തിരുവനന്തപുരം
വർഗീയതയുടെ വക്താക്കളാകുന്നതിൽ എ, ബി ടീമുകളായി പ്രവർത്തിക്കുന്ന ബിജെപിയെയും കോൺഗ്രസിനെയും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുകയാണ‌് കേരളത്തിലെ ജനങ്ങളുടെ പ്രധാന കടമയെന്ന‌് ഓൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ‌് ഡോ. അശോക‌് ധാവ‌്ളെ പറഞ്ഞു. ശബരിമല വിഷയത്തിന്റെ മറവിൽ സംസ്ഥാനത്ത‌് വർഗീയത പടർത്താനാണ‌് ആർഎസ‌്എസിന്റെ പിൻബലത്തിൽ ബിജെപി നേതൃത്വം ശ്രമിച്ചത‌്. ഇതിന‌് പിന്തുണ നൽകുന്ന നിലപാടിലൂടെ ആർഎസ‌്എസിന്റെ ബി ടീമായി കോൺഗ്രസും അധഃപതിച്ചു. ഇക്കൂട്ടർക്കുള്ള മറുപടിയാകണം ലോക‌്സഭാ തെരഞ്ഞെടുപ്പ‌്. 2004ൽ കേരള ജനത എൽഡിഎഫിന‌് 18 സീറ്റ‌് നൽകി. ഇതിലും മികച്ച വിജയമാകണം ഇത്തവണ സമ്മാനിക്കേണ്ടത‌്. കേരള കർഷക സംഘം സംസ്ഥാന പ്രവർത്തക കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെത്തിയ പ്രധാനമന്ത്രി ശബരിമലയെ കുറിച്ചുമാത്രമാണ‌് പറഞ്ഞത‌്. പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത‌് കേരളത്തിലെ റബർ കർഷകരോടായിരുന്നു. കിലോക്ക‌് 245 രൂപവരെ ലഭിച്ചിരുന്ന റബറിന‌് ഇപ്പോഴത്തെ വില 120ഉം 125 രൂപയാണ‌്. കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയമാണ‌് ഈ ദയനീയസ്ഥിതിക്ക‌് കാരണം. അഞ്ചുവർഷമായി തുടരുന്ന റബർ ഇറക്കുമതി നയം ഇവിടത്തെ കർഷകരുടെ സ്ഥിതി ദയനീയമാക്കി. നവഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി, കയറ്റിറക്കുമതി നയങ്ങളുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ ഒപ്പിടുമ്പോൾ കർഷകരെ മോഹാലസ്യപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ‌് ഉണ്ടായത‌്. ലണ്ടനിലും പാരീസിലും ന്യൂയോർക്കിലുമൊക്കെ കേരളത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ തെരുവിൽ വിറ്റഴിക്കാൻ കഴിയുമെന്ന‌് പറഞ്ഞു. എന്നാൽ, കേരളത്തിലെ കർഷകർ തെരുവിലായതു മാത്രമാണ‌് മിച്ചം.
കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയ‌്ക്ക‌് പരിഹാരം കാണാൻ മോഡിക്ക‌് കഴിയുന്നില്ല. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ പണമില്ലെന്ന‌് പറയുന്ന കേന്ദ്ര സർക്കാർ കുത്തകകളുടെ ലക്ഷക്കണക്കിനു കോടി രൂപയാണ‌് വേണ്ടായെന്ന‌് വയ‌്ക്കുന്നത‌്. കടക്കെണിയിലായി ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം നാലുവർഷത്തിനുള്ളിൽ 42 ശതമാനം വർധിച്ചതായും അശോക‌് ധാവ‌്ളെ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ‌് കോലിയക്കോട‌് കൃഷ‌്ണൻ നായർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ‌്ണൻ സംഘടനാ തീരുമാനങ്ങൾ അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ, അഡ്വ. ഓമല്ലൂർ ശങ്കരൻ, എസ‌് കെ പ്രീജ എന്നിവർ സംസാരിച്ചു. കെ സി വിക്രമൻ സ്വാഗതവും വി എസ‌് പത്മകുമാർ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Ue2jAc
via IFTTT
No comments:
Post a Comment