തൃശൂർ
ഭക്ഷണമേശകളിൽ പ്ലാസ്റ്റിക് ഗ്ലാസിനു പകരം ഇനി മൺഗ്ലാസിന്റെ കുളിർമ. ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് അഞ്ചുകോടി മൺഗ്ലാസുകളാണ് മലയാളിയുടെ തീൻമേശയിലേക്കെത്തുന്നത്. ചെറിയ ഗ്ലാസിന് 1.40 രൂപയും വലിയ ഗ്ലാസിന് 2.70 രൂപയുമാണ് വില. സർക്കാർ പരിപാടികൾക്ക് ഒരു രൂപയ്ക്ക് ഗ്ലാസ‌് നൽകും. മണ്ണുത്തി തോട്ടപ്പടി കരിപ്പാക്കുളം വീട്ടിൽ ഉമ്മറും ആറാംകല്ല് കൊല്ലയിൽ അമൃതരാജും ചേർന്ന‌് തോട്ടപ്പടിയിലാരംഭിച്ച എ ആർ ട്രേഡേഴ്സാണ് കേരളത്തിലേക്ക് മൺഗ്ലാസിറക്കുന്നത്.
യന്ത്രമുപയോഗിച്ച‌് നിർമിക്കുന്ന മൺഗ്ലാസുകൾ കേരളത്തിൽ 14 ജില്ലകളിലും ഏജൻസികളെ നിയോഗിച്ച് വിപണനം നടത്താൻ നടപടിയാരംഭിച്ചു. മാസം 50 ലക്ഷം ഗ്ലാസുകളുടെ വിപണനം കേരളത്തിൽ പ്രതീക്ഷിക്കുന്നു. നിരവധിയാളുകൾ ഇതിനകം ഏജൻസിക്ക‌് സമീപിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വിപണനം നടത്തും.
7500 ഇനം മൺപാത്രങ്ങൾ വിപണിയിലെത്തിക്കും. ഇതിൽ 1200 തരം ഗ്ലാസുകളുണ്ട്. മിസോറാമിൽനിന്നുള്ള ഗ്ലാസുകൾക്ക് കറുത്ത നിറമാണ്. ഇവയും വിപണിയിലെത്തിക്കും. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ഗ്ലാസുകൾ പോളിഷ് ചെയ്ത് പെട്ടികളിലാക്കിയാണ് എത്തിക്കുക. 100 മില്ലി, 200 മില്ലി എന്നിങ്ങനെ വിവിധ അളവുകളിൽ ഗ്ലാസുകളുണ്ട്.
രാജസ്ഥാനിലും ബിഹാറിലും മൺഗ്ലാസ് നിർമിക്കുന്നതായി അറിഞ്ഞ് കമ്പനിയെ സമീപിക്കുകയായിരുന്നെന്ന‌് ഉമ്മർ പറഞ്ഞു. അഞ്ചുകോടി ഗ്ലാസ് വാങ്ങിക്കാൻ കരാറിൽ ഏർപ്പെടുകയും ചെയ്തു. പ്ലാസ്റ്റിക്കിനു പകരമായി പരിസ്ഥിതി അനുകൂല പദ്ധതിയായതിനാൽ ഈ സംരംഭം സ്റ്റാർട്ട് അപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ പരിപാടികൾക്ക് ഒരു രൂപയ്ക്ക് ഗ്ലാസുകൾ നൽകും. ഏജൻസികൾക്ക് ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്. പൊട്ടുന്ന ഗ്ലാസുകൾ പുനരുൽപ്പാദനത്തിന് പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതായും ഉമ്മർ പറഞ്ഞു.
കാറ്ററിങ്, റസ്റ്റോറന്റ്, കാന്റീൻ, സർക്കാർ, സ്വകാര്യ സംരംഭങ്ങൾ, ഐടി ഹബുകൾ തുടങ്ങിയ ഇടങ്ങളിൽ മൺഗ്ലാസ് വിപണനം ലക്ഷ്യമിടുന്നു. തമിഴ്നാട്ടിൽ പ്ലാസ്റ്റിക് കോട്ട്ചെയ്ത ഗ്ലാസുകൾ നിരോധിച്ചിട്ടുണ്ട്. അതിനാൽ മൺഗ്ലാസുകൾക്ക‌് വിപണനസാധ്യത ഏറെയാണ്. കേരളത്തിലെ മൺപാത്രനിർമാണമേഖലകളിലും ഇത‌് പ്രതീക്ഷയുളവാക്കുന്നതാണ്.
from Kerala || Deshabhimani Online News http://bit.ly/2HmLwcD
via IFTTT
No comments:
Post a Comment