ന്യൂഡൽഹി > മോഡി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടിക്കുശേഷം കാർഷികമേഖലയ‌്ക്കും ചെറുകിട–- ഇടത്തരം ഉൽപ്പന്നനിർമാണമേഖലയ‌്ക്കുമുള്ള ബാങ്ക‌് വായ‌്പയിൽ ഗണ്യമായ ഇടിവ‌്. റിസർവ‌് ബാങ്ക‌് രേഖകൾ പ്രകാരം കാർഷികമേഖലയും എസ‌്എംഇ മേഖലയും എല്ലാം ഉൾപ്പെടുന്ന മുൻഗണനാവിഭാഗത്തിന‌് ബാങ്കുകൾ നൽകുന്ന വായ‌്പകളുടെ വളർച്ചനിരക്ക‌് മൊത്തം വായ‌്പകളുടെ വളർച്ചനിരക്കിനേക്കാൾ ഏറെ പിന്നിലാണ‌്.
കൃഷിയും അനുബന്ധമേഖലയും, എംഎസ‌്ഇ, ദരിദ്രർക്കുള്ള ഭവനവായ‌്പ, വിദ്യാഭ്യാസ വായ‌്പ, ദുർബല വിഭാഗങ്ങൾക്കുള്ള വായ‌്പ തുടങ്ങിയവ ഉൾപ്പെട്ടതാണ‌് മുൻഗണനാമേഖല. ആകെ വായ‌്പയുടെ 40 ശതമാനം മുൻഗണനാമേഖലയ‌്ക്ക‌് നൽകണമെന്നാണ‌് ആർബിഐ നിർദേശം. 2017 ജൂലൈമുതലാണ‌് മുൻഗണനാമേഖല വായ‌്പകളുടെ വളർച്ചനിരക്ക‌് ബാങ്കുകൾ നൽകുന്ന ആകെ വായ‌്പയുടെ വളർച്ചനിരക്കിനേക്കാൾ പിന്നിലായത‌്.
2017 ജൂലൈയിൽ മുൻഗണനാമേഖലാ വായ‌്പ നിരക്ക‌് 3.3 ശതമാനത്തിലേക്ക‌് ഇടിഞ്ഞു. 2018 ഒക‌്ടോബറിൽ 9.3ലേക്ക‌് ഉയർന്നെങ്കിലും ബാങ്കുകൾ നൽകുന്ന ആകെ വായ‌്പയുടെ വളർച്ചനിരക്കായ 13.6നേക്കാൾ ഏറെ പിന്നിലാണ‌്. 2018 ഒക്ടോബറിൽ ചെറിയതോതിൽ വർധനയുണ്ടായതിന‌് മുഖ്യകാരണം സേവനരംഗത്ത‌് പ്രവർത്തിക്കുന്ന എംഎസ‌്ഇകൾക്ക‌് നൽകുന്നതിലുണ്ടായ വലിയ വർധനയാണ‌്.
2018 ഒക്ടോബറിൽ ഈ മേഖലയിൽ 12.3 ശതമാനം വർധന വന്നു. കൃഷി–- അനുബന്ധ മേഖലയ‌്ക്കുള്ള നിരക്കിൽ 7.5 ശതമാനംമാത്രം വർധനയാണുണ്ടായത‌്. കൂടുതൽ തൊഴിൽ തീവ്രമായ ഉൽപ്പന്നനിർമാണമേഖലയിൽ പ്രവർത്തിക്കുന്ന എംഎസ‌്ഇകൾക്കുള്ളതിൽ 1.1 ശതമാനം വർധന. മോഡി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടി കാർഷികമേഖലയെയും ഉൽപ്പന്നനിർമാണരംഗത്ത‌് പ്രവർത്തിക്കുന്ന എംഎസ‌്ഇകളെയും വലിയതോതിൽ തളർത്തിയതിന്റെ പ്രതിഫലനമാണ‌് വായ‌്പാ കണക്കുകളിൽ പ്രകടമാകുന്നത‌്. 2016 സെപ‌്തംബറിൽ കൃഷി–- അനുബന്ധമേഖലയ‌്ക്കുള്ള തോത‌് 15.4 എന്ന ഉയർന്നതോതിലായിരുന്നു. ഇതാണ‌് 3.3ലേക്ക‌് ഇടിഞ്ഞത‌്.
from Kerala || Deshabhimani Online News http://bit.ly/2B6PAZ1
via IFTTT
No comments:
Post a Comment