കൊച്ചി
കഴിഞ്ഞ ആറുവർഷത്തിനിടെ കൊച്ചി -മുസിരിസ് ബിനാലെയുടെ പരിണാമം ശ്രദ്ധേയമാണെന്ന് വിഖ്യാത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. നാലാം ലക്കത്തിലെ ശബ്ദങ്ങൾ കാഴ്ചകൾപോലെതന്നെ ശക്തമാണെന്നും ബിനാലെ സന്ദർശനത്തിനുശേഷം അദ്ദേഹം പറഞ്ഞു. കണ്ണിനുമാത്രമല്ല, കാതുകൾക്കും ഇമ്പം നൽകുന്നതാണ് ബിനാലെ നാലാം ലക്കം. ശബ്ദപ്രതിഷ്ഠാപനങ്ങൾ തന്നെ അമ്പരപ്പിച്ചു.
തീർത്ഥാടനംപോലെയാണ് ഓരോ ബിനാലെയും സന്ദർശിക്കുന്നത‌്. എല്ലാ ലക്കങ്ങളിലും എന്തെങ്കിലും പുതിയവ കാണികൾക്ക് നൽകാൻ ബിനാലേക്ക‌് കഴിയുന്നു. വീഡിയോ പ്രതിഷ്ഠാപനങ്ങളുടെ നീണ്ടനിരതന്നെ നാലാം ലക്കത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓരോ ലക്കവും കഴിയുമ്പോൾ ക്രിയാത്മകമായി വളരുന്നുവെന്നതാണ് കൊച്ചി- മുസിരിസ് ബിനാലെയുടെ പ്രത്യേകതയെന്ന് സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം അധ്യക്ഷനുമായ ഷാജി എൻ കരുൺ പറഞ്ഞു. ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് സംവേദനാത്മകത എത്തുന്നു. സൗന്ദര്യബോധമാണ് ജനങ്ങളെ കൂടുതൽ സംവേദന ശീലരാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷ്ഠാപനങ്ങളിലെ വൈവിദ്ധ്യം കൊച്ചി ബിനാലെയെ വേറിട്ടു നിർത്തുന്നതായി ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി അലക്സാൻഡ്രെ സീഗ്ലെർ പറഞ്ഞു. ലിംഗസമത്വം, വിവിധ ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം എന്നിവയെല്ലാം പ്രത്യേകം അഭിനന്ദിക്കേണ്ടതാണെന്ന് ബിനാലെ സന്ദർശനത്തിനുശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത സംഗീതജ്ഞ ശ്രുതി വിശ്വനാഥ് ഉത്തരേന്ത്യയിലെ പ്രമുഖ ഭക്തി കാവ്യശാഖയായ ‘അഭംഗി'ന്റെ പ്രകടനവും ഫോർട്ട്കൊച്ചി കബ്രാൾ യാർഡിലെ ബിനാലെ പവലിയനിൽ നടന്നു.
from Kerala || Deshabhimani Online News http://bit.ly/2SIs0Iy
via IFTTT
No comments:
Post a Comment