തിരുവനന്തപുരം> ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ട‌് ഉയർന്നതോടെ പതിവുതെറ്റിക്കാതെ പാളയത്തിൽ പടയും തുടങ്ങി. യുഡിഎഫിനകത്ത‌് ഘടകകക്ഷികൾ തമ്മിൽ നല്ല അവിശ്വാസം. മുഖ്യകക്ഷിയായ കോൺഗ്രസിനകത്താകട്ടെ തെരഞ്ഞെടുപ്പിന‌് മുന്നോടിയായുള്ള സമിതി രൂപീകരിക്കാൻ പോലും തർക്കവും. പട പേടിച്ച‌് പന്തളത്ത‌് പോയപ്പോൾ പന്തംകൊളുത്തിപ്പട എന്ന സ്ഥിതിയിലാണ‌് ബിജെപിയും.
യുഡിഎഫിലെ തർക്കം പുതിയതല്ലെങ്കിലും ഇത്തവണ ‘സ‌്റ്റൈലിൽ’ പുതുമ കാണാം. പല സിറ്റിംഗുകാരും മുൻകൂട്ടി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. മറ്റുള്ളവർ സീറ്റ‌്തട്ടിയെടുക്കാതിരിക്കാനുള്ള മുൻകൂർ ജാമ്യം! മുമ്പ‌് മീനും വാങ്ങി ഹൈക്കമാൻഡിനെ കാണാൻ പോയവർ ഉൾപ്പെടെ സ്വയം സ്ഥാനാർഥിയായിട്ടുണ്ട‌്. കഴിഞ്ഞ തവണ എൽഡിഎഫ‌് സീറ്റ‌് നൽകാത്തതിന‌് മറുകണ്ടം ചാടിയ പാർടിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസ‌് സീറ്റ‌് തട്ടിയെടുക്കുമോ എന്ന ഉൾഭയം കലശലായതിനാലാണിത്.
സിറ്റിംഗ‌് എം പി മരിച്ച വയനാടും ഇത്തവണ മൽസരത്തിൽ നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാറിയതിനാൽ വടകരയുമാണ‌് സീറ്റ‌് മോഹികളുടെ പ്രതീക്ഷ. ജയസാധ്യത ഇല്ലെങ്കിലും മൽസരിച്ചാൽ ‘ഗുണ’മുണ്ടാകുമെന്നാണ‌് ചിലരുടെ മനസിലിരിപ്പ‌്. പണ്ട‌് മുല്ലപ്പള്ളിക്ക‌് കൊണ്ടുവന്ന തെരഞ്ഞെടുപ്പ‌് ഫണ്ട‌് ഇടനിലക്കാരൻ പ്രാദേശിക നേതാവ‌് തട്ടിയെടുത്തത‌് അനുബന്ധം.
അടുത്തിടെ നടത്തിയ സമരങ്ങളെല്ലാം പാളയതോടെ ബിജെപിയിലും സ്ഥിതി വ്യത്യസ്‌തമല്ല. അധ്യക്ഷ പദവി തന്നെ തെറിക്കുമോ എന്നതാണ‌് സംസ്ഥാന അധ്യക്ഷൻ പി എസ‌് ശ്രീധരൻപിള്ളയുടെ തെരഞ്ഞെടുപ്പ‌്കാല പേടി. ഗ്രൂപ്പുകളി എക്കാലത്തുമുണ്ടായിരുന്നെങ്കിലും ഇത‌് പോലെയൊരു അവസ്ഥയില്ലെന്നാണ‌് പൊതുഅഭിപ്രായം. പ്രസിഡന്റിന്റെ വീമ്പുപറച്ചിൽ നാണക്കേടുണ്ടാക്കുന്നുവെന്ന‌് പിള്ളയുടെ സ്വന്തം ഗ്രൂപ്പുകാർ തന്നെ പറയുന്നു. ‘സുവർണ്ണാവസര സമര’ങ്ങൾ പൊളിഞ്ഞതിനു പിന്നിൽ പിള്ളമനസിലെ കള്ളമെന്ന‌് വി മുരളീധരനും കെ സുരേന്ദ്രനും. സുരേന്ദ്രന്റെ കേസ‌് വാദിക്കുന്ന വക്കീലിനെ പോലും പിള്ള പാർട്ടിയിൽ നിന്നും പുറത്താക്കി.
കുമ്മനത്തെ വിളിക്കൂ ബിജെപിയെ രക്ഷിക്കൂ എന്നാണ‌് ചിലർ അടക്കം പറയുന്നുണ്ടെങ്കിലും കുമ്മനത്തിന‌് ഇപ്പോൾ താൽപര്യമില്ല. അവിടുത്തെ സൗകര്യങ്ങളും പദവിയും നോക്കുമ്പോൾ ഇവിടെ വന്ന‌് എതിർഗ്രൂപ്പുകാരുടെ തെറി കേൾക്കേണ്ടല്ലോ എന്നല്ലേ കുമ്മനവും ചിന്തിക്കൂ.
from Kerala || Deshabhimani Online News http://bit.ly/2T7pfRg
via IFTTT
No comments:
Post a Comment