കൊച്ചി > സംസ്ഥാന സർക്കാരിനെ മറികടന്ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എത്തിക്കാനുള്ള എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ഇടപെടൽ സ്ഥിരീകരിച്ച് സംഘപരിവാർ ഓൺലൈൻ പ്രചാരകൻ. 2014 ലെ തെരഞ്ഞെടുപ്പില്‍ മോഡിയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച സുരേഷ് കൊച്ചാട്ടില്‍ എന്നയാളാണ് പ്രേമചന്ദ്രന്റെ ഇടപെടൽ സ്ഥിരീകരിക്കുന്ന ട്വീറ്റുമായി രംഗത്തെത്തിയത്. കൊല്ലം ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത് തടയണമെന്ന ആവശ്യവുമായി പ്രേമചന്ദ്രൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയെ സമീപിച്ചതായി ബിജെപി ഐടി സെല്ലിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഇയാൾ തന്റെ ട്വീറ്റിൽ പറയുന്നു.
കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന വിവരം അറിയിച്ചത് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെ എൻ കെ പ്രേമചന്ദ്രനാണ്. അതിനു തലേദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു. രണ്ടു പരിപാടികളുടെയും അജന്‍ഡ രൂപപ്പെട്ടത് ബിജെപി നേതൃത്വവും പ്രേമചന്ദ്രനും തമ്മിലുള്ള കൂടിയാലോചനയിലൂടെയാണെന്നും സൂചനകൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഘപരിവാർ സൈബർ പ്രചാരകൻ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പ്രളയക്കെടുതിയില്‍ കേരളം ദുരിതം അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുസഹായവും നല്‍കരുതെന്ന ആഹ്വാനവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയതിലൂടെ ഏറെ പ്രതിഷേധങ്ങൾ നേരിട്ടയാളാണ് മലയാളിയായ സുരേഷ് കൊച്ചാട്ടില്‍. ചേഞ്ച് 2014 എന്ന പേരില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി രൂപം കൊടുത്ത എട്ടംഗ സംഘത്തിന്റെ തലവന്‍ ഇയാളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇയാള്‍ ഫേസ്‌ബുക്കില്‍ നൽകിയിരിക്കുന്ന ‘ജോലി’. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ കേരളത്തിലെ ചുമതലക്കാരന്‍ കൂടിയാണ് സുരേഷ് കൊച്ചാട്ടിൽ.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കൊല്ലത്ത് എത്തുന്നത്. ഇതിനൊപ്പം കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം കൂടി നിശ്ചയിച്ച് പ്രചാരണം നടത്തുന്നത് ബിജെപിയുടെയും എന്‍ കെ പ്രേമചന്ദ്രന്റെയും അവിശുദ്ധ കൂട്ടുകെട്ടാണ്. യുഡിഎഫ് പ്രതിനിധിയായ എന്‍ കെ പ്രേമചന്ദ്രന്റെ എല്ലാ നീക്കങ്ങളും ഇപ്പോള്‍ ബിജെപി നേതാക്കളുമായി ആലോചിച്ചു മാത്രമാണ് നടക്കുന്നത്. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും മറ്റു നേതാക്കളെല്ലാം കളത്തിനു പുറത്തായി. കഴിഞ്ഞ ആഴ്ച മൊത്തം ഡല്‍ഹിയിലുണ്ടായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ നിരവധി തവണ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുവഴി ബിജെപിയുടെ ചില കേന്ദ്രനേതാക്കളുമായി കൂടുതല്‍ അടുക്കാനും സാധിച്ചു. ബിജെപിയുടെ ഇടനിലക്കാരനാകുന്ന ആര്‍എസ്‌പി എംപിയുടെ പ്രവൃത്തികളില്‍ പാര്‍ടി കേന്ദ്രനേതൃത്വം ശക്തമായ വിയോജിപ്പിലാണ്.
from Kerala || Deshabhimani Online News http://bit.ly/2RxNtaV
via IFTTT
No comments:
Post a Comment