തിരിഞ്ഞുനോക്കാനാളില്ലാതായതോടെ ബിജെപിയുടെ സെക്രട്ടറിയറ്റ‌് സമരം ശനിയാഴ‌്ച നിർത്തിയേക്കും. എത്രയും പെട്ടെന്ന‌് സമരം നിർത്തണമെന്ന‌് സംഘപരിവാർ കർശനനിർദേശം നൽകിയിട്ടുണ്ട‌്. ശനിയാഴ‌്ച ഗവർണറെ കണ്ട‌് ഒരു നിവേദനം കൂടി നൽകും. തുടർന്ന‌് സമരം അവസാനിപ്പിച്ച‌് തലയൂരാനാണ‌് പരിപാടി.
ശബരിമലയിലെ നിരോധനാജ്ഞയും മറ്റും പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് 47 ദിവസം മുമ്പാണ‌് സെക്രട്ടറിയറ്റ‌് പടിക്കൽ നിരാഹാരം തുടങ്ങിയത‌്. ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ, സി കെ പത്മനാഭൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയവരായിരുന്നു ആദ്യദിനങ്ങളിൽ നിരാഹാരം കിടന്നത‌്. പിന്നീട‌് സംസ്ഥാനനേതാക്കളാരും സത്യഗ്രഹത്തിന‌് തയ്യാറായില്ല.
ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും സത്യഗ്രഹപ്പന്തലിൽ തിരിഞ്ഞുനോക്കാൻപോലും തയ്യാറായില്ല. മഹിളാ മോർച്ച നേതാവ‌് വി ടി രമയാണ‌് ഏതാനും ദിവസമായി സമരം കിടക്കുന്നത‌്. ഇവരെ മാറ്റിയാൽ പകരം കിടക്കാൻപോലും ആരും തയ്യാറായിട്ടില്ല.
സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള ഏകപക്ഷീയമായി സത്യഗ്രഹം പ്രഖ്യാപിച്ചതിനാൽ എതിർപക്ഷത്തെ നേതാക്കൾ മുഖം തിരിച്ചു.ബിജെപി അധ്യക്ഷൻ അമിത‌് ഷായെ ഇറക്കി തുടർനടപടി പ്രഖ്യാപിച്ച‌് മുഖം രക്ഷിക്കാമെന്ന‌് കരുതിയെങ്കിലും പന്നിപ്പനി പിടിപെട്ട‌് അദ്ദേഹം ആശുപത്രിയിലായി. ശബരിമല തീർഥാടനം കഴിഞ്ഞ‌് 19ന‌് നട അടയ‌്ക്കുന്നതിനാൽ സമരം നീട്ടുന്നതിൽ അർഥമില്ലെന്നാണ‌് പിള്ള വിഭാഗം പറയുന്നത‌്. 20ന‌് കർമസമിതിയുടെ സംഗമം നടക്കുകയാണ‌്. സംഘപരിവാർ മുൻകൈ എടുത്ത‌് നടത്തുന്ന ഈ പരിപാടിക്കുമുമ്പ‌് സെക്രട്ടറിയറ്റിന‌് മുമ്പിലെ സമരം നിർത്തണമെന്നാണ‌് അവരുടെ ആവശ്യം.
from Kerala || Deshabhimani Online News http://bit.ly/2ALopCL
via IFTTT
No comments:
Post a Comment