കൊച്ചി
ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന വിവാദവ്യവസായി മുഹമ്മദ് നിസാമിന് ഒരാഴ്ച പരോൾ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിസാമിന്റെ ഉമ്മ സുബെെദയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അവരെ പരിചരിക്കാൻ ഒരാഴ്ച എമർജൻസി പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ അമൽ നിസാമാണ് ഹർജി നൽകിയിരുന്നത്. സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി പരോൾ അപേക്ഷയെ എതിർത്തു.
നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ആദ്യം പാർപ്പിച്ചിരുന്നതെന്നും ക്രിമിനൽ പ്രവർത്തനങ്ങൾമൂലം പിന്നീട് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റേണ്ടിവന്നെന്നും സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു. പ്രതികൂല പൊലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നേരത്തെയും പരോൾ അപേക്ഷ തള്ളിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിസാമിനെതിരെ ആറു ക്രിമിനൽ കേസുകളുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് പരോൾ നൽകേണ്ടെന്ന നിലപാടിലേക്ക് കോടതി എത്തിയത്. പക്ഷേ, ഉമ്മയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് അവരെ സന്ദർശിക്കാൻ കോടതി അനുമതി നൽകി. മൂന്നുദിവസം രാവിലെ ഒമ്പതുമുതൽ വെെകിട്ട് അഞ്ചുവരെയാണ് സന്ദർശന അനുമതി. 20ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് കൊണ്ടുവരുന്ന നിസാമിനെ എറണാകുളം സബ്ജയിലിൽ അടയ‌്ക്കും. അടുത്ത ദിവസം രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ കലൂരിലെ ഫ്ലാറ്റിൽ പൊലീസ് അകമ്പടിയിൽ ഉമ്മയെ സന്ദർശിക്കാം. അഞ്ചിനുശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകും. 23 വരെയാണ് സന്ദർശനത്തിന് കോടതി അനുമതി നൽകിയിരിക്കുന്നത്. സന്ദർശന കാലയളവിൽ പ്രതി മറ്റാരുമായും ഫോണിലൂടെ ബന്ധപ്പെടരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2sr32C4
via IFTTT
No comments:
Post a Comment