കൊച്ചി
സംസ്ഥാനത്തെ ആദ്യ ആളില്ലാ വൈദ്യുതി സബ്‌സ്റ്റേഷനായ 66 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്‌സ്റ്റേഷൻ തൃപ്പൂണിത്തുറയിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി എം എം മണി ഉദ്ഘാടനംചെയ്തു. എം സ്വരാജ് എംഎൽഎ അധ്യക്ഷനായി.
എരൂർ ആസാദ് പാർക്കിന് കിഴക്കുവശം മിൽമ നൽകിയ സ്ഥലത്താണ് സബ്‌സ്റ്റേഷൻ. പൂർണമായും കംപ്യൂട്ടർവൽക്കരിച്ചിരിക്കുന്ന സബ്‌സ്റ്റേഷന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് വൈറ്റില 110 കെവി സബ്‌സ്റ്റേഷനിലാണ്. ജീവനക്കാരില്ലാത്തതിനാൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. തത്സമയദൃശ്യങ്ങൾ വൈറ്റില സബ്‌സ്റ്റേഷനിലിരുന്നു കാണാം. അറ്റകുറ്റപ്പണികളോ മറ്റു ക്രമീകരണങ്ങളോ ആവശ്യമെങ്കിൽ ഉടനടി നടപ്പാക്കാൻ ഈ സജ്ജീകരണത്തിലൂടെ സാധിക്കും.
ഉപയോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്റർഗ്രേറ്റഡ് പവർ ഡെവലപ‌്മെന്റ് സ്‌കീമിലൂടെ നിർമിച്ച സംസ്ഥാനത്തെ എട്ടാമത്തെ സബ്സ‌്റ്റേഷനാണിത്. തൃപ്പൂണിത്തുറ, ഏരൂർ, ചോറ്റാനിക്കര സെക്ഷനിലുള്ള 50,000 ഉപയോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. നിലവിൽ 11 കെവി ഫീഡർവഴി 20 എംവിഎ വൈദ്യുതി ഉപയോക്താക്കൾക്ക് ലഭിക്കും. സബ്‌സ്റ്റേഷന‌് ഇത‌് 40 എംവിഎ ആക്കാനും 12 കെവി ഫീഡറുകളാക്കാനുമുള്ള ശേഷിയുണ്ട്.
കരാറടിസ്ഥാനത്തിൽ സബ്സ്റ്റേഷന്റെ നിർമാണം സീമൻസ് കമ്പനിയും ഭൂഗർഭ കേബിളുകളുടെ സ്ഥാപനം ഫിനോലക്സ് കമ്പനിയുമാണ് നിർവഹിച്ചത്. 24.75 കോടിയായിരുന്നു കരാർത്തുക. ഒരുവർഷംകൊണ്ട് പൂർത്തിയാകേണ്ട പദ്ധതി ഒമ്പതരമാസംകൊണ്ട് പൂർത്തീകരിച്ചു. സാധാരണ സബ്സ്റ്റേഷൻ നിർമിക്കാൻ ഒന്നേകാൽ ഏക്കർ സ്ഥലമെങ്കിലും വേണം. ജിഐഎസ് സബ്സ്റ്റേഷന് 40 സെന്റ് സ്ഥലം മതിയാകും. നിർമാണച്ചെലവ് സാധാരണ സബ്‌സ്റ്റേഷനുകളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും പരിപാലനച്ചെലവ് കുറവാണ്.
ചടങ്ങിൽ കെ വി തോമസ് എംപി മുഖ്യാതിഥിയായി. ചന്ദ്രികാദേവി, ഒ വി സലിം, പി വിജയകുമാരി, പി കുമാരൻ, നിഷാ രാജേന്ദ്രൻ, ദീപ്തി സുമേഷ്, സാജു കെ വി, ഇ കെ കൃഷ്ണൻകുട്ടി, ഷീന ഗിരീഷ്, ഫ്രാൻസിസ് കെ വി തുടങ്ങിയവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2RWq1Dj
via IFTTT
No comments:
Post a Comment