സംഘർഷങ്ങൾ ആസൂത്രണം ചെയ‌്തും കള്ളങ്ങൾ പ്രചരിപ്പിച്ചും വർഗീയകലാപം വിതച്ച‌് രാഷ‌്ട്രീയലാഭമുണ്ടാക്കുന്ന സംഘപരിവാർ പരീക്ഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. രണ്ട‌് അസ്വാഭാവിക മരണങ്ങളെ ശബരിമല സമരവുമായി ബന്ധപ്പെടുത്തിയുള്ള സംഘപരിവാർ ഹർത്താലുകൾ ഓർമിപ്പിക്കുന്നത‌് ഉത്തരേന്ത്യയിൽ നടപ്പാക്കിയ ആസൂത്രിത കൊലപാതക പരമ്പരകളെ.
ഗോധ‌്‌ര കൂട്ടക്കൊല, മലേഗാവ‌്, മെക്കാ മസ‌്ജിദ‌് സ‌്ഫോടനങ്ങൾ, പശുവിന്റെ പേരിൽ നടത്തിയ കൊലപാതക പരമ്പരകൾ എന്നിവയൊക്കെ സംഘപരിവാർ നുണപ്രചാരണങ്ങളുടെ ഫലമായുണ്ടായതാണ‌്. ഇത്തരത്തിൽ കേരളത്തിലും നിറഞ്ഞാടാനാണ‌് ശ്രമിക്കുന്നതെങ്കിലും ഓരോ സംഭവത്തിലും അവരുടെ തനിനിറം തുറന്നുകാട്ടപ്പെടുകയാണ‌്. നുണക്കഥകൾക്ക‌് എരിവുപകരാൻ ഒരുവിഭാഗം മാധ്യമങ്ങൾ മത്സരിക്കുന്നതും കേരളത്തിന്റെ ദുര്യോഗമാണ‌്.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്കുശേഷം സംഘപരിവാർ തുടരെത്തുടരെ കലാപത്തിന‌് ശ്രമിച്ചതെല്ലാം നുണക്കഥകളുണ്ടാക്കിയാണ‌്. ശബരിമലയിലേക്ക‌് സർക്കാർ യുവതികളെ കൊണ്ടുപോകാൻ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു ആദ്യ നുണ. എന്നാൽ, വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്നല്ലാതെ ഇത്തരമൊരു ഉദ്ദേശ്യവുമില്ലെന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും നുണക്കഥ തുടരുകയാണ‌്.
ഒന്നുപൊളിയുമ്പോൾ മറ്റൊന്ന‌്
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ നിർദേശിച്ചതിനനുസരിച്ച‌് ശബരിമലയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെയും നിരോധനാജ്ഞയുടെയും പേരിലായി അടുത്ത നുണപ്രചാരണം. ഭക്തർക്ക‌് ശബരിമലയിൽ തീർഥാടനം നടത്താൻ പറ്റുന്നില്ലെന്ന‌് വ്യാപകമായി പ്രചരിപ്പിച്ചു. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും പൊളിഞ്ഞു. എക്കാലത്തെയും മികച്ച തീർഥാടനകാലമാണ‌് കടന്നുപോകുന്നതെന്ന‌് ശബരിമലയിലെത്തിയ ഭക്തരും സാക്ഷ്യപ്പെടുത്തി.
പന്തളം സ്വദേശി ശിവദാസൻ മരിച്ചത‌് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ടായിരുന്നു. എന്നാൽ, പൊലീസ‌് മർദനത്തിൽ കൊല്ലപ്പെട്ടതെന്നായിരുന്നു നുണപ്രചാരണം. രാജ്യവ്യാപകമായും ഈ കള്ളക്കഥ പ്രചരിപ്പിച്ചു. പത്തനംതിട്ട ജില്ലയിൽ നവംബർ രണ്ടിന‌് ഹർത്താലും നടത്തി.കെ സുരേന്ദ്രനെ പൊലീസ‌് അറസ്റ്റ‌് ചെയ‌്തപ്പോൾ കാട്ടിക്കൂട്ടിയതും ഈ നുണക്കഥകളുടെ തുടർച്ച. ഇരുമുടിക്കെട്ട‌് സ്വയംവലിച്ച‌് താഴെയിടുകയും പൊലീസ‌് വലിച്ചെറിഞ്ഞതായി പ്രചരിപ്പിക്കുകയും ചെയ്‌തു. സിസി ടിവി ദൃശ്യം പുറത്തുവന്നതോടെ സുരേന്ദ്രന്റെ നീക്കവും പുറത്തായി.
എ എൻ രാധാകൃഷ‌്ണന്റെ നിരാഹാരം ഒത്തുതീർക്കണമെന്ന‌് ആവശ്യപ്പെട്ട‌് നടത്തിയ സെക്രട്ടറിയറ്റ‌് മാർച്ചിന്റെ മറവിൽ തലസ്ഥാനത്ത‌് സംഘപരിവാർ അഴിഞ്ഞാട്ടമായിരുന്നു. ഈ മാർച്ചിൽ പൊലീസിന്റെ ഭാഗത്തുനിന്ന‌് നേരിയ പ്രത്യാക്രമണംപോലും ഉണ്ടായില്ല. എന്നാൽ, ഒരു സ‌്ത്രീയുടെ തല പൊട്ടിയെന്ന നുണക്കഥയുണ്ടാക്കി ഹർത്താൽ നടത്തി. ഈ സ‌്ത്രീക്ക‌് ഒരു പരിക്കും ഉണ്ടായിരുന്നില്ലെന്ന‌് പിന്നീട് വ്യക്തമായി. നുണക്കഥകളിൽ ഒടുവിലത്തേതാണ‌് സെക്രട്ടറിയറ്റ‌് പരിസരത്ത‌് വീണുകിട്ടിയ ആത്മഹത്യ.
മരിച്ച വേണുഗോപാലൻ നായരുടെ മരണമൊഴിയുണ്ട‌്–-കുടുംബപ്രശ‌്നങ്ങളാൽ ജീവിതം അവസാനിപ്പിക്കുന്നുവെന്ന‌്. ഇങ്ങനെയൊരാൾ ജീവനൊടുക്കിയതുപോലും ശബരിമലയിലെ സർക്കാർ നടപടിയിൽ മനംനൊന്താണെന്ന‌് കഥ മെനയുമ്പോൾ ബിജെപി നടത്തുന്നത‌് എത്രത്തോളം നികൃഷ്ട രാഷ‌്ട്രീയമാണെന്ന‌് വ്യക്തമാകും.
from Kerala || Deshabhimani Online News https://ift.tt/2S14HcR
via IFTTT
No comments:
Post a Comment