ട്രേഡ് യൂണിയനുകൾ സംയുക്തമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തുന്ന ദേശീയ പണിമുടക്ക‌് വൻവിജയമാക്കണമെന്ന‌് സംയുക്ത ട്രേഡ് യൂണിയൻ സമിതി തൊഴിലാളികളോടും, ജനങ്ങളോടും അഭ്യർഥിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-–-ജനവിരുദ്ധ നയങ്ങൾക്കെതിരായി 2009 മുതൽ നടത്തിവരുന്ന ദേശീയപ്രക്ഷോഭങ്ങളുടെ തുടർച്ചയാണ‌് പണിമുടക്ക്. 2018 സെപ്തംബർ 28 നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പണിമുടക്കിനാധാരമായ പ്രശ്‌നങ്ങൾ സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ഒരു കൂടിയാലോചന നടത്താൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്ന‌് സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രസിഡന്റ‌് എളമരം കരീം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമ്പത്തുൽപ്പാദിപ്പിക്കാൻ വിയർപ്പൊഴുക്കുന്ന തൊഴിലാളിവർഗത്തോട് പുച്ഛത്തോടെയാണ് കേന്ദ്ര സർക്കാർ പെരുമാറുന്നത്. പണിമുടക്കിനുള്ള നോട്ടീസ് നൽകിയശേഷം ട്രേഡ് യൂണിയൻ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് സർക്കാരിന്റെ ഏകപക്ഷീയമായ നീക്കം. ‘തൊഴിൽ നിയമപരിഷ്‌കാരം' എന്നപേരിൽ രാജ്യത്തെ തൊഴിൽനിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായി ഭേദഗതിചെയ്യാനാണ് സർക്കാർ നീക്കം. ഈ സാഹചര്യത്തിൽ പണിമുടക്ക‌് വൻവിജയമാക്കാൻ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളും മുന്നോട്ടുവരണം. എല്ലാ മേഖലയിലെയും തൊഴിലെടുക്കുന്നവർ പണിമുടക്കിൽ ചേരും. കർഷകരും കർഷകത്തൊഴിലാളികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ ട്രെയിനുകൾ പിക്കറ്റ് ചെയ്യും. സംസ്ഥാനത്തെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ട്രെയിൻ ഉപരോധിക്കും. യാത്രക്കാർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ യാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണം.
ചെറുകിടവ്യാപരികളെ ദ്രോഹിക്കുന്ന ജിഎസ്ടി ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ തൊഴിലാളികൾ നടത്തുന്ന സമരത്തിൽ എല്ലാ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. കെ ഒ ഹബീബ‌്, വി ശിവൻകുട്ടി, സി ജയൻബാബു (സിഐടിയു), വി ജെ ജോസഫ‌്(ഐഎൻടിയുസി), മീനാങ്കൽ കുമാർ (എഐടിയുസി), മാഹീൻ അബൂബക്കർ (എസ‌്ടിയു), കവടിയാർ ധർമൻ (കെടിയുസി) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2C4Gz21
via IFTTT
No comments:
Post a Comment