തിരുവനന്തപുരം > ഹൈസ‌്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ നടപ്പാക്കുന്ന ഹൈടെക് സ്കൂൾ പദ്ധതിക്ക‌് ഒരു വയസ്സ‌്. സർക്കാർ-–-എയ്ഡഡ് മേഖലയിലെ 4752 സ്കൂളിലാണ് പദ്ധതി. സ‌്കൂളുകളിൽ 58,430 ലാപ്‍ടോപ‌്, 42,227 മൾട്ടിമീഡിയ പ്രൊജക്ടർ, 40,594 മൗണ്ടിങ‌് കിറ്റുകൾ, 40,621 എച്ച്ഡിഎംഐ കേബിൾ, 40,614 ഫെയ‌്സ് പ്ലേറ്റ്, 21,847 സ്ക്രീൻ, 41,544 യുഎസ്ബി സ്പീക്കർ, 4688 ഡിഎസ്എൽആർ ക്യാമറ, 4522 എൽഇഡി ടെലിവിഷൻ, 4720 ഫുൾ എച്ച്ഡി വെബ് ക്യാമുകൾ എന്നിവ വിതരണം ചെയ‌്തു.
ഐടി ലാബുകളോടൊപ്പം ലാപ്‍ടോപ‌്, പ്രൊജക്ടർ, സ്പീക്കർ, ഇന്റർനെറ്റ് തുടങ്ങിയവ പ്രയോജനപ്പെടുത്തി ഹൈടെക് ക്ലാസ് മുറികളും സജ്ജമാക്കി. ‘സമഗ്ര' വിഭവ പോർട്ടൽ ഉപയോഗിച്ചാണ് ഹൈടെക് പഠനം. 1898 സ്കൂളുകളിലായി 58,247 കുട്ടികളുള്ള ‘ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബും പ്രവർത്തിക്കുന്നു.
വയനാട് ജില്ലയിലെ തോൽപ്പെട്ടി ഗവ. ഹൈസ്കൂൾ ഒഴികെയുള്ള 4751 സ്കൂളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഏർപ്പെടുത്തി. ക്ലാസ് മുറികളുടെ നെറ്റ്‍വർക്കിങ‌് മെയ് മാസത്തോടെ പൂർത്തിയാകും. ഇതോടെ ലാബിലെ മിനി സെർവറുകളും പ്രവർത്തനക്ഷമമാകും. പദ്ധതിക്കായി കിഫ്ബിവഴി ഇതുവരെ 318 കോടിരൂപ ചെലവഴിച്ചതായി കൈറ്റ് വൈസ് ചെയർമാനും എക‌്സിക്യൂട്ടീവ‌് ഡയറക്ടറുമായ കെ അൻവർ സാദത്ത് അറിയിച്ചു.
92 ശതമാനം അധ്യാപകരും ക്ലാസ് മുറികളിൽ ഹൈടെക് സംവിധാനം ഉപയോഗിച്ച് പഠിപ്പിക്കുന്നുണ്ടെന്ന് നവംബറിൽ നടന്ന ഒന്നാംഘട്ട വിലയിരുത്തൽ സർവേയിൽ കണ്ടെത്തിയിരുന്നു. തുടർ വിലയിരുത്തലുകളും മെച്ചപ്പെടുത്തലുകളും നടത്താൻ പൊതുവിദ്യാഭ്യാസവകുപ്പ് പദ്ധതികൾ ആവിഷ്കരിച്ചതായി സെക്രട്ടറി എ ഷാജഹാൻ അറിയിച്ചു. പ്രൈമറിതല ഹൈടെക് ലാബ് പദ്ധതിക്കും കിഫ്ബി അംഗീകാരം ലഭിച്ചതോടെ അടുത്ത അധ്യയനവർഷം തുടങ്ങുന്നതിനുമുമ്പ‌് വിദ്യാഭ്യാസരംഗത്തെ ആദ്യത്തെ സമ്പൂർണ ഹൈടെക‌് സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2MndljK
via IFTTT
No comments:
Post a Comment