ആലപ്പുഴ
പ്രളയത്തിന്റെ ദുരന്ത പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പലിശരഹിത ബ്രിഡ‌്ജ‌് ലോൺ പദ്ധതി നടപ്പാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ ധനകാര്യ കോർപറേഷനുകളായ എൻഎംഡിഎഫ്സി, എൻബിസിഎഫ്സിസി എന്നിവയിൽനിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് വായ‌്പ നൽക്കുന്നത്.
പദ്ധതി പ്രകാരം 2014 ഡിസംബർ വരെയുള്ള വായ‌്പകളിലെ കുടിശികയുടെ പിഴപ്പലിശ പൂർണമായും ഒഴിവാക്കുകയും മുതലും പലിശയും ചേർന്നതു പുതിയ വായ‌്പയായി പുനഃക്രമീകരിക്കുകയും ചെയ്യും. ഈ വായ‌്പ പൂർണമായും പലിശരഹിതമായിരിക്കും. 36 മാസതവണകളായി തിരിച്ചടക്കാൻ സൗകര്യവുമുണ്ട‌്. ഇതിലൂടെ തൊഴിലാളികളുടെ വായ‌്പകൾ കുടിശിക രഹിതമാക്കാനും തുടർവായ‌്പകൾക്ക് അർഹരാക്കാനും കഴിയും. അവർ പ്രതിനിധീകരിക്കുന്ന സംഘങ്ങളും വായ‌്പയ‌്ക്ക‌് അർഹരാകുകയും പുതിയ ഗ്രൂപ്പുകൾക്കു വായ‌്പ നൽകാനും കഴിയും.
ജില്ലാതല പലിശരഹിത പുനർവായ‌്പ ക്രമീകരണ പദ്ധതി 30നകം നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി അടുത്ത അധ്യയനവർഷം മുതൽ കരിയർ ഗൈഡൻസ് സെന്ററുകളും പിഎസ‌്സി കോച്ചിങ‌് സെന്ററുകളും ആരംഭിക്കും. ചെയർമാന്റെ വിവേചനപ്രകാരം നൽകിയിരുന്ന ‘ചെയർമാൻസ് റിലീഫ് ഫണ്ട്' വിതരണത്തിലെ അപാകം ഒഴിവാക്കാൻ ‘മത്സ്യത്തൊഴിലാളി ക്ഷേമഫണ്ട്’ ആക്കി മാറ്റും. മത്സ്യത്തൊഴിലാളി സംഘങ്ങൾ ശുപാർശ ചെയ്യുന്ന പ്രകാരമാണ‌് ഫണ്ട് നൽകുക. മത്സ്യത്തൊഴിലാളികൾക്ക് ചികിത്സാസഹായം, മരണാനന്തര സഹായം, മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള അടിയന്തര സഹായം തുടങ്ങിയ കാര്യങ്ങൾക്കും ഈ ഫണ്ട് ചെലവിടുക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതത്തിൽ നിന്ന് 48 ലക്ഷം രൂപ ഇതിനായി നീക്കിവച്ചതായും ചിത്തരഞ്ജൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2AzgJU7
via IFTTT
No comments:
Post a Comment