തൃശൂർ
ഇന്ത്യയിലെ ഏക അന്തരാഷ്‌ട്രനാടകോത്സവത്തിന്റെ പതിനൊന്നാമത് പതിപ്പിന് ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് തുടക്കമാവും. ഇനി ഏഴുനാൾ നാടകവേദിയിലെ നവീന പരീക്ഷണങ്ങളുടെ രാപ്പകലുകളാകും തൃശൂരിന്. പ്രളയദുരന്ത പശ്ചാത്തലത്തിൽ ചെലവു കുറച്ചാണെങ്കിൽ പോലും അവതരിപ്പിക്കപ്പെടുന്ന 13 നാടകങ്ങൾ നവീന നാടകവേദിയുടെ മുഖം വരച്ചുകാട്ടും. ആറ് വിദേശ നാടകവും ഏഴ് ഇന്ത്യൻ നാടകങ്ങളുമാണ് അരങ്ങേറുക.
ആദ്യാവതരണമായ ശ്രീലങ്കലയിലെ ജനകരലിയയുടെ ബിറ്റർ നെക്‌റ്റാർ, ഇറാനിലെ അബോൽ ഹസാനി ആർട്ട‌് ഗ്രൂപ്പിന്റെ ‘ദ വെൽ’ എന്നീ നാടകങ്ങളുടെ സംഘങ്ങളാണ് ശനിയാഴ്‌ച എത്തിയത്. വൻ തോതിലുള്ള രംഗസജ്ജീകരണവും രംഗോപകരണവും ആവശ്യമുള്ള ഡൽഹിയിലെ പെർഫോമൻസ് സ്‌റ്റഡിസെന്റർ സംഘാംഗങ്ങൾ ശനിയാഴ്‌ചതന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ആഘോഷങ്ങളും അനുബന്ധപരിപാടികളും കുറച്ച് നാടകത്തിനു മാത്രമായി ഏഴുദിനവും മാറ്റിവച്ചിരിക്കയാണ്. സാഹിത്യഅക്കാദമി സംഘടിപ്പിക്കുന്ന നാടകസംബന്ധിയായ സെമിനാറുകളും സംവാദങ്ങളും ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ‘ശക്തിഭദ്രം’ ചുമർച്ചിത്രരചനയും ടെറാകോട്ട ശിൽപ്പനിർമാണ ക്യാമ്പും ഇതോടൊപ്പം നടക്കും.
ഉദ്‌ഘാടന ദിവസം എം എസ് ലാവണ്യയും സംഘവും അവതരിപ്പിക്കുന്ന സാക്‌സഫോൺ ഫ്യൂഷനും സമാപന ദിവസമായ 26ന് ഹസ്‌റത്ത് ഖവാലി സംഘത്തിന്റെ സൂഫി ഖവാലി കച്ചേരിയും നടക്കും. മന്ത്രി എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്ന നാടകോത്സവത്തിൽ ഇന്ത്യൻ നാടകവേദിയിലെ മഹാപ്രതിഭ പ്രസന്നയ്‌ക്ക് അക്കാദമിയുടെ അമ്മന്നൂർ പുരസ്‌കാരം സമ്മാനിക്കും.
from Kerala || Deshabhimani Online News http://bit.ly/2RWdxLV
via IFTTT
No comments:
Post a Comment