കൊച്ചി
രണ്ടാംഘട്ട ബാങ്ക‌് ലയനത്തിന‌് തയ്യാറെടുക്കവേ സേവനനിരക്കുകൾ കുത്തനെ കൂട്ടി ബാങ്ക‌് ഓഫ‌് ബറോഡയുടെ ഇരുട്ടടി. മിനിമം ബാലൻസിലും വർധന വരുത്തിയിട്ടുണ്ട‌്. എസ‌്ബിഐക്കും ഐസിഐസിഐക്കും പിന്നാലെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാകാനുള്ള നീക്കം അണിയറയിൽ സജീവമാകുന്നതിനിടെയാണ‌് ഉപയോക്താക്കൾക്കുമേൽ കനത്ത ഭാരം അടിച്ചേൽപ്പിച്ച‌് ബാങ്ക‌് ഓഫ‌് ബറോഡയുടെ നീക്കം. സ‌്റ്റേറ്റ‌് ബാങ്ക‌് ലയനത്തിനുശേഷം സേവനനിരക്കുകൾ കുത്തനെ കൂട്ടിയ അനുഭവം ഉപയോക്താക്കൾക്കുമുന്നിലുള്ളതിനാൽ, ബാങ്ക‌് ഓഫ‌് ബറോഡയുടെ ലയനശേഷം അത്തരമൊരു പരാതിയുണ്ടാകാതിരിക്കാനാണ‌് ഇപ്പോഴത്തെ നിരക്കുവർധനയെന്ന‌് ഉപയോക്താക്കൾ പറയുന്നു. നിരക്കുവർധന ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
ത്രൈമാസ സേവിങ‌്സ‌് അക്കൗണ്ട‌് ബാലൻസ‌് മെട്രോ, അർബൻ ശാഖകളിൽ ഫെബ്രുവരി ഒന്നുമുതൽ 2000 രൂപയാകും. നിലവിൽ ഇത‌് 1000 രൂപയായിരുന്നു. സെമി അർബൻ ശാഖകളിൽ 500 രൂപയായിരുന്ന മിനിമം ബാലൻസ‌് 1000 രൂപയാകും. റൂറൽ ശാഖകളിൽ കുറഞ്ഞ ബാലൻസ‌് 500 രൂപയായിരുന്നത‌് തുടരും. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.
നേരത്തെ കുറഞ്ഞ ബാലൻസുള്ള അക്കൗണ്ടുകളുടെ നടത്തിപ്പുചാർജായി ഈടാക്കിയിരുന്നത‌് മെട്രോ, അർബൻ ശാഖകളിൽ 200 രൂപയും സെമി അർബൻ, റൂറൽ ശാഖകളിൽ 100 രൂപയുമായിരുന്നു. 500 മുതൽ 999 വരെയുള്ള സ്ലാബിന‌് 500 രൂപയുടെ 50 ശതമാനമാണ‌് മെയിന്റനൻസ‌് തുകയായി ഈടാക്കിയിരുന്നത‌്. ഈ സ്ലാബ‌് ഇനിമുതൽ 1000–-1999 ആകും. മെട്രോ–- അർബൻ ശാഖകളിൽ 1000 രൂപയുടെ 50 ശതമാനമാകും സേവനനിരക്ക‌്. മെട്രോ, അർബൻ പ്രദേശങ്ങളിൽ നേരത്തെ 250–-499 സ്ലാബിന‌് 80 ശതമാനവും 250 രൂപയിൽ താഴെയുള്ളവയ‌്ക്ക‌് മുഴുവൻ തുകയും സേവനനിരക്കായി നൽകണമായിരുന്നു. അത‌് മാർച്ച‌് 16 മുതൽ 500–-999 എന്ന സ്ലാബും 500നുതാഴെയും എന്നാകും. സേവനനിരക്ക‌് യഥാക്രമം 80 ശതമാനവും 100 ശതമാനവുമാകും. സെമി അർബൻ പ്രദേശങ്ങളിൽ 250–-499 സ്ലാബിൽ 50 ശതമാനം നിരക്ക‌് എന്നത‌് 500–-999 സ്ലാബിന‌് 50 ശതമാനം എന്നാകും. 100–-249 സ്ലാബിന‌് 80 ശതമാനം സേവനനിരക്ക‌് 250–-499 സ്ലാബിന‌് 80 ശതമാനം എന്നും നൂറിൽ താഴെ നൂറ‌് ശതമാനമെന്നത‌് 250ൽ താഴെ നൂറുശതമാനം നിരക്ക‌് എന്നുമായി മാറും. ചെക്ക‌്, ഡ്രാഫ‌്റ്റ‌് നിക്ഷേപങ്ങൾ എന്നിവയ‌്ക്കുള്ള സേവനനിരക്കും വൈകാതെ വർധിപ്പിക്കുമെന്നാണ‌് സൂചന. പൊതുമേഖല ബാങ്കുകളായ വിജയ, ദേനാ ബാങ്കുകളെക്കൂടി ബാങ്ക‌് ഓഫ‌് ബറോഡയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന‌് ബുധനാഴ‌്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2CRUj21
via IFTTT
No comments:
Post a Comment