്കത്ത്, പുലിക്കുന്ന് മല ക്ഷേത്രങ്ങളിലേക്കും കറ്റ കൊടുത്തു തുടങ്ങി.
സമീപ പ്രദേശമായ കൈപ്പാലച്ചിറയിൽ 2016ൽ സർക്കാർ പ്രോത്സാഹനത്തോടെ, 20 വർഷം തരിശുകിടന്ന പാടങ്ങളിൽ കൃഷിയിറക്കിയതും അതിന്റെ വിജയവും കണ്ടാണ് ഒരു വർഷം താമസിച്ചാണെങ്കിലും 27 പറ സ്വന്തം ഭൂമിയിൽ വിത്തിറക്കിയത്. തരിശുകിടന്ന പാടമായതിനാൽ ഒരുക്കിയെടുക്കാൻ നല്ല ചെലവുവന്നു. ഉമ നെല്ലാണ് വിതച്ചത്. 90–ാം ദിവസം വിളവെടുത്തു. ആദ്യവർഷം ലാഭവും നഷ്ടവുമില്ലായിരുന്നു. വിഷമില്ലാത്ത അരി കിട്ടിയെന്ന നേട്ടമുണ്ട്. ഒരുപറ നിലത്തുനിന്ന് 40 പറ നെല്ല് കിട്ടി. ഒരു പറ നെല്ല് ആറരക്കിലോ വരും. നേരത്തെ നെല്ലും ചാമയും എള്ളും കൃഷിചെയ്തിരുന്ന പാടശേഖരമാണ്. ഇവിടെ 200 പറ നിലത്ത് (85 ഏക്കർ) 35 പേരുള്ള പാടശേഖര സമിതിയാണ് കൃഷി ചെയ്യുന്നത്. വിത്ത് സൗജന്യമായി കിട്ടും. വളത്തിന് സബ്സിഡിയുണ്ട്. കൊയ്ത്ത് മെതിയന്ത്രം ആവശ്യമുള്ള സമയത്ത് കൃഷിവകുപ്പ് വാടകയ്ക്ക് നൽകും. ഓയിൽ പാം ഇന്ത്യ നെല്ല് വാങ്ങും. കിലോയ്ക്ക് 23.50 രൂപ കിട്ടി. ‘‘സർക്കാർ ഇപ്പോൾ നൽകുംപോലെ സഹായം തുടർന്നാൽ കൃഷി തുടരും''. ബോംബെ ഐഐടിയിൽ ഉദ്യോഗസ്ഥനായിരുന്നു 80കാരനായ കൃഷ്ണപിള്ള. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് മൂന്ന് ആഴ്ച നാട്ടിലുണ്ടാകും. ഇടശേരിമല പള്ളിയോടത്തിൽ നയമ്പ് പിടിച്ചിരുന്നു. പിന്നെ കൊയ്ത്തിന് ഒരു മാസം, കരിമ്പാട്ടിന് ഒന്നരമാസം നാട്ടിലുണ്ടാകും. 2000ലാണ് ബോംബെ വാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
കെ ആർ മുരളീധരൻ നായർ കടക്കേത്ത്
പാടത്ത് 12 വർഷം മുമ്പ് എരണ്ടയുടെ ആക്രമണം ഉണ്ടായശേഷം കൃഷി ചെയ്തിരുന്നില്ല. അന്ന് കുറ്റി മാത്രമേ ബാക്കി കിട്ടിയുള്ളൂ. ഇപ്പോൾ രണ്ടു വർഷമായി വീണ്ടും കൃഷി ചെയ്യുന്നു. തുരുത്തുവേലി പാടശേഖരത്തിന്റെ സെക്രട്ടറിയാണ്. കീടനാശിനിയൊന്നും അടിക്കുന്നില്ല. കൃഷി ഓഫീസിൽനിന്ന് തരുന്നതു മാത്രമാണ് ഉപയോഗിക്കാറുള്ളത്. ഈവർഷം നെല്ല് നേരത്തെ കതിരിട്ടു. അടുത്തമാസം കൊയ്യാം. ആദ്യവർഷം നിലമൊരുക്കാൻ വലിയ ചെലവുവന്നു. സർക്കാർ പിന്തുണ നല്ലതുപോലുണ്ട്. കൃഷി ഓഫീസർ ഇല്ലാത്തതിനാൽ പലപ്പോഴും സഹായങ്ങൾ സമയത്ത് കിട്ടുന്നില്ല എന്ന പ്രശ്നമുണ്ട്.
ആദ്യ വർഷം 45 ഹെക്ടർ നിലത്തായിരുന്നു കൃഷി. 341 ടൺ നെല്ലാണ് ലഭിച്ചത്. ഇതിൽനിന്ന് 81 ടൺ അരി കിട്ടി. ആറന്മുള ബ്രാൻഡ് അരി എന്നപേരിൽ വിൽപ്പന നടത്തി. തവിടുള്ളതും തവിടുകളഞ്ഞതും എന്നിങ്ങനെ രണ്ടിനം അരി, രണ്ടു കിലോ, അഞ്ചു കിലോ, 10 കിലോ പാക്കറ്റിലായിരുന്നു വിൽപ്പന. ആറന്മുള അരി ഉണ്ടെന്നറിഞ്ഞ് ആളുകൾ അന്വേഷിച്ചെത്തിയെങ്കിലും എല്ലാവർക്കും കൊടുക്കാൻ ഇല്ലായിരുന്നു. അരിയത്രയും പെട്ടെന്ന് തീർന്നു. എംഎൽഎമാർക്കും മന്ത്രിമാർക്കും കവയിത്രി സുഗതകുമാരിക്കുമെല്ലാം അരി കൊടുത്തിരുന്നു. 2017ൽ 606 ടൺ നെല്ല് കൊയ്തെടുത്തു. ഉൽപ്പാദനം കൂടുതലായിരുന്നതിനാൽ നെല്ലായിത്തന്നെ ഓയിൽ പാം ഇന്ത്യക്ക് കൊടുത്തു. ഇത് സപ്ലൈകോയാണ് വിറ്റുതീർത്തത്. സർക്കാർ നിയമിച്ച സ്പെഷ്യൽ ഓഫീസർ സജീവ് എല്ലാത്തിനും ഒപ്പംനിന്നു. ജലസേചന മാർഗമെല്ലാം നാമാവശേഷമായിരുന്നു. ഇറിഗേഷൻ എൻജിനിയർ ബിനു ഇടപെട്ടു. പൊളിഞ്ഞതെല്ലാം ശരിയാക്കി, വെള്ളമെത്തിച്ചു. ഇപ്പോൾ 145 ഹെക്ടറിൽ കൃഷിയുണ്ട്. ഈ വർഷം 175 ഹെക്ടറിൽ കൃഷിയിറക്കും.
ഇത്തവണ പ്രളയം കാര്യമായി ബാധിച്ചിട്ടും കൃഷി പിന്നോട്ടുപോയില്ലെന്നു മാത്രമല്ല, കൂടുകയാണുണ്ടായത്. 2016ൽ കൃഷിചെയ്യാൻ ഇറങ്ങിയപ്പോൾ കളിയാക്കിയവരും ഇപ്പോൾ കൃഷിയിൽ സജീവമാണ്. 2016ൽ ആറന്മുളയും നീർവിളാകവും മാത്രമാണ് നെല്ല് വിളയിച്ചതെങ്കിൽ 2017ൽ ആറാട്ടുപുഴ, മാലക്കര, കറ്റാറ്റ്, അടിച്ചിൽ, മുണ്ടകൻ, തുരുത്തിവേലി, നാൽക്കാലിക്കൽ പാടശേഖരങ്ങൾ കൃഷിക്കൊരുക്കി. ഇതേസമയം, മല്ലപ്പുഴശേരിയിൽ കുറച്ചുഭാഗത്തും കൃഷി തുടങ്ങി. ഇപ്പോൾ ആറന്മുള, കറ്റാറ്റ്, വല്ലന, മുണ്ടകൻ, അടിച്ചിൽ, മാലക്കര, നീർവിളാകം, കുറിച്ചിമുട്ടം, തുരുത്തിവേലി, നാൽക്കാലിക്കൽ, ളാഹവേലിൽ, ആറാട്ടുപുഴ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ കൃഷി നടക്കുന്നു. പാടശേഖര സമിതി ആറന്മുള സത്രത്തിൽ കൃത്യമായി യോഗം ചേരും. വീണ ജോർജ‌് എംഎൽഎയും കൃഷി ഓഫീസറും പഞ്ചായത്ത് അധികൃതരും യോഗത്തിനെത്തും. നെല്ല് കൊയ്താൽ അഞ്ചു ദിവസത്തിനുള്ളിൽ കൊണ്ടുപോകും. പണം അക്കൗണ്ടിൽ വരും.
from Kerala || Deshabhimani Online News http://bit.ly/2Gx9lxa
via IFTTT
No comments:
Post a Comment