ആലുവ
മുനമ്പത്തുനിന്ന‌് മത്സ്യബന്ധനബോട്ടിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം വെങ്ങാനൂർ കാടന്നൂർ മേലേപുത്തൂർ വീട്ടിൽ അനിൽകുമാർ, ന്യൂഡൽഹി മദൻഗിർ സി–-1, 203ൽ പ്രഭു എന്ന പ്രഭാകർ, ന്യൂഡൽഹി മദൻഗിർ ബി-–-1, 621 ൽ രവി എന്നിവരെയാണ‌് അറസ‌്റ്റുചെയ‌്തത്. മൂന്ന് പേർക്കുമെതിരെ ഇന്ത്യൻ പാസ്‌പോർട്ട് ആക്ടിലേയും എമിഗ്രേഷൻ ആക്ടിലേയും ഫോറിനേഴ്‌സ് ആക്ടിലേയും വിവിധ വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി.
ഇവർ നേരത്തെ പിടിയിലായിരുന്നു. അനധികൃതമായി പണമിടപാട് നടത്തുകയും എമിഗ്രേഷൻ പാസ്‌പോർട്ട് നിയമങ്ങൾ ലംഘിക്കുകയും ചെയ്‌തെന്ന് തെളിഞ്ഞതോടെ വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുനമ്പം സ്വദേശി ജിബിൻ ആന്റണി എന്നയാൾ ദയാമാത–-2 എന്ന ബോട്ട് വെങ്ങാനൂരിൽ താമസിക്കുന്ന ശ്രീകാന്തൻ, അനിൽകുമാർ എന്നിവർക്കാണ് വിറ്റത്. മനുഷ്യക്കടത്തിന് ആളുകളെ സംഘടിപ്പിച്ചിച്ചവരാണ് രവിയും പ്രഭുവും. മുനമ്പത്തുനിന്ന് ന്യൂസിലാൻഡിലേക്കെന്നുപറഞ്ഞാണ് ജനുവരി 12നു പുലർച്ചെ ബോട്ട് പുറപ്പെട്ടത്. നൂറിലധികം ആളുകളാണ് ബോട്ടിൽ ഉള്ളതെന്നും പൊലീസ‌് പറഞ്ഞു. ന്യൂഡൽഹി അംബേദ്കർ കോളനി നിവാസികളായ പുരുഷൻമാരും സ്ത്രീകളും കുട്ടികളുമാണ് ഇവർ. ഭൂരിഭാഗം പേരും അയൽവാസികളും ബന്ധുക്കളുമാണ്.
ശ്രീകാന്തൻ ശ്രീലങ്കൻ പൗരത്വമുള്ളയാളാണ്. ഇയാളുടെ വീട്ടിൽനിന്ന് ലഭിച്ച നിരവധി ബാങ്ക് പാസ്ബുക്കുകളും അഞ്ച് ശ്രീലങ്കൻ പാസ്‌പോർട്ടുകളും മറ്റ് രേഖകളും പരിശോധിച്ചുവരികയാണ്. ബോട്ടിൽ സഞ്ചരിക്കാൻ ആളെക്കൂട്ടിയ രവി, പ്രഭു, രവീന്ദ്ര എന്നിവർ ഓരോരുത്തരിൽനിന്ന് ഒന്നരലക്ഷം രൂപയാണ് കൈപ്പറ്റിയത്. ബോട്ടിൽ സ്ഥലമില്ലാത്തതുകാരണം ഇരുപതോളം പേർക്ക് കയറാൻ കഴിഞ്ഞില്ല. കേരളത്തിനുപുറമെ തമിഴ്‌നാട്, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ പൊലീസ് നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു.
നടന്നത് അനധികൃത കുടിയേറ്റം: ഐജി
ആലുവ
ബോട്ടിൽ സഞ്ചരിച്ച് മറ്റ്
രാജ്യങ്ങളിലേക്ക‌് അനധികൃതമായി കുടിയേറാൻ
നടത്തിയ ശ്രമമാണ് മുനമ്പത്തു നടന്നതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഇതിന് മനുഷ്യക്കടത്തുമായി ബന്ധമില്ല. ശ്രീലങ്കൻ സ്വദേശിയായ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് പ്രതികൾ. ശ്രീകാന്തിന്റെ എൽടിടിഇ ബന്ധവും പരിശോധിക്കുകയാണ്.
ന്യൂസിലാൻഡാണ് ബോട്ടിൽ സഞ്ചരിക്കുന്നവരുടെ ലക്ഷ്യമെന്ന‌് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ന്യൂസിലാൻഡിൽ എത്തുന്നതിനുമുമ്പ‌് ഇവർ മറ്റെവിടെയെങ്കിലും ഇറങ്ങാനുള്ള സാധ്യതയും തള്ളുന്നില്ല.
ബോട്ട് കണ്ടെത്താനായിട്ടില്ല. ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Ui2D0x
via IFTTT
No comments:
Post a Comment