ന്യൂഡൽഹി
ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശ വിഷയത്തിൽ കൊല്ലത്തു നടത്തിയ പ്രസ‌്താവനയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോടതിയലക്ഷ്യത്തിന‌് സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാൻ നിലകൊള്ളുന്ന എൽഡിഎഫ‌് സർക്കാരിന്റെ നിലപാട‌് ലജ്ജാകരമാണെന്നാണ‌് ബിജെപി യോഗത്തിൽ മോഡി പ്രസംഗിച്ചത‌്.
ഭരണഘടനയും നിയമവ്യവസ്ഥയും നടപ്പാക്കുമെന്ന‌് സത്യപ്രതിജ്ഞചെയ‌്ത‌്, പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്ന മോഡി ഇത്തരത്തിൽ പ്രസംഗിച്ചതാണ‌് ലജ്ജാകരമെന്ന‌് സീതാറാം യെച്ചൂരി ട്വിറ്ററിൽ പ്രതികരിച്ചു. രാജ്യത്ത‌് നിയമവാഴ‌്ചയാണ‌് നടപ്പാക്കേണ്ടത‌്; ആൾക്കൂട്ടത്തിന്റെ വാഴ‌്ചയല്ല. സുപ്രീംകോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ‌്–- യെച്ചൂരി വിശദീകരിച്ചു.
സത്യപ്രതിജ്ഞാലംഘനം: കോടിയേരി
തിരുവനന്തപുരം
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം സത്യപ്രതിജ്ഞാ ലംഘനമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി പദത്തിന് യോജിക്കാത്ത ഈ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. അത‌് കുറ്റമായിട്ടാണ് പ്രധാനമന്ത്രി ആക്ഷേപിച്ചത്. സുപ്രീംകോടതിവിധി ഭരണഘടനാ ബെഞ്ചിന്റേതാണ്. വിധി നടപ്പാക്കാൻ പാടില്ലായെന്നാണ് നിലപാടെങ്കിൽ ഓർഡിനൻസ് പുറപ്പെടുവിക്കാനോ നിയമം കൊണ്ടുവരാനോ കേന്ദ്രം നടപടി സ്വീകരിക്കാത്തതെന്താണ്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ‌്താണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അധികാരമേൽക്കുന്നത്. അതുകൊണ്ടുതന്നെ ഭരണഘടനാ ബെഞ്ചിന്റെ വിധി അംഗീകരിക്കാനും നടപ്പാക്കാനും ഉത്തരവാദിത്തവുമുണ്ട്. ഇതിൽനിന്നുള്ള പിറകോട്ടുപോക്കാണ് കൊല്ലത്ത് ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി തയ്യാറാകുന്നില്ലെങ്കിൽ പിന്നെ ആരാണ് ഭരണഘടനാ കാഴ്‌ചപ്പാട് നടപ്പാക്കുന്നതിന് നേതൃത്വം നൽകുക. ഇത് കാണിക്കുന്നത് ഭരണഘടനയെ തകർക്കുക എന്ന സംഘപരിവാർ അജൻഡയുടെ വക്താവായി പ്രധാനമന്ത്രിയും മാറിയിരിക്കുന്നു എന്നാണെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2HhYc4l
via IFTTT
No comments:
Post a Comment