മുനമ്പത്തുനിന്ന‌് മത്സ്യബന്ധന ബോട്ടിൽ കടന്നത‌് ശ്രീലങ്കയിലെ തമിഴ‌്‌വംശജർ. സംഘത്തിലുള്ളവരെക്കുറിച്ചും കൊണ്ടുപോയവരെക്കുറിച്ചും വിവരം ലഭിച്ചതായി ഐജി വിജയ‌് സാഖറെ പറഞ്ഞു. 43 അംഗ സംഘം തങ്ങിയ ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ റിസോട്ടുകളിലും ഹോട്ടലുകളിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.
ഓസ‌്ട്രേലിയയിലേക്ക‌് കുടിയേറാനായിട്ടാണ‌് സ‌്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സംഘം മുനമ്പത്ത‌് എത്തിയതെന്നാണ‌് രഹസ്യാന്വേഷണസംഘത്തിന്റെ നിഗമനം. ഇവർ മത്സ്യബന്ധന ബോട്ടിൽ പുറംകടലിലോ ചിലപ്പോൾ ഓസ‌്ട്രേലിയയിലോ എത്തിയിട്ടുണ്ടാകുമെന്നാണ‌് അറിയുന്നത‌്. സംഘത്തെ കണ്ടെത്താനായി തീരസംരക്ഷണസേനയും നാവികസേനയും തെരച്ചിൽ ശക്തമാക്കി.
കൊടുങ്ങല്ലൂർ, മുനമ്പം, മാല്യങ്കര എന്നിവിടങ്ങളിൽനിന്ന‌് ലഭിച്ച 73 ബാഗുകൾ പൊലീസ‌് പരിശോധിച്ചു. ശ്രീലങ്കൻ സ്വദേശികളായ രണ്ടുപേരുടെ സിംഹള ഭാഷയിലുള്ള ജനന സർട്ടിഫിക്കറ്റ‌് ലഭിച്ചിട്ടുണ്ട‌്. ചെറായിയിലെ റിസോർട്ടിൽ സംഘം നൽകിയ മേൽവിലാസം ഡൽഹി അംബേദ‌്കർ കോളനിയിലേതാണ‌്. സംഘം ശ്രീലങ്കയിൽനിന്ന‌് ഡൽഹിയിലെത്തി ചെന്നൈവഴി മുനമ്പത്ത‌് വന്നതായാണ‌് നിഗമനം. സംഘം ഉപയോഗിക്കുന്നതായി സംശയിക്കുന്ന ബോട്ട‌് സൂക്ഷിച്ചിരുന്ന മുനമ്പത്തെ യാർഡിൽ പൊലീസ‌് പരിശോധന നടത്തി. ഉപേക്ഷിക്കപ്പെട്ട ഒരു ബാഗ‌് കണ്ടെത്തിയ ബോട്ടിന്റെ ഉടമയെയും പൊലീസ‌് ചോദ്യം ചെയ‌്തു. ഇരുബോട്ടുകളും ഒരുമിച്ചാണ‌് യാർഡിൽ സൂക്ഷിച്ചിരുന്നതെന്ന‌് ഉടമ ലാൽ പൊലീസിനോട‌് പറഞ്ഞു.
വിനോദസഞ്ചാരികളെന്ന പേരിൽ ചെറായിയിൽ എത്തിയത‌് 66 പേരും ക്ഷേത്രദർശനത്തിനെന്നപേരിൽ ചോറ്റാനിക്കരയിലെത്തിയത‌് 82 പേരുമെന്നാണ‌് സൂചന. എന്നാൽ, ഇവർ ഒരേ സംഘത്തിൽപ്പെട്ടവരാണോയെന്ന‌് കൂടുതൽ പരിശോധന നടത്തേണ്ടിവരുമെന്ന‌് സ‌്പെഷ്യൽ ബ്രാഞ്ച‌് വ്യക്തമാക്കി. മുനമ്പത്തുനിന്നു കണ്ടെടുത്ത ബാഗിൽ ചെറിയ സ്വർണവളകൾ കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന ഡൽഹി സ്വദേശി പൂജയെന്ന യുവതി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചിരുന്നു.വളകൾ നവജാതശിശുവിന‌് സമ്മാനമായി നൽകിയതാകാമെന്ന‌് കരുതുന്നു.
സംഘം തങ്ങിയ ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ സിസിടിവി ക്യാമറ ഇല്ല. സംഘത്തിൽനിന്ന‌് ആവശ്യമായ രേഖകളും ഹോട്ടലുകാർ വാങ്ങിയിരുന്നില്ല. ബാഗുകൾ ഉപേക്ഷിച്ച‌് പോകാനുള്ള സാഹചര്യമെന്തെന്നും പൊലീസ‌് പരിശോധിക്കുന്നു. ബോട്ടിൽ ആവശ്യത്തിലധികം ഭാരം കയറ്റുന്നത‌് ഒഴിവാക്കാനായിരിക്കും ഉപേക്ഷിച്ചതെന്ന‌് സംശയിക്കുന്നു.
സംഭവത്തിൽ ഐജി വിജയ‌് സാഖറെയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ആലുവ റൂറൽ എസ‌്പി രാഹുൽ ആർ നായർ, അന്വേഷണച്ചുമതലയുള്ള അഡീഷണൽ എസ‌്പി എം ജെ സോജൻ, സ‌്പെഷ്യൽ ബ്രാഞ്ച‌് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൊടുങ്ങല്ലൂരിൽ തെളിവെടുത്തു
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിനടുത്ത‌് ഉപേക്ഷിച്ച നിലയിൽ കണ്ട ബാഗുകളെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച പുലർച്ചെയാണ് ക്ഷേത്ര പരിസരത്തെ സ്റ്റേജിന് പിന്നിൽ 54 ബാഗുകൾ കണ്ടെത്തിയത്. ശ്രീകാന്ത് എന്നപേരിൽ ഒരാൾ കൊടുങ്ങല്ലൂർ ഇന്ദ്രപ്രസ്ഥം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചതായി പൊലീസിന് തെളിവ് ലഭിച്ചു. മനുഷ്യക്കടത്തുകേസിലെ പ്രധാനിയാണ് ഇയാളെന്ന് സംശയിക്കുന്നു. ഈ സംഘവുമായി ബന്ധമുള്ളവരുടേതാണോ കൊടുങ്ങല്ലൂരിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ബാഗെന്ന് പരിശോധിക്കുന്നുണ്ട്. ദേവമാതാ ബോട്ടിന്റെ ഉടമയെന്ന് കരുതുന്ന ശ്രീകാന്ത്, സഹായി ശെൽവൻ, മറ്റു നാലു സ്ത്രീകൾ എന്നിവർ ഡിസംബർ 26മുതൽ ഇന്ദ്രപ്രസ്ഥം ഹോട്ടലിൽ രണ്ടു മുറിയെടുത്ത് താമസിച്ചിരുന്നു. ഡിസംബർ 28ന് പകൽ രണ്ടു സമയത്തായി വാടക നൽകി രണ്ടുമുറികളും ഒഴിഞ്ഞ് സംഘം മടങ്ങി.
ചെന്നൈ സ്വദേശിയായ ശ്രീകാന്ത‌് നിലവിൽ തിരുവനന്തപുരത്താണ് താമസമെന്ന് പൊലീസ് പറഞ്ഞു. നവംബറിലും ഇയാൾ ഇതേ ഹോട്ടലിൽ മുറി എടുത്തിരുന്നു. സംശയകരമായ ഒന്നും ഇയാളിൽനിന്ന് ഉണ്ടായിട്ടില്ലെന്നും, ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ എത്തിയതാണെന്നുമാണ് പറയാറെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച പകലോടെ കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയിൽനിന്നുള്ള പ്രത്യേക ഉദ്യോഗസ്ഥസംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
.
ചെലവഴിച്ചത‌് കോടികൾ
മുനമ്പത്തെ മനുഷ്യക്കടത്തിനുപിന്നിൽ അന്താരാഷ്ട്ര ബന്ധമെന്ന‌് സൂചന. ഡൽഹിയിൽനിന്നും മറ്റിടങ്ങളിൽനിന്നും കഴിഞ്ഞയാഴ‌്ച ചെറായിയിലെയും ഉദയംപേരൂരിലെയും റിസോർട്ടുകളിലേക്കെത്തിയ അമ്പതോളംപേരടങ്ങുന്ന സംഘം യാത്രയ്ക്കായി വൻതുകയാണ് ചെലവഴിച്ചത്. സംഘം ചെറായിയിൽനിന്ന് 1.02 കോടി രൂപ നൽകിയാണ‌് ബോട്ട് വാങ്ങിയത‌്. തിരുവനന്തപുരം സ്വദേശി അനിൽകുമാറിൽനിന്നാണ് ബോട്ട‌് വാങ്ങിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട‌്. യാത്രയ‌്ക്കായി പത്തുലക്ഷം രൂപയുടെ ഡീസലാണ‌് വാങ്ങിയത‌്. പമ്പുടമ ബാക്കി 55,000 രൂപ തിരിച്ചുനൽകിയെങ്കിലും ഇവർ വാങ്ങിയില്ല.
ആയിരം ലിറ്റർ കുടിവെള്ളം സംഭരിക്കാൻ കഴിയുന്ന അഞ്ച് വാട്ടർ ടാങ്കുകളും വാങ്ങി. ഒരു മാസത്തേക്കാവശ്യമായ മരുന്നും സംഘം സംഭരിച്ചിരുന്നു.ഒരാഴ്ച റിസോർട്ടിൽ താമസിച്ച സംഘത്തിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇവർക്കായി ബോട്ട് വാങ്ങിയ രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2CmfxDz
via IFTTT
No comments:
Post a Comment