സിനിമയിൽ അവസരത്തിനുവേണ്ടി ഏത‌് അടവും പ്രയോഗിക്കുന്ന ആളായിരുന്നില്ല അന്തരിച്ച സംഗീത സംവിധായകൻ എസ‌് ബാലകൃഷ‌്ണൻ. അദ്ദേഹത്തിന‌് സംഗീതം തപസ്യയായിരുന്നു. സിനിമയിൽ പരിചയ വലയത്തിൽ നിരവധി പ്രശസ‌്തരുണ്ടായിരുന്നെങ്കിലും സംഗീതമൊരുക്കിയ ചിത്രങ്ങൾ 15ഓളം മാത്രമേയുള്ളൂവെന്നറിയുമ്പോഴാണ‌് ആസംഗീത സപസ്യയുടെ കരുത്ത‌് നമുക്ക‌് ബോധ്യമാവുക. സംഗീത സംവിധായകൻ ഗുണസിങിന്റെ സഹായിയായി മാറിയതാണ‌് കലാ ജീവിതത്തിലെ പ്രധാന സംഭവം. മ്യൂസിക‌് നൊട്ടേഷൻസും മറ്റും വാദ്യോപകരണങ്ങൾ വായിക്കുന്നവർക്ക‌് എഴുതി നൽകുകയായിരുന്നു പ്രധാന ചുമതല.
പിന്നീട‌് കന്നട സംഗീത സംവിധായകൻ രാജൻ–നാഗേരയുടെ പ്രധാന സഹായിയായി. ഏഴുകൊല്ലം അങ്ങനെ പ്രവർത്തിച്ചു. ഇടയ‌്ക്ക‌് കുറച്ചുകാലം ഇളയരാജയ‌്ക്കൊപ്പം സഹായിയായി. അക്കാലത്താണ‌് ഗുണസിംഗിനൊപ്പം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക‌് ബാലകൃഷ‌്ണൻ പശ‌്ചാത്തല സംഗീതമൊരുക്കിയത‌്. പിന്നീട‌് എം ബി ശ്രീനിവാസന്റെ മുഖ്യ സഹായിയായി.
മണിവത്തൂരിലെ ആയിരം ശിവരാത്രികൾഎന്ന ചിത്രത്തിന്റെ പശ‌്ചാത്തല സംഗീതം പൂർണമായും സ്വതന്ത്രമായും ആദ്യമായി ബാലകൃഷ‌്ണൻ നിർവഹിച്ചു. ഈ ചിത്രത്തിന്റെ സംവിധായകൻ ഫാസിലാണ‌് ബാലകൃഷ‌്ണനെ പാട്ടുകൾ ചിട്ടപ്പെടുത്താൻ പ്രേരിപ്പിച്ചത‌്. ഫാസിലിന്റെ സംവിധാന സഹായികളായിരുന്ന സിദ്ദീഖ‌് –-ലാലുമാരെ ബാലകൃഷ‌്ണന‌് പരിചയപ്പെടുത്തികൊടുത്തു. അങ്ങനെയാണ‌് റാംജിറാവു സ‌്പീക്കിങ്ങിലൂടെ എസ‌് ബാലകൃഷ‌്ണൻ എന്ന പുതുമുഖ സംഗീത സംവിധായകൻ പിറക്കുന്നത‌്. ആ ചിത്രത്തിലെ ‘അവനവൻ കുരുക്കുന്ന...’ , ‘കളിക്കളം...’ , ‘കണ്ണീർ കായലിലേതോ... ’ എന്നീ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിറ്റേകൊല്ലം എസ‌് ബാലകൃഷളണൻ ചിട്ടപ്പെടുത്തിയ പാട്ടുകളുമായി ഇൻ ഹരിഹർ നഗർ എത്തി.
അതിലെ ‘ഏകാന്ത ചന്ദ്രികേ...’ , ‘ഉന്നം മറന്നു തെന്നി പറന്ന...’ എന്നീ പാട്ടുകൾ അതിവേഗം ജനപ്രീതി നേടി. മലയാള സിനിമയുടെ ദിശതന്നെ മാറ്റിമറിച്ച ഗോഡ‌്ഫാദർ എന്ന ചിത്രത്തിലെ സംഗീതവും നിറഞ്ഞ കൈയടി നേടി. ‘നീർപളങ്കുകൾ ചിതറി വീഴുമീ’ ‘പൂക്കാലം വന്നൂ പൂക്കാലം’ , മന്ത്രികൊച്ചമ്മ വരുന്നുണ്ടേ’ എന്നീ ഗാനങ്ങൾ വളരെ വേഗം ഏറ്റുപാടാൻ ആളുണ്ടായി. ഈ മൂന്നു ചിത്രങ്ങളുടെയും ഗാനരചയിതാവ‌് ബിച്ചു തിരുമലയായിരുന്നു. അങ്ങനെ ഗാനരംഗത്ത‌് പുതിയ ഒരു കൂട്ടുകെട്ട‌് കൂടി പിറന്നു.
വിയറ്റ‌്നാം കോളനി, ഗൃഹപ്രവേശം, നക്ഷത്രകൂടാരം, ഇഷ്ടമാണ‌് നൂറു വട്ടം, ആകാശത്തിലെ പറവകൾ, തുടങ്ങയവയാണ‌് ബാലകൃഷ‌്ണൻ സംഗീതം ഒരുക്കിയ മറ്റു നിനിമകൾ. എഴെട്ടുവർഷം മുമ്പ‌് ‘മൊഹബത്ത‌്’ എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി റിലീസിങ‌് സമയത്ത‌് തലസ്ഥാന നഗരിയിൽ അദ്ദേഹത്തെ കണ്ടിരുന്നു. ആ ചിത്രം അദ്ദേഹത്തിന്റെ തിരിച്ചുവരവിന‌് കാരണമാകുമെന്ന‌് അദ്ദേഹം മാത്രമല്ല, എല്ലാ ഗാനാസ്വാദകരും കരുതി. എന്നാൽ അതിനുശേഷം രണ്ട‌് ചിത്രങ്ങൾക്കുകൂടിയേ അദ്ദേഹം സംഗീത ഒരുക്കിയിട്ടുള്ളൂ. 2012ൽ വന്ന മാന്ത്രികനും ഇനിയും പ്രദർശനത്തിന‌് വരാത്ത അരവിന്ദൻ പറയട്ടെ എന്നതുമാണ‌് ആ ചിത്രങ്ങൾ.
from Kerala || Deshabhimani Online News http://bit.ly/2T2zYwf
via IFTTT
No comments:
Post a Comment