തിരുവനന്തപുരം > സീറ്റ‌് തർക്കത്തിൽ ഇടഞ്ഞുനിൽക്കുന്ന കെ എം മാണിയെയും പി ജെ ജോസഫിനെയും അനുനയിപ്പിക്കാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ നീക്കം ഫലം കണ്ടില്ല. കേരള കോൺഗ്രസിന‌് ഒരുസീറ്റേ ഉള്ളൂവെങ്കിൽ അത‌് തങ്ങൾക്ക‌് വേണമെന്നുപറഞ്ഞ‌് ജോസഫ‌് നിലപാട‌് കടുപ്പിച്ചു. മോഹം നടക്കില്ലെന്ന‌് മാണിയും വ്യക്തമാക്കി. ഇതോടെ മഞ്ഞുരുക്കാനുള്ള ശ്രമം മതിയാക്കി കുഞ്ഞാലിക്കുട്ടി പിൻവാങ്ങി.
കോൺഗ്രസ‌് നേതൃത്വത്തിന്റെ അഭ്യർഥന പ്രകാരമായിരുന്നു ലീഗിന്റെ അനുരഞ‌്ജന നീക്കം. തിങ്കളാഴ‌്ച രാവിലെ എംഎൽഎ ഹോസ‌്റ്റലിലെ മുറികളിൽ മാണിയും ജോസഫുമായും വെവ്വേറെ കൂടിക്കാഴ‌്ചയാണ‌് കുഞ്ഞാലിക്കുട്ടി നടത്തിയത‌്. എം കെ മുനീറും ഒപ്പമുണ്ടായിരുന്നു. ആദ്യം മാണിയെ കണ്ട കുഞ്ഞാലിക്കുട്ടി രണ്ടാം സീറ്റില്ലെന്ന കോൺഗ്രസ‌് നിലപാട‌് അറിയിച്ചു. മറിച്ചൊന്നും പറയാതെ മാണി, ജോസഫിനെ കാണാൻ നിർദേശിച്ചു. തുടർന്ന‌് ജോസഫിന്റെ മുറിയിൽ എത്തിയ കുഞ്ഞാലിക്കുട്ടി ഒരുസീറ്റേ ഉള്ളൂവെന്ന കാര്യം പറഞ്ഞു. എങ്കിൽ താൻ മത്സരിക്കാമെന്ന‌് ജോസഫ‌് തുറന്നടിച്ചു. കോട്ടയം സീറ്റിൽ മാണിവിഭാഗം നിർദേശിക്കുന്നവർ ദുർബലരാണെന്നും ജോസഫ‌് കുഞ്ഞാലിക്കുട്ടിയോട‌് പറഞ്ഞു.
ഇടുക്കിയായാലും കോട്ടയമായാലും താൻ മത്സരിക്കാൻ സന്നദ്ധനാണെന്നും ജോസഫ‌് വ്യക്തമാക്കിയിട്ടുണ്ട‌്. വീണ്ടും മാണിയെ സന്ദർശിച്ച‌് ജോസഫിന്റെ നിലപാട‌് കുഞ്ഞാലിക്കുട്ടി അറിയിച്ചു. അത‌് നടക്കില്ലെന്ന‌് മാണി പറഞ്ഞതോടെയാണ‌് ലീഗ‌് നേതാക്കൾ ശ്രമം അവസാനിപ്പിച്ച‌് മടങ്ങിയത‌്. 26ന‌് വീണ്ടും ഇരുവരുമായും ചർച്ച തുടരുമെന്നാണ‌് സൂചന. യുഡിഎഫ‌് തിങ്കളാഴ‌്ച നടത്താനിരുന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കാനാണ‌് കുഞ്ഞാലിക്കുട്ടിയും മാണിയും ജോസഫും തലസ്ഥാനത്ത‌് എത്തിയത‌്.
from Kerala || Deshabhimani Online News http://bit.ly/2GBWZ71
via IFTTT
No comments:
Post a Comment