കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘കേരളം ഓർമസൂചിക‐2019’ ഡയറിയിൽ ആരെയും നിന്ദിച്ചിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ പ്രസ്താവനയിൽ വ്യക്തമാക്കി.പുസ്തകത്തിൽ നവോത്ഥാനനായകരുടെ കൂട്ടത്തിൽ മന്നത്ത് പത്മനാഭനെ ചേർത്തില്ല എന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടു.
ഓർമസൂചികയിൽ നവോത്ഥാനനായകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതിൽ ജാതിമതസാമുദായിക പരിഗണനകൾ ഉണ്ടായിരുന്നില്ല.
നവോത്ഥാനം എന്ന വാക്കിന്റെ ബഹുമുഖമായ അർഥതലങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വങ്ങളിൽ ചിലരെ അവതരിപ്പിക്കുക എന്ന നിലപാടാണ് അക്കാദമി സ്വീകരിച്ചത്. കേരളീയ നവോത്ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച മുഴുവൻപേരെയും ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ പുസ്തകത്തിന്റെ ഉള്ളടക്കം അത്തരം ഒരാവശ്യത്തെ മുഖ്യമായും പ്രതിനിധീകരിക്കുന്നുമില്ല. പേരിലെ സൂചനപോലെ ഇതൊരു സൂചിക മാത്രമാണ്. പ്രാതിനിധ്യസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച നായകരിൽ ഒരാൾപോലും മന്നത്ത് പത്മനാഭനേക്കാൾ കുറഞ്ഞവരല്ല.
സൂചികയിൽ നൽകിയ നവോത്ഥാനനായകരിൽ ഒരാളുടെപോലും ജാതി എന്തെന്ന് കേരള സാഹിത്യ അക്കാദമി പരിശോധിച്ചിട്ടില്ല. അത് അക്കാദമിയുടെ നയവുമല്ല. ചേർത്തല നങ്ങേലി, ടി കെ മാധവൻ, ഇക്കണ്ടവാര്യർ, കെ പി കേശവമേനോൻ, കേസരി ബാലകൃഷ്ണപിള്ള, ഹലീമ ബീവി, ശ്രീദേവി അന്തർജനം, നിധീരിക്കൽ മാണിക്കത്തനാർ, ബാരിസ്റ്റർ ജി പി പിള്ള, വേലുക്കുട്ടി അരയൻ, ഹെർമൻ ഗുണ്ടർട്ട്, കുറുമ്പൻ ദൈവത്താൻ, കെ പി വള്ളോൻ, കൃഷ്ണാദിയാശാൻ, വള്ളത്തോൾ നാരായണമേനോൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങി ഒട്ടേറെ നവോത്ഥാനനായകരെ ഉൾപ്പെടുത്തേണ്ടതാണെന്ന വാദഗതികളും നിലവിലുണ്ട്, ഉൾപ്പെടുത്തേണ്ടതുമാണ്. പക്ഷേ, രണ്ടുപേജിനകത്ത് നൽകാൻ കഴിയുന്നവരെ നേരത്തേ പറഞ്ഞ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്.
ഇക്കാര്യത്തിൽ വിശാലമായ ഒരു നവോത്ഥാനപരിപ്രേക്ഷ്യമാണ് അക്കാദമിയെ നയിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കണം.
എൻഎസ്എസ് ജനറൽ സെക്രട്ടറി ആരോപിക്കുന്ന രീതിയിൽ മുമ്പ് അക്കാദമി ഭാരവാഹികളാരും വിശദീകരണക്കുറിപ്പ് നൽകിയിട്ടില്ലെന്നും ഡോ. കെ പി മോഹനൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2GhQEgH
via IFTTT
No comments:
Post a Comment