ആലപ്പുഴ
പ്രളയകാലത്തു മാത്രമല്ല, ചെറു മഴയിൽപോലും കരിപ്പേൽചാൽ തോടിന്റെ സമീപപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും. മഴ തുടങ്ങിയാൽ ചേർത്തല തെക്ക‌് പഞ്ചായത്തിലെ അഞ്ച‌്, ആറ‌് വാർഡുകളിലെ തൈക്കൽ മുതൽ ചമ്പക്കാട‌് വരെയുള്ള ഇരുനൂറോളം കുടുംബങ്ങൾ ദുരിതാശ്വാസക്യാമ്പുകളിലേക്ക‌് മാറും. എന്നാൽ ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ കരിപ്പേൽ ചാൽ ആഴം കൂട്ടി വൃത്തിയാക്കുന്നതോടെ വർഷങ്ങളായുള്ള ദുരിത ജീവിതം അവസാനിക്കുകയാണ‌്.
പദ്ധതിയ‌്ക്കായി കഞ്ഞിക്കുഴി ബ്ലോക്ക‌് പഞ്ചായത്തും ചേർത്തല തെക്ക‌്, കടക്കരപ്പള്ളി പഞ്ചായത്തുകളും സംയുക്തമായി 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട‌്. കൃഷി, മാലിന്യനിർമാർജനം, കുടിവെള്ളസ്രോതസുകൾ വൃത്തിയാക്കൽ തുടങ്ങി ആലപ്പുഴക്ക‌് ജീവാമൃതമാകുകയാണ‌് ഹരിത കേരള മിഷൻ പ്രവർത്തനങ്ങൾ. ജില്ലയിൽ 154 നഗരസഭാ വാർഡുകളിലും 502 പഞ്ചായത്തു വാർഡുകളിലുമാണ‌് പ്രളയം ബാധിച്ചത‌്. 80,057 വീടുകളിലും 691 പൊതുസ്ഥാപനങ്ങളിലും വെള്ളംകയറി. ഇതിൽ 52,205 വീടുകളും 521 സ്ഥാപനങ്ങളും വൃത്തിയാക്കാൻ മിഷൻ നേതൃത്വം നൽകി. 19,490 കിണറുകളെ പ്രളയം മലിനമാക്കിയപ്പോൾ 12,154 കിണറുകൾ ശുദ്ധീകരിച്ചെടുത്തു. അഞ്ച‌് ടൺ ജൈവ മാലിന്യവും 22.67 ടൺ അജൈവ മാലിന്യവുമാണ‌് നീക്കംചെയ്തത‌്.
ജലസംരക്ഷണത്തിനായി ജില്ലയിലെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും നീർത്തട മാസ‌്റ്റർപ്ലാൻ തയ്യാറാക്കി. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ 25 കോടി രൂപ ഉപയോഗിച്ച് ആദി പമ്പ–-വരട്ടാർ നദീ തടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. രണ്ട‌് ലക്ഷം തൊഴിൽദിനം ലഭ്യമാകുന്ന 519 ജലസംരക്ഷണ പ്രവൃത്തികൾ കൃഷിക്ക് ഉപയുക്തമാക്കാൻ 53 കുളങ്ങളുടെ നിർമാണം ആരംഭിച്ചു. ജലസേചനത്തിന് 68 കിണറുകൾ നിർമിച്ചു. 30,000 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചായിരുന്നു കുട്ടമ്പേരൂർ ആറ‌് ജലസമൃദ്ധമാക്കിയത‌്.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമഗ്ര മാലിന്യസംസ്കരണ പദ്ധതിയും മിഷൻ ഏറ്റെടുത്തിട്ടുണ്ട‌്. ആയിരത്തിലധികം സന്നദ്ധപ്രവർത്തകരെ പങ്കെടുപ്പിച്ച‌് ആശുപത്രിയും പരിസരവും ശുചീകരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് അമ്പലപ്പുഴ കാപ്പിത്തോട്, ചന്തിരൂർ പുത്തൻതോട് എന്നിവയും ശുചീകരിക്കും. കാപ്പിത്തോട്ടിലേക്ക‌് എത്തുന്ന മലിനജലം ശുദ്ധീകരിച്ച‌് ഒഴുക്കിവിടുന്ന പദ്ധതിയും നടപ്പാക്കും. പ്രതിദിനം 10 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ലാന്റ‌് മെഡിക്കൽകോളേജ‌് ആശുപത്രിയുമായി ബന്ധപ്പെട്ടാണ‌് സ്ഥാപിക്കുന്നത‌്.
പ്രളയത്തിൽ നശിച്ച നെല്ലും പച്ചക്കറികൃഷിയും വീണ്ടെടുക്കാനുള്ള ദൗത്യത്തിൽ 28342.11 ഹെക്ടർ നെൽകൃഷിയായിരുന്നു 2018–-19ൽ ലക്ഷ്യമിട്ടത‌്. 630 ഹെക്ടറിൽ വിതച്ച കൃഷി 30000 ഹെക്ടറിലേക്ക‌് വ്യാപിച്ചു. തരിശുപാട കൃഷിയും ലക്ഷ്യംകണ്ടു. പ്രളയക്കെടുതിയെ അതിജീവിച്ച‌് 3496 ഹെക്ടറിൽ 52,440 ടൺ പച്ചക്കറിയാണ‌് നിലവിലുള്ള ഉൽപ്പാദനം. മാലിന്യസംസ്കരണത്തിനായി 55 കമ്പോസ്റ്റ് പിറ്റുകൾ നിർമിച്ചു. ജില്ലയിലെ 72 പഞ്ചായത്ത് പ്രദേശങ്ങളിലും ആറ‌് നഗരസഭാ പ്രദേശങ്ങളിലുമായി 684 സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിലുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2UlFvOR
via IFTTT
No comments:
Post a Comment