കൊച്ചി
കൊച്ചി റിഫൈനറിയിൽ ബിപിസിഎല്ലിന്റെ സംയോജിത വികസന പദ്ധതി (ഐആർഇപി) പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു. ഐഒസിയുടെ സംഭരണശേഷി വർധിപ്പിച്ച എൽപിജി ബോട്ടിലിങ് പ്ലാന്റും ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പെട്രോകെമിക്കൽ കോംപ്ലക്സിന് ശിലയുമിട്ടു. ഏറ്റുമാനൂരിൽ നിർമിക്കുന്ന നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ടിനും അദ്ദേഹം കല്ലിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ, ഗവർണർ പി സദാശിവം തുടങ്ങിയവർ സന്നിഹിതരായിരുന്നു
ഒരുവർഷത്തിലേറെയായി പൂർണതോതിൽ ഐആർഇപി പദ്ധതി പ്രവർത്തനം നടത്തിവരികയാണ്. ഈ വികസനത്തിലൂടെ വർഷം 15.5 മെട്രിക് ടൺ എണ്ണ ശുദ്ധീകരിക്കാവുന്ന ലോകനിലവാരത്തിലുള്ള റിഫൈനറായി കൊച്ചി മാറി. 16,504 കോടി രൂപ മുതൽമുടക്കിയ പദ്ധതിയിലൂടെ മലിനീകരണം കുറഞ്ഞ എണ്ണ ഉൽപ്പാദിപ്പിക്കാം. പ്രൊപ്പലീൻ–- എത്തലിൻ തുടങ്ങിയവും മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കാം. പ്രൊപ്പലീൻ ഉപയോഗിക്കുന്ന പെട്രോകെമിക്കൽ കോംപ്ലക്സിനും ശിലയിട്ടതുവഴി വലിയ വികസനത്തിനാണ് തുടക്കംകുറിച്ചത്. ഐആർഇപി പദ്ധതിയിലൂടെ അഞ്ചുലക്ഷം ടൺ പ്രൊപ്പലീൻ ഉൽപ്പാദിപ്പിക്കാനാകും.
പെയിന്റ്, അച്ചടിമഷി, സൗന്ദര്യവർധകവസ്തുക്കൾ തുടങ്ങിയവ ഈ പെട്രോകെമിക്കലുകൾ ഉപയോഗിച്ചാണ് ഉൽപ്പാദിപ്പിക്കുന്നത്. അമ്പതുകോടി രൂപ ചെലവിലാണ് ഉദയംപേരൂരിൽ ഐഒസിയുടെ ബോട്ടിലിങ് പ്ലാന്റിന്റെ സംഭരണശേഷി വികസിപ്പിച്ചത്. 1200 മെട്രിക് ടൺ സംഭരണശേഷിയുള്ള മൂന്നു ബുള്ളറ്റുകൾകൂടി ഇതിലൂടെ സ്ഥാപിച്ചു. നിലവിൽ കൊച്ചി ബ്ലോട്ടിലിങ് പ്ലാന്റിന്റെ ആകെ സംഭരണശേഷി 4350 ടണ്ണായി.
എണ്ണ പ്രകൃതിവാതക മേഖലയിൽ യുവാക്കളുടെ തൊഴിൽപരിശീലനം നൽകാൻ സ്ഥാപിക്കുന്ന രണ്ടാമത്തെ നൈപുണ്യ വികസന സ്ഥാപനമാണ് ഏറ്റുമാനൂരിൽ ആരംഭിക്കുന്നത്. 20 വ്യത്യസ്ത ട്രേഡുകളിലായി വർഷം 1000 പേർക്ക് പരിശീലനം നൽകും.
ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, എംപിമാരായ കെ വി തോമസ്, പ്രൊഫ. റിച്ചാർഡ് ഹെ, വി പി സജീന്ദ്രൻ എംഎൽഎ, പെട്രോളിയം സെക്രട്ടറി എം എം കുട്ടി, ബിപിസിഎൽ ചെയർമാൻ ഡി രാജ്കുമാർ, റിഫൈനറീസ് ഡയറക്ടർ ആർ രാമചന്ദ്രൻ, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻചാർജ് പ്രസാദ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
പെട്രോകെമിക്കൽ കോംപ്ലക്സ് വൻ വികസനത്തിന് വഴിതുറക്കും: പ്രധാനമന്ത്രി
സ്വന്തം ലേഖകൻ
കൊച്ചി
ബിപിസിഎല്ലിൽ പെട്രോകെമിക്കൽ കോംപ്ലക്സ് ദക്ഷിണേന്ത്യക്കുതന്നെ വലിയ വികസനസാധ്യത ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. നിത്യജീവിതത്തിന്റെ ഭാഗമായ പെട്രോ-കെമിക്കൽ ഉൽപ്പന്നങ്ങളിൽ കൂടുതലും ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ്. ഇവ ഇന്ത്യയിൽത്തന്നെ ഉൽപ്പാദിപ്പിക്കാനാണ് ശ്രമിക്കുന്നത്.- കൊച്ചി റിഫൈനറിയിൽ ബിപിസിഎൽ സംയോജിത റിഫൈനറി വികസന കോംപ്ലക്സ് രാജ്യത്തിന് സമർപ്പിച്ചും പെട്രോ-കെമിക്കൽ കോംപ്ലക്സിന് ശിലയിട്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടനിർമാണ വസ്തുക്കൾ, പ്ലാസ്റ്റിക്, പെയിന്റ്, ചെരിപ്പ്, തുണി എന്നിവയിലെല്ലാം പെട്രോകെമിക്കലുണ്ട്. ഫോം, ഫൈബർ, ചെരിപ്പ്, സൗന്ദര്യവർധകവസ്തുക്കൾ, മരുന്നുകൾ എന്നിവയ്ക്കെല്ലാം ഇത് ഉപകാരപ്പെടും. പദ്ധതി പൂർത്തീകരണത്തോടെ കൂടുതൽ വ്യവസായങ്ങൾ കൊച്ചിയിലേക്ക് വരുമെന്നുറപ്പാണ്. സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന പെട്രോ-കെമിക്കൽ പാർക്ക് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷ. ബിപിസിഎല്ലിന്റെ പെട്രോ-കെമിക്കൽ കോംപ്ലക്സിന്റെ വാണിജ്യസാധ്യതകൾക്ക് ഇത് പ്രേരകശക്തിയാകും. അസംസ്കൃത എണ്ണയുടെ ഇറക്കുമതി പത്തുശതമാനം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണ രാജ്യമായ ഇന്ത്യ ഇപ്പോൾ നമുക്ക് ആവശ്യമുള്ളതിലും അധികം ശുദ്ധീകരിക്കുന്നുണ്ട്. പ്രകൃതിസൗഹൃദ ഇന്ധനമാണ് രാജ്യം പ്രോത്സാഹിപ്പിക്കുന്നത്. പ്രകൃതിവാതകം നൽകുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പത്തുറൗണ്ട് ബിഡ്ഡിങ് കഴിഞ്ഞപ്പോൾ രാജ്യത്തെ നാനൂറിലധികം ജില്ലകളെ ഈ പദ്ധതിവഴി ബന്ധിക്കാമെന്ന സ്ഥിതിയായി. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ശേഷി വികസിപ്പിച്ച സംഭരണശാലയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഏറ്റുമാനൂരിലെ ഗവ. ഐടിഐ ക്യാമ്പസിൽ ആരംഭിക്കുന്ന നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനവും നടത്തി. ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം, എംപിമാരായ കെ വി തോമസ്, റിച്ചാർഡ് ഹെ, വി പി സജീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുത്തു.
നേരത്തെ കൊച്ചി വ്യോമസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ പ്രധാനമന്ത്രിയെ മന്ത്രി വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അവിടെനിന്ന് ഹെലികോപ്റ്ററിൽ കാക്കനാട് രാജഗിരി ഹെലിപാഡിൽ ഇറങ്ങിയശേഷം റോഡുമാർഗമാണ് പ്രധാനമന്ത്രി അമ്പലമുകളിലെത്തിയത്. കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് തിരിച്ച മുഖ്യമന്ത്രിയുടെ വിമാനത്തിൽ സാങ്കേതികത്തകരാർ കണ്ടതിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ അദ്ദേഹം നേരിട്ട് റിഫൈനറി ഗ്രൗണ്ടിൽ ഇറങ്ങുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2DEA73R
via IFTTT
No comments:
Post a Comment