കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനം നിശ്ചലമാകുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ടിനും ഒമ്പതിനുമാണ‌് പണിമുടക്ക‌്. രാജ്യമെമ്പാടുമുള്ള എല്ലാവിഭാഗം തൊഴിലാളികളും പണിമുടക്കി പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന‌് സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ജീവനക്കാർ, ധനകാര്യസ്ഥാപനജീവനക്കാർ, മോട്ടോർ തൊഴിലാളികൾ, സ്‌കീം വർക്കേഴ്‌സ് തുടങ്ങി സംഘടിത, അസംഘടിത, പരമ്പരാഗത, സേവന മേഖലകളിൽനിന്നുള്ള മുഴുവൻ തൊഴിലാളികളും പങ്കെടുക്കും. വ്യാപാര-–-വ്യവസായ മേഖലയിലെ തൊഴിലാളികൾ ഒറ്റക്കെട്ടായി പണിമുടക്കും.
മോട്ടോർ തൊഴിലാളികൾ പണിമുടക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. ജനങ്ങൾ പണിമുടക്ക് ദിനങ്ങളിൽ ട്രെയിൻയാത്ര ഒഴിവാക്കി സഹകരിക്കണമെന്നും ആനത്തലവട്ടം അഭ്യർഥിച്ചു. പ്രതിരോധമടക്കമുള്ള നിർണായക മേഖലകളിൽ വൻതോതിൽ വിദേശമൂലധനമാണ‌് കേന്ദ്രം അനുവദിച്ചത‌്. റോഡ് ഗതാഗത മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള തിടുക്കത്തിലാണ് കേന്ദ്രം. ജനങ്ങളുടെയും രാജ്യത്തിന്റെയും വിഭവങ്ങൾ കുത്തകകൾക്ക‌് തീറെഴുതുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
മിനിമം വേതനം 18,000 രൂപയാക്കുക, സാർവത്രിക - സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, സ്‌കീം തൊഴിലാളികളുടെ വേതനവും സൗകര്യങ്ങളും ഉറപ്പുവരുത്തുക, ധനമേഖലയെ സംരക്ഷിക്കുക, പൊതുമേഖല വിറ്റ് തുലയ‌്ക്കുന്നത് നിർത്തലാക്കുക, കരാർവൽക്കരണം അവസാനിപ്പിക്കുക, ഐഎൽഒയുടെ 87, 98 കൺവൻഷൻ തീരുമാനം അംഗീകരിക്കുക, തൊഴിലെടുക്കുന്നവർക്ക് മിനിമം പെൻഷൻ പ്രതിമാസം 3000 രൂപ ഉറപ്പുവരുത്തുക, തൊഴിൽനിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക‌്. ശബരിമല തീർഥാടർക്ക‌് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലായിരിക്കും പണിമുടക്ക് നടക്കുകയെന്ന് സമരസമിതി കൺവീനർ കെ പി രാജേന്ദ്രൻ പറഞ്ഞു.
നാലുമാസമായുള്ള പ്രചാരണത്തിനുശേഷമാണ് പണിമുടക്ക‌്. പിന്തുണപ്രഖ്യാപിച്ച് കൃഷിക്കാരും കർഷത്തൊഴിലാളികളും തൊഴിലില്ലാത്ത ചെറുപ്പക്കാരും രംഗത്തെത്തി. കേന്ദ്രത്തിനെതിരായ മുന്നറിയിപ്പായി സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻതടയൽ സമരവും നടക്കുമെന്നും നേതാക്കൾ അറിയിച്ചു.
വി ജെ ജോസഫ് (ഐഎൻടിയുസി), പി നന്ദകുമാർ (സിഐടിയു), എം കെ കണ്ണൻ (എച്ച്എംഎസ്), മാഹീൻ അബൂബക്കർ (എസ്ടിയു), സീറ്റ ദാസൻ (സേവ), അഡ്വ. ടി ബി മിനി (ടിയുസിഐ), തോമസ് ജോസഫ് (യുടിയുസി), വി കെ സദാനന്ദൻ (എഐയുടിയുസി), കവടിയാർ ധർമൻ (കെടിയുസി), കെ എസ് ജോർജ‌് (കെടിയുസി-എം), ഗോപി കൊച്ചുരാമൻ (എച്ച്എംകെപി), വി എസ് മോഹൻലാൽ (എൻടിയുഐ), എ എസ് രാധാകൃഷ്ണൻ (എച്ച്എംകെപി), അജിത് കുരീപ്പുഴ (ടിയുസിസി) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2TwBfvE
via IFTTT
No comments:
Post a Comment