സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ പ്രതിദിന വേതനം 50 രൂപവീതം വർധിപ്പിക്കും. മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിലാണ‌് തീരുമാനം. ഇടക്കാലാശ്വാസമായാണ് വർധന. വേതനപരിഷ്കരണം സംബന്ധിച്ച് ജൂണിൽ തുടർചർച്ച നടത്തി അന്തിമ കരാർ ഒപ്പുവയ‌്ക്കാനും യോഗത്തിൽ ധാരണയായി. ഇടക്കാലാശ്വാസത്തിന് 2019 ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യം ഉണ്ടാകും.
ഫെബ്രുവരിയിലെ തുക മാർച്ച് 15നകം വിതരണംചെയ്യും. സംസ്ഥാനത്തെ തേയില, കാപ്പി, ഏലം, റബർ തോട്ടങ്ങളിലെ എല്ലാവിഭാഗം തൊഴിലാളികൾക്കും നിലവിലുള്ള ദിവസവേതനത്തിൽ 50 രൂപവീതം വർധന ലഭിക്കും. സൂപ്പർവൈസർ, സെലക്ടഡ് സ്പെഷ്യൽ കാറ്റഗറി, കുക്ക് തുടങ്ങി വിവിധ തസ്തികകളിലുള്ള മാസ ശമ്പളക്കാർക്കും ഇതേ നിരക്കിൽ വർധന ലഭിക്കും. ഈ ഒത്തുതീർപ്പ് തുകയേക്കാൾ ഉയർന്ന തുക ഇടക്കാലാശ്വാസമായി നൽകുന്ന സ്ഥാപനങ്ങൾ അതേ തുക തുടർന്നും നൽകണം. തോട്ടംമേഖലയിലെ വേതനപരിഷ്കരണത്തിന്റെ കാലാവധി 2018 ജൂണിൽ പൂർത്തിയായതാണ്. വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് തുടർച്ചയായി ചർച്ച നടന്നെങ്കിലും സമവായത്തിലെത്താനായിരുന്നില്ല.
ബുധനാഴ്ച നടന്ന ചർച്ചയിലും ധാരണയിലെത്താത്തതിനെത്തുടർന്ന് മന്ത്രിയുടെ നിർദേശം മാനിച്ചാണ് ദിവസം 50 രൂപവീതം വർധന അംഗീകരിച്ചത്.
ലേബർ കമീഷണർ സി വി സജൻ, അഡീഷണൽ ലേബർ കമീഷണർ എസ് തുളസീധരൻ, പ്ലാന്റേഷൻസ് ചീഫ് ഇൻസ്പെക്ടർ ആർ പ്രമോദ്, അസോസിയേഷൻസ് ഓഫ് പ്ലാന്റേഷൻസ് കേരള പ്രസിഡന്റ‌് ബി പി കരിയപ്പ, സെക്രട്ടറി വി കെ അജിത‌്, എസ് കെ സുരേഷ് (പ്ലാന്റേഷൻ കോർപറേഷൻ), ബിനു മാത്യു (റബർ ബോർഡ്), ബി ബാബുരാജ് (ആർപിഎൽ), മറ്റു തൊഴിലുടമാപ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികളായ പി ലാലാജി ബാബു, പി എസ് രാജൻ, എസ് ജയമോഹൻ, പി അയ്യപ്പൻപിള്ള, സി കെ ഉണ്ണിക്കൃഷ്ണൻ, പി എസ് ചെറിയാൻ, പി വി സഹദേവൻ (സിഐടിയു), എ കെ മണി, പി ജെ ജോയി, കെ വി ജോർജ് (ഐഎൻടിയുസി) തുടങ്ങിയവരും പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2IG8agK
via IFTTT
No comments:
Post a Comment